അബൂദബി: അബൂദബിയിലെ ആദ്യ ഒാട്ടിസം സെൻററുകളിലൊന്ന് ജൂണിൽ അടച്ചുപൂട്ടുന്നു. സെൻറർ അടച്ചുപൂട്ടുന്നത് രക്ഷിതാക്കളെയും കുട്ടികളെയും ആശങ്കയിലാക്കുകയാണ്. 2005 മുതൽ അബൂദബി അൽ ബതീനിൽ പ്രവർത്തിച്ചുവരുന്ന ഒാട്ടിസം സെൻററാണ് അടച്ചുപൂട്ടുന്നത്.
ജൂൺ 22ഒാടെ സെൻറർ പൂട്ടുമെന്ന് ഇവിടെ പഠിക്കുന്ന 45 വിദ്യാർഥികളുടെയും രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. സെൻറർ പൂട്ടുന്നതോടെ 40 ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യും.
വ്യക്തിപരവും സാമ്പത്തികപരവുമായ കാരണങ്ങളാലാണ് സെൻറർ പ്രവർത്തനം നിർത്തുന്നതെന്ന് ഉടമ പറയുന്നു. രണ്ട് വർഷമായി കേന്ദ്രം പൂട്ടുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും ഒറ്റ രാത്രി കൊണ്ടുള്ള തീരുമാനമല്ലെന്നും ഉടമ മറിയം ആൽ മസൂറി പറഞ്ഞു. കേന്ദ്രം പൂട്ടാൻ നിരവധി കാരണങ്ങളുണ്ടെങ്കിലും തെൻറ ഒാട്ടിസം ബാധിതനായ 23കാരനായ മകെൻറ കൂടെ സമയം ചെലവിടുക എന്ന ഉദ്ദേശ്യമാണ് പ്രധാന കാരണമെന്ന് മറിയം ആൽ മസൂറി വ്യക്തമാക്കി. സെൻററിലുള്ള സൗകര്യങ്ങൾ മതിയാവാത്ത വിധം അവൻ വളർന്നിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയും പൂട്ടാനുള്ള കാരണമാണ്. മറ്റു പല വ്യക്തപരമായ കാരണങ്ങളും പൂട്ടലിന് പിന്നിലുണ്ടെന്നും അവർ പറയുന്നു.
ഒാട്ടിസം ബാധിതനായ സ്വന്തം കുഞ്ഞിനും മറ്റു ഒാട്ടിസം ബാധിതർക്കും ആവശ്യമായ സൗകര്യങ്ങളുള്ള കേന്ദ്രങ്ങൾ അബൂദബിയിലില്ലാത്തതിനാലാണ് 13 വർഷം മുമ്പ് കേന്ദ്രം ആരംഭിച്ചതെന്നും മറിയം ആൽ മൻസൂറി പറഞ്ഞു.
സെൻറർ പ്രവർത്തിപ്പിക്കാൻ ഒാരോ വർഷവും രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷം ദിർഹം വരെ ചെലവ് വരുന്നുണ്ട്. ഇൗ വർഷമുള്ള 45 കുട്ടികളിൽ കുറഞ്ഞത് 12 പേർക്കെങ്കിലും ഫീസ് നൽകാനാവുന്ന സാമ്പത്തിക ശേഷിയില്ലെന്നും സെൻറർ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.