അൽെഎൻ: ഉംറ വിസ ലഭിക്കുന്നതിന് വിവിധ ഘട്ടങ്ങളിൽ ഏർപ്പെടുത്തിയ നിബന്ധനകൾ ഉംറ തീർഥാടകർക്കും ഗ്രൂപ്പുകൾക്കും പ്രയാസമാകുന്നു.
താരതമ്യേന കുറഞ്ഞ ചെലവിൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ ഉംറ ചെയ്തിരുന്ന പ്രവാസികൾക്കാണ് പുതിയ നിബന്ധനകൾ ബുദ്ധിമുട്ടാകുന്നത്.
ഉംറ വിസ ലഭിക്കാൻ ‘വി.എഫ്.എസ് തസ്ഹീൽ’ എന്ന സൗദി വിസ സർവീസ് സെൻററിൽ പോയി വിരലടയാളം നൽകണമെന്ന നിബന്ധന 2017ലാണ് പ്രാബല്യത്തിലായത്.
അൽെഎനിലുള്ളവർക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അൽെഎനിലുള്ളവർ അബൂദബി മിന സെൻററിലെ വി.എഫ്.എസ് തസ്ഹീൽ സെൻററിലെത്തിയാണ് വിരലടയാളം നൽകേണ്ടത്. സെൻററുകൾക്ക് വെള്ളി, ശനി ദിവസങ്ങൾ അവധി ആയതിനാലും പല തസ്ഹീൽ സെൻററുകളുടെയും പ്രവർത്തന സമയം രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെ ആയതിനാലും ജോലി അവധിയെടുത്ത് പോകേണ്ട സ്ഥിതിയാണ്. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും വിരലടയാളം നൽകൽ നിർബന്ധമായതിനാൽ കുടുംബങ്ങളും പ്രയാസം അനുഭവിക്കുകയാണ്.
യു.എ.ഇയിലെ താമസക്കാരുടെ ബയോമെട്രിക് വിവരങ്ങൾ എമിറേറ്റ്സ് െഎഡിയിൽനിന്ന് എടുക്കാവുന്നതേയുള്ളൂ എന്നാണ് ട്രാവൽസ് രംഗത്തുള്ളവർ പറയുന്നത്.
നേരത്തെ ഉംറ വിസ അപേക്ഷയോടൊപ്പം എമിറേറ്റ്സ് െഎഡി മതിയായിരുന്നു.വർഷത്തിൽ ഒന്നിൽ കൂടുതൽ ഉംറ ചെയ്യുന്നവർ 2000 ദിർഹം പിഴ നൽകണമെന്ന നിബന്ധന ഉംറ ഗ്രൂപ്പുകൾക്കും ട്രാവൽ ഏജൻസികൾക്കുമാണ് ഏറെ പ്രയാസം ഉണ്ടാക്കുന്നത്. ഉംറ ഗ്രൂപ്പുകളിൽ യാത്രാ അമീറുമാരായി പോകുന്നവർക്കാണ് ഇൗ നിയമം കൂടുതൽ പ്രയാസകരമായത്. അതേസമയം, സൗദി സർക്കാറിെൻറ അംഗീകാരമുള്ള ഹംലകൾക്ക് മൂന്നുപേരെ വർഷത്തിൽ എത്രതവണ വേണമെങ്കിലും കൊണ്ടുപോകാൻ അനുവാദമുണ്ട്.
അബൂദബി എമിറേറ്റിലുള്ളവർക്ക് ഉംറവിസക്ക് അപേക്ഷിക്കാൻ തൊഴിലുടമയിൽനിന്ന് എൻ.ഒ.സി ആവശ്യമില്ല. എന്നാൽ, ദുബൈ, ഷാർജ തുടങ്ങിയ എമിറേറ്റുകളിൽ എൻ.ഒ.സി നിർബന്ധമാണ്. ഷാർജ ദുബൈ എമിറേറ്റുകളിലുള്ളവർക്ക് നേരത്തെ സ്വകാര്യ ആശുപത്രികളിൽനിന്ന് പ്രതിരോധ കുത്തിവെപ്പെടുക്കാമായിരുന്നെങ്കിലും ഇപ്പോൾ സർക്കാർ ആശുപത്രികളിൽനിന്ന് മാത്രമേ എടുക്കാൻ പാടുള്ളൂ. അബൂദബി എമിറേറ്റിൽ ഇൻഷുറൻസ് കാർഡുള്ളവർക്ക് കുത്തിവെപ്പ് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.