റാസൽഖൈമയിലെ കടയിൽ വിഷുവിനെത്തിയ പച്ചക്കറികൾ

വിഷു ഇത്തവണ കെങ്കേമം

റാസല്‍ഖൈമ: റമദാന്‍ തിളക്കത്തിലേക്ക് കാര്‍ഷികോത്സവമായ വിഷുവും സത്യത്തിനൊപ്പം നിലകൊള്ളണമെന്ന പാഠമുദ്ഘോഷിച്ച് ഈസ്റ്ററും വിരുന്നെത്തിയതോടെ ഗള്‍ഫ് മലയാളികളുടെ പുറംവാസം ആഹ്ലാദനിറവില്‍. കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ ഇനി 'വിഷു-ഈസ്റ്റര്‍-റമദാന്‍' സംഗമം എന്ന രീതിയിലേക്ക് മാറും. കേരളത്തനിമ വിടാതെ വിഷു ആഘോഷിക്കുന്നതിന് വിപണിയും ആഴ്ചകള്‍ക്ക് മുമ്പേ ഒരുങ്ങിയിരുന്നു. താമസസ്ഥലങ്ങളില്‍ കണ്ണനെ കണികണ്ടുണരുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മലയാളികള്‍ ഉറക്കിലേക്ക് വീണത്. വാരാന്ത്യ അവധി ദിനത്തിലാണ് വിഷുവിന്‍റെ വരവെന്നത് ഇരട്ടി സന്തോഷം നല്‍കുന്നത്. മഹാമാരിയുടെ ഭയാനകത മാറിയ ഘട്ടത്തിലെ ആദ്യ വിഷുവിനെ കെങ്കേമമായി ആഘോഷിക്കാനുള്ള ആവേശത്തിലാണ് മലയാളികള്‍. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന ചടങ്ങുകള്‍ ഒരുക്കിയാണ് ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. ഞായറാഴ്ച നടക്കുന്ന ഉയിര്‍പ്പ് പെരുന്നാളിന് മുന്നോടിയായി ചര്‍ച്ചുകളില്‍ പ്രഭാത-സായാഹ്ന പ്രാര്‍ഥനകള്‍, കുര്‍ബാന, ഹോശാന സര്‍വിസ്, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കുന്നുണ്ട്. പെസഹ വ്യാഴമായ ഇന്നലെ പ്രത്യേക ചടങ്ങുകള്‍ നടന്നു. ദു$ഖവെള്ളി, ദു$ഖശനി ദിവസങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.

മസ്ജിദുകളിലും താമസസ്ഥലങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള സ്ഥലങ്ങളിലും നൂറുകണക്കിന് വിശ്വാസികളാണ് റമദാനിലെ പ്രത്യേക പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നത്. റമദാനോടനുബന്ധിച്ച് പബ്ലിക് വര്‍ക്സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ 600 നൂതന ലൈറ്റ് ഫോര്‍മേഷനുകളില്‍ ഒരുക്കിയിട്ടുള്ള വൈദ്യുതി ദീപാലങ്കാരങ്ങള്‍ രാവുകളിലെ ആകര്‍ഷണമാണ്. പ്രധാന റൗണ്ടെബൗട്ടുകള്‍ക്കും തെരുവുകള്‍ക്കും പുറമെ ഖത്ത്, റംസ്, മ്യാരീദ്, ശാം, ശമല്‍ തുടങ്ങിയ പത്ത് പുതിയ സ്ഥലങ്ങളില്‍കൂടി ഇക്കുറി വൈദ്യുതി ദീപങ്ങളാല്‍ അലംകൃതമാണ്.

റാക് ജസീറ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഞായറാഴ്ച പുലര്‍ച്ച 4.30ന് പ്രഭാത പ്രാര്‍ഥനയും ഹോളി കുര്‍ബാനയും നടക്കും. സെന്‍റ് ലൂക്ക്സ്, സെന്‍റ് ആന്‍റണീസ് പാദുവ കാത്തലിക്, സെന്‍റ് തോമസ് മാര്‍ത്തോമ, സെന്‍റ് ഗ്രിഗോറിയോസ് ജേക്കബൈറ്റ് സുറിയാനി ഓര്‍ത്തഡോക്സ്, ഇവാഞ്ചിലിക്കല്‍, സെവന്‍ത് ഡേ അഡ്വെറിസ്റ്റ് ചര്‍ച്ചുകളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് മലയാളികളും വിദേശികളുമായ വൈദികര്‍ നേതൃത്വം നല്‍കും.

Tags:    
News Summary - Vishu celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.