ഷാർജയിൽ നിന്ന്​ മാലിന്യം ശേഖരിക്കുന്ന ബീഅ ജീവനക്കാരൻ

പരിസ്ഥിതിക്കായി കൈകോർക്കാം

എവിടെയെങ്കിലും മാലിന്യം തള്ളുകയെന്നതല്ല യു.എ.ഇയുടെ ശൈലി. കൃത്യമായ പദ്ധതിയോടെ പുനരുപയോഗം ചെയ്യാവുന്ന രീതിയിൽ

മാറ്റുകയാണ്​ മാലിന്യങ്ങൾ. പുനരുപയോഗം ചെയ്യുന്നതിനായി മാലിന്യം​ നിക്ഷേപിക്കാവുന്ന സ്​ഥലങ്ങൾ പരിചയപ്പെടാം


ദുബൈയിൽ റിസൈക്ലിങ്​   സ്​റ്റേഷനുകൾ

പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ശേഖരിക്കാൻ അടുത്തിടെയാണ്​ പുതിയ കലക്ഷൻ സെന്‍റർ ദുബൈ മുനിസിപ്പാലിറ്റി സ്ഥാപിച്ചത്​. പരിസ്ഥിതിക്ക്​ അനുയോജ്യമായ കാർഗോ ഷിപ്പിങ്​ കണ്ടെയ്​നറുകൾ ഉപയോഗിച്ചാണ്​ നിർമാണം. ദുബൈയിലെ മാലിന്യം കുറക്കുക, മാലിന്യം വേർതിരിക്കുന്ന സംസ്കാരം പ്രോൽസാഹിപ്പിക്കുക, പുനരുപയോഗ നിരക്ക്​ ഉയർത്തുക, ഇതുവഴി പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നിവയാണ്​ ലക്ഷ്യമിടുന്നത്​. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം ​ശേഖരണ കേന്ദ്രങ്ങൾ തുറക്കും.

24 മണിക്കൂറും കേന്ദ്രം പ്രവർത്തിക്കും. നിശ്​ചയദാർഡ്യ വിഭാഗക്കാർക്കും ഉപയോഗിക്കാവുന്ന രീതിയിലാണ്​ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്​. വാഹനങ്ങളിൽ ഇരുന്ന്​ തന്നെ മാലിന്യം നിക്ഷേപിക്കാം. പഴയതും ഉപയോഗ ശൂന്യവുമായ 40 ക്യുബിക്​ മീറ്റർ ശേഷിയുള്ള കാർഗോ ഷിപ്പിങ്​ കണ്ടെയ്​നറാണ്​ നിർമാണത്തിനായി ഉപയോഗിക്കുന്നത്​. റിസൈക്ലിങ്​ സെന്‍ററിന്‍റെ ശേഷി ഒരു ടൺ ആണ്​. വിവിധ തരം വസ്തുക്കൾ വിവിധ ബോക്സുകളിലാണ്​ നിക്ഷേപിക്കേണ്ടത്​. പേപ്പർ, കാർട്ടൺ, പ്ലാസ്റ്റിക്, ലോഹങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ബാറ്ററികൾ എന്നിവ ശേഖരിക്കാൻ വ്യത്യസ്തങ്ങളായ ബിന്നുകളുണ്ട്​. ശേഖരിച്ച വസ്തുക്കളുടെ അളവ് നോക്കാനും വലുപ്പം അളക്കാനും കേന്ദ്രത്തിലെ എല്ലാ കണ്ടെയ്‌നറുകളിലേക്കും റിമോട്ട് സെൻസറുകൾ ബന്ധിപ്പിച്ചിരിക്കുന്നു. സൗരോർജത്താലാണ്​ ഇത്​ പ്രവർത്തിക്കുന്നത്​.

