മനം കുളിരണിയിക്കുന്ന മദ്ഹ; യു.എ.ഇക്കകത്തെ ഒമാന്‍

ഉമ്മുല്‍ഖുവൈന്‍: ഫുജൈറ- ഖോര്‍ഫക്കാന്‍ റോഡില്‍ ഏകദേശം 15 കി.മീ. ദൂരം പിന്നിടുമ്പോള്‍ ഇടത് വശത്തേക്കുള്ള യുടേണില്‍ നിന്ന് 50 മീറ്റര്‍ പിന്നിടുമ്പോള്‍ ഒമാനിലേക്ക് സ്വാഗതമോതുന്ന ഒരു ബോര്‍ഡ് കാണാം. ഇവിടം പിന്നിടുന്നതോടെ യു.എ.ഇ ഫോണ്‍ ബന്ധം അവസാനിക്കുകയും ഒമാന്‍െറ റോമിങ് നെറ്റ് വര്‍ക്കിലേക്ക് മാറിയതായും മൊബൈല്‍ സന്ദേശം ലഭിക്കും. ഇത് മദ്ഹ. യു.എ.ഇയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒമാന്‍ പ്രദേശം. ഒമാന്‍െ ഇതര പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി വിസയോ മറ്റു പ്രവേശാനുമതിയോ ഇല്ലാതെ തന്നെ യു.എ.ഇ നിവാസികള്‍ക്ക് എളുപ്പമത്തൊവുന്ന സ്ഥലം.
 75 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 3000 പേര്‍ നിവസിക്കുന്ന മലകളും അളങ്ങളും ചേര്‍ന്നിണങ്ങിയ ഇടമാണിത്. ആധുനിക യു.എ.ഇയുടേയും ഒമാന്‍െറയും ജീവിത ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് മദ്ഹാക്കാരുടെ ജീവിതം. തനി ഗ്രാമീണതയാണ് മദ്ഹയുടെ പ്രത്യേകത. വീടുകളുടെ നിര്‍മ്മാണവും റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ചെറിയ പുരയിടങ്ങളും ഒരു കൊച്ചു കേരളത്തിന് സമാനമാണ്.
ഫലഭൂയിഷ്ഠമായ മണ്ണ് ആയതിനാല്‍ ഇവിടത്തുകാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി കൃഷികള്‍ നടത്തിപ്പോരുന്നുണ്ട്. കാലികളേയും വളര്‍ത്തുന്നു. ധാരാളം മാവുകള്‍ ഇവിടങ്ങളില്‍ കാണാം. എന്നാല്‍ കഴിഞ്ഞ വര്‍ഷം മഴ വളരെ കുറവായിരുന്നു. ഉണ്ണിമാങ്ങയുടെ കാലമാണെങ്കിലും കാലാവസ്ഥാ വ്യതിയാനം മാവുകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
അല്‍സഅദി, മദ്ഹാനി, ഹമീദി എന്നീ മൂന്ന് ