മണിക്കൂറുകളോളം ഇയർഫോൺ വെക്കുന്ന ശീലമുണ്ടോ? കേൾവി നഷ്ടപ്പെടാതിരിക്കാൻ ഈ '60/60 നിയമം' അറിയാം

യാത്രകളിലും ജോലിസ്ഥലങ്ങളിലും മണിക്കൂറുകളോളം തുടർച്ചയായി ഇയർഫോണുകളും ഹെഡ്‌ഫോണുകളും ഉപയോഗിക്കുന്നവരിൽ കേൾവിക്കുറവ് വ്യാപകമാകുന്നതായി ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ശ്രവണശേഷിക്കുറവ് ഇപ്പോൾ യുവാക്കളിലും കൗമാരക്കാരിലും ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, കേൾവിയെ സംരക്ഷിക്കാൻ ലളിതമായ '60/60 റൂൾ' ശീലമാക്കണമെന്ന് ഇ.എൻ.ടി സ്പെഷ്യലിസ്റ്റുകൾ നിർദ്ദേശിക്കുന്നു.

എന്താണ് 60/60 റൂൾ?

ഫോണിലോ കമ്പ്യൂട്ടറിലോ ഉള്ള പരമാവധി വോളിയത്തിന്റെ 60 ശതമാനത്തിൽ കൂടുതൽ ശബ്ദം വെക്കാതിരിക്കുക, തുടർച്ചയായി പരമാവധി 60 മിനിറ്റിൽ (ഒരു മണിക്കൂർ) കൂടുതൽ ഇയർഫോൺ ഉപയോഗിക്കാതിരിക്കുക എന്നതാണ് ഈ നിയമം. 60 മിനിറ്റ് കേട്ടുകഴിഞ്ഞാൽ കുറഞ്ഞത് 5 മുതൽ 10 മിനിറ്റ് വരെയെങ്കിലും ചെവികൾക്ക് പൂർണ വിശ്രമം നൽകണം. വോളിയം കുറച്ചുവെച്ചാലും തുടർച്ചയായി ചെവിയിലേക്ക് ശബ്ദതരംഗങ്ങൾ എത്തുന്നത് കേൾവി വ്യവസ്ഥയെ തളർത്തുമെന്നതിനാലാണ് കൃത്യമായ ഇടവേളകൾ അനിവാര്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

85 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം ദീർഘനേരം കേൾക്കുന്നത് ആന്തരിക കർണത്തിലെ അതിസൂക്ഷ്മമായ സെൻസറി ഹെയർ സെല്ലുകളെ എന്നെന്നേക്കുമായി നശിപ്പിക്കാൻ ഇടയാക്കും. ഈ കോശങ്ങൾക്ക് സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്നതിനാൽ സംഭവിക്കുന്ന കേൾവി തകരാറുകൾ ശാശ്വതമായിരിക്കും. പുറത്തുനിന്നുള്ള ശബ്ദങ്ങളെ മറികടക്കാൻ വോളിയം കൂട്ടിവെക്കുന്നത് ഒഴിവാക്കാനായി നോയിസ് ക്യാൻസലേഷൻ സൗകര്യമുള്ള ഹെഡ്‌ഫോണുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കൂടാതെ, ഇൻ-ഇയർ ബഡ്ഡുകൾക്ക് പകരം ചെവിക്ക് മുകളിൽ ഇരിക്കുന്ന ഓവർ-ഇയർ ഹെഡ്‌ഫോണുകൾ തിരഞ്ഞെടുക്കുന്നത് അപകടസാധ്യത കുറയ്ക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

ചെവിയിൽ അസാധാരണമായ മൂളിച്ചയോ മുഴക്കമോ അനുഭവപ്പെടുക, ആളുകൾ സംസാരിക്കുന്നത് വ്യക്തമാകാതെ വരിക, സംഭാഷണങ്ങൾ ആവർത്തിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുക, ചെവി അടഞ്ഞിരിക്കുന്നതായി തോന്നുക എന്നിവയെല്ലാം പ്രാരംഭ കേൾവി തകരാറിന്റെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ഇ.എൻ.ടി വിദഗ്ദ്ധന്റെ സഹായം തേടണമെന്നും ഡോക്ടർമാർ ഓർമിപ്പിക്കുന്നു.

Tags:    
News Summary - Wearing Earphones for Long Hours? Follow the 60/60 Rule to Prevent Permanent Hearing Loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.