ദുബൈയിൽ ഓരോ ദിവസവും താമസ സ്​ഥലങ്ങളിലും ഫ്ലാറ്റുകളിലുമെത്തി മുനിസിപ്പാലിറ്റി മാലിന്യം ശേഖരിക്കുന്നുണ്ട്​. ഇതിന്​ പുറമെ, ദുബൈയുടെ വിവിധ ഭാഗങ്ങളിലായി 13 സ്​ഥലങ്ങളിൽ റിസൈക്ലിങ്​ സ്​റ്റേഷനുകൾ സ്​ഥാപിച്ചിട്ടുണ്ട്​. കഴിയുന്നവർ ഈ റിസൈക്ലിങ്​ സ്​റ്റേഷനുകളിൽ മാലിന്യം വേർതിരിച്ച്​ എത്തിക്കുന്നതായിരിക്കും നല്ലത്​. https://www.dm.gov.ae/building_and_locations/recycling-centres എന്ന ലിങ്ക്​ വഴി നിങ്ങളുടെ ഏറ്റവും അടുത്ത റി സൈക്ലിങ്​ സ്​റ്റേഷൻ കണ്ടെത്താനാകും. ഹത്തയിലെത്തുന്ന വിനോദ സഞ്ചാരികളുടെ മാലിന്യം ശേഖരിക്കുന്നതിനായി ഇവിടെയും റി സൈക്ലിങ്​ സ്​റ്റേഷനുണ്ട്​. റി സൈക്ലിങ്​ സെൻററുകളിൽ 18 തരം മാലിന്യങ്ങൾ വേർതിരിച്ച്​ നിക്ഷേപിക്കാൻ സൗകര്യമുണ്ട്​, പേപ്പർ, കാർഡ്​ബോർഡ്​, പ്ലാസ്​റ്റിക്​, മെറ്റൽ, ഗ്ലാസ്​, വസ്​ത്രം, റബർ, ലെതർ, തടി, ഇലക്​ട്രോണിക്​ വേസ്​റ്റ്​, ബാറ്ററി തുടങ്ങിയവ വേർതിരിച്ച്​ നിക്ഷേപിക്കാം.

ഇതിന്​ പുറമെ, മാളുകളിലും റോഡരികുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലുമെല്ലാം പ്ലാസ്​​റ്റിക്​ വേസ്​റ്റുകളും പേപ്പർ വേസ്​റ്റുകളുമെല്ലാം വേർതിരിച്ച്​ നിക്ഷേപിക്കാൻ ബിന്നുകൾ വെച്ചിട്ടുണ്ട്​. എന്നാൽ, പലരും ഇവ ശ്രദ്ധിക്കാതെ എല്ലാ വേസ്​റ്റുകളും ഒരിടത്തു തട്ടുന്നതാണ്​ പതിവ്​. ഇത്​ ഒഴിവാക്കി ഓരോ ബിന്നുകളിലും വേർതിരിച്ച്​ മാലിന്യം നിക്ഷേപിക്കാൻ ശ്രദ്ധിക്കണം. ഒരുപക്ഷെ, നിങ്ങളിടുന്ന ഒരു മാലിന്യമാകാം ആ ബിന്നിലെ മറ്റ്​ മാലിന്യങ്ങളെ പൂർണമായും നശിപ്പിക്കുന്നത്​. മറ്റ്​ മാലിന്യങ്ങൾക്കിടയിൽ ഒരു പ്ലാസ്​റ്റി​ക്​ ബോട്ടിലോ കാനോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആ ബിന്നിലെ മാലിന്യങ്ങൾ റീ സൈക്കിൾ ചെയ്യാൻ കഴിയില്ല. ഇത്​ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കൊണ്ടുപോയി തള്ളേണ്ടി വരും.

ഈ മാലിന്യങ്ങൾ റി സൈക്ലിങ്​ ​സെൻററുകളിൽ എത്തിക്കാൻ നിങ്ങൾക്ക്​ സമയമില്ലെങ്കിൽ മറ്റൊരു മാർഗം കൂടിയുണ്ട്​. ഗ്രീൻ ട്രക്ക്​ എന്ന സ്​ഥാപനം വഴി മാസം 120 ദിർഹം കൊടുത്താൽ അവർ വീട്ടുപടിക്കലെത്തി മാലിന്യം ശേഖരിച്ച്​ റിസൈക്ലിങ്​ സെൻററുകളിൽ എത്തിക്കും.


