അബൂദബി: യു.എ.ഇയുടെ പുതിയ ബജറ്റ് എയർലൈൻ ‘എയർ അറേബ്യ അബൂദബി’14ന് സർവിസ് ആരംഭിക്കും. അബൂദബിയിൽനിന്ന് ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്കാണ് പ്രഥമ സർവിസ്. അടുത്ത ദിവസം സോഹാഗിലേക്കും സർവിസ് നടത്തും. ഉപയോക്താക്കൾക്ക് എയർ അറേബ്യയുടെ വെബ്സൈറ്റിൽ നേരിട്ട് ബുക് ചെയ്യാം. കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സമീപ ഭാവിയിൽ വിമാനം പറക്കും. കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്നവർക്ക് അബൂദബിയിൽനിന്നുള്ള പ്രഥമ ബജറ്റ് എയർലൈൻ ഏറെ പ്രയോജനകരമാവും. യു.എ.ഇ തലസ്ഥാന നഗരിയിലെ ആദ്യത്തെ കുറഞ്ഞ നിരക്കിലുള്ള വ്യോമയാന കമ്പനിയാണ് എയർ അറേബ്യ അബൂദബി. ബജറ്റ് എയർലൈൻ പദ്ധതി യാഥാർഥ്യമാവുന്നതിൽ അഭിമാനിക്കുന്നതായി ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ് സി.ഇ.ഒ ടോണി ഡഗ്ലസ് അറിയിച്ചു.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കി എയർബസ് എ 320 വിമാനങ്ങളാണ് ബജറ്റ് എയർലൈൻ സേവനത്തിനായി വിന്യസിക്കുക. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്നത് കൂടുതൽ യാത്രക്കാരെ അബൂദബി എമിറേറ്റിലേക്ക് ആകർഷിക്കാനാകും.
കോവിഡ് മൂലം വ്യോമയാന മേഖല വെല്ലുവിളികൾ നേരിടുമ്പോഴും വിമാനസർവിസ് ആരംഭിക്കാനായത് യു.എ.ഇ വ്യോമയാന മേഖലയുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് എയർ അറേബ്യ ഗ്രൂപ് സി.ഇ.ഒ ആദിൽ അൽ അലി ചൂണ്ടിക്കാട്ടി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അലക്സാണ്ട്രിയ ബോർഗ് അൽ അറബ് വിമാനത്താവളത്തിലേക്ക് സർവിസ് നടത്തുന്നത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.