ദുബൈ മുനിസിപ്പാലിറ്റിയുടെ റിസൈക്ലിങ്​ മാലിന്യ ശേഖരണ കേന്ദ്രം


അബൂദബിയിൽ തൗദീർ

അബൂദബിയുടെ വേസ്​റ്റ്​ മാനേജ്​മെൻറ്​ സെൻററായ തൗദീറാണ്​ ഇവിടെ പരിസ്​ഥിതി സംരക്ഷണ​ സേവനങ്ങൾ ഒരുക്കുന്നത്​. ഇവരുടെ കീഴിൽ അബൂദബിയിൽ 15 റി സൈക്ലിങ്​ കേന്ദ്രങ്ങളുണ്ട്​. ഖാലിദിയ പാർക്കിൽ അടക്കം വിവിധ നിറങ്ങളിൽ ഇവ കാണാം. ഗ്ലാസ്​, പേപ്പർ, കാൻ, ബോട്ട്​ൽ, മൊബൈൽ ഫോൺ, തടി, കാർഡ്​ ബോർഡ്​, ബാറ്ററി, മെല്ല, കോട്ടൺ തുടങ്ങിയവയെല്ലാം വേർതിരിച്ച്​ നിക്ഷേപിക്കാം. ഇവിടെ എത്തിക്കാൻ കഴിയാത്തവർക്കായി റീ കാപ്പ്​ (Recapp) എന്ന പേരിൽ സേവനം നൽകുന്നുണ്ട്​. ഈ ആപ്പ്​ ഡൗൺലോഡ്​ ചെയ്ത്​ ഇവരുടെ സേവനം തേടാം. സൗജന്യമായി ഇവർ താമസ സ്​ഥലങ്ങളിലെത്തി മാലിന്യം ശേഖരിക്കും. എന്നാൽ, നിലവിൽ അവർ പേപ്പർ, കാർഡ്​ബോർഡ്​, ഗ്ലാസ്​ എന്നിവ സ്വീകരിക്കുന്നില്ല. കഴിഞ്ഞ നവംബറിൽ പ്രവർത്തനം തുടങ്ങിയ ശേഷം 2000 കിലോ പ്ലാസ്​റ്റിക്​ ബോട്ടിലുകളും മെറ്റൽ കാനുകളുമാണ്​ ഇവർ ശേഖരിച്ചത്​. റി സൈക്​ൾ ചെയ്യാവുന്ന മാലിന്യത്തി​െൻറ അളവനുസരിച്ച്​ ആപ്പിൽ പോയൻറുകൾ നൽകും. നിശ്​ചിത പോയൻറ്​ നേടുന്നവർക്ക്​ സമ്മാനങ്ങളും നൽകുന്നുണ്ട്​.


അബൂദബിയിൽ തദ്​വീറിന്‍റെ മാലിന്യ ശേഖരണ കേന്ദ്രം


മാലിന്യത്തിൽനിന്ന്​ വൈദ്യുതിയുമായി ഷാർജ

മാലിന്യത്തിൽ നിന്ന് വൈദ്യതി ഉൽപാദിപ്പിക്കുന്ന മിഡിലീസ്റ്റിലെ ആദ്യപ്ലാന്‍റാണ്​ കഴിഞ്ഞ ദിവസം ഷാർജയിൽ തുറന്നത്​. ഗൾഫിലെ ആദ്യ മാലിന്യശൂന്യ നഗരമാകാനുള്ള തയാറെടുപ്പിലാണ്​ ഷാർജ. വേസ്റ്റ് മാനേജ്മെന്‍റ് കമ്പനിയായ ബിആയും പാരമ്പര്യേതര ഊർജരംഗത്തെ മസ്ദാറും ചേർന്നാണ് പ്ലാന്‍റ് നിർമിച്ചത്. 300,000 ടൺ മാലിന്യം പ്ലാന്‍റിലേക്ക് വർഷം ഉപയോഗിക്കാൻ കഴിയും. നിലവിൽ ഭൂമി നികത്താനും മറ്റും ഉപയോഗിക്കുന്ന മാലിന്യമാണ് ഇനി വൈദ്യുതിയായി മാറുക. പ്ലാന്‍റിന് 30 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. ഷാർജയില്‍ 28,000 വീടുകൾക്ക് ഈ വൈദ്യുതി ഉപയോഗപ്പെടുത്താനും കഴിയും.

മാലിന്യ നീക്കവും പുനരുപയോഗവും ഏറ്റവും നന്നായി ചെയ്യുന്ന എമിറേറ്റുകളിൽ ഒന്നാണ്​ ഷാർജ. സർക്കാർ- സ്വകാര്യ സംയുക്​ത ഏജൻസിയായും പരിസ്​ഥിതി മാനേജ്​മെൻറ്​ സ്​ഥാപനവുമായ ബീഅയാണ്​ ഇതിന്​ മുൻകൈയെടുക്കുന്നത്​. എമിറേറ്റിലെ മുനിസിപ്പൽ മാലിന്യങ്ങളിൽ 84 ശതമാനവും ശേഖരിക്കുകയും ഇതിൽ നല്ലൊരു ഭാഗം പുനരുപയോഗം ചെയ്യാവുന്ന രീതിയിലേക്ക്​ മാറ്റുകയും ചെയ്യുന്നുണ്ട്​. താമസക്കാർക്ക്​ നേരിട്ട റിസൈക്ലിങ്​ സെൻററുകളിൽ എത്തിക്കാം. സ്​മാർട്ട്​ സിസ്​റ്റത്തിലൂടെയാണ്​ പ്രവർത്തനം. ബിന്നുകൾ നിറഞ്ഞാൽ ഉടൻ കൺട്രോൾ റൂമിൽ വിവരം എത്തും. സൗരോർജത്തിലാണ്​ പ്രവർത്തനം. ഷാർജക്ക്​ പുറമെ ദുബൈ എയർപോർട്ട്​, ദുബൈ മറീന വാക്​, മറീന മാൾ, മസ്​ദർ സിറ്റി, അബൂദബി മാൾ എന്നിവിടങ്ങളിലും ബീഅയുടെ റീസൈക്ലിങ്​ പൊയൻറുകൾ കാണാം.

ഉപയോഗിച്ച പാചക എണ്ണ റീസൈക്ലിങ് ചെയ്യുന്ന നൂതന സംവിധാനവും ബീഅയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്​. വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന പാചക എണ്ണ മാലിന്യചാലുകളിൽ ഒഴിക്കാറുണ്ട്. ഇത് പ്ലംബിങ് സംവിധാനങ്ങളെ തടസ്സപ്പെടുത്തുന്നതിനാൽ മുനിസിപ്പാലിറ്റികൾക്കും മലിനജല സംസ്കരണ കമ്പനികൾക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്​ടിക്കാറുണ്ട്​. പുതിയ സേവനത്തിലൂടെ, ഉപയോഗിച്ച പാചക എണ്ണയെ ബയോഡീസലാക്കി മാറ്റും. നഗരസഭയുടെ വാഹനങ്ങൾക്ക് ഇന്ധനമായി ഈ ഡീസലാണ് നൽകുക. ഉപയോഗിച്ച പാചക എണ്ണ സംസ്‌കരിക്കുന്നതിനുള്ള സാധാരണ രീതി പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത്​ തടയാൻ കൂടി ലക്ഷ്യമിട്ടാണ്​ നടപടി. കമ്പനി നൽകുന്ന പ്രത്യേക കുപ്പികളിൽ ആളുകൾക്ക് എണ്ണ നിക്ഷേപിച്ച്​ കലക്ഷ​ൻ മെഷീനിൽ നിക്ഷേപിക്കാം. 826333 എന്ന നമ്പറിൽ വിളിച്ചാൽ കുപ്പി ലഭിക്കും. ഷാർജയിലെ ഓരോ മേഖലയിലും മെഷീൻ സ്​ഥാപിക്കും. എണ്ണ നിറച്ച ഒരു കുപ്പി മെഷീനിലേക്ക്​ നിക്ഷേപിക്കു​മ്പോൾ അടുത്ത കാലിക്കുപ്പി ലഭിക്കും. ഈ കുപ്പിയിൽ എണ്ണ നിറച്ച്​ വീണ്ടും നിക്ഷേപിക്കാൻ കഴിയും.

ഇ-വേസ്റ്റുകൾ

മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉൾപെടെ ഇ വേസ്റ്റുകൾ ശേഖരിക്കുന്നവരുണ്ട്​. മദീനത്ത്​ റീസൈക്കിളാണ്​ (madenatrecycling.ae) ഇതിൽ പ്രമുഖർ. മൊബൈലിനും കമ്പ്യൂട്ടറുകൾക്കും പുറമെ വാഷിങ്​ മെഷീൻ, ബാറ്ററി, വയറുകൾ, ലാംപ്​, ബൾബ്​ തുടങ്ങിയവയെല്ലാം ഇവർ ഏറ്റെടുക്കുകുയും പുനരുപയോഗം ചെയ്യാവുന്ന രീതിയിലേക്ക്​ മാറ്റുകയും ചെയ്യും. +971 4 3271778 എന്ന നമ്പറിൽ വിളിച്ചാൽ ഇവരുടെ സേവനം ലഭിക്കും. എൻവ​യർ സെർവും ഈ സേവനം നടപ്പാക്കുന്ന സ്ഥാപനമാണ്​. enviroserve.org എന്ന വെബ്​സൈറ്റ്​ വഴി ഇവരുടെ സേവനം തേടാം. 2019ൽ ഇവർ ലോകത്തിലെ ഏറ്റവും വലിയ ഇ​-വേസ്റ്റ്​ റിസൈക്ലിങ്​ സംവിധാനം ഇൻഡസ്​ട്രിയൽ പാർക്കിൽ തുറന്നിരുന്നു. 

Tags:    
News Summary - world environment day; join hands for the Environment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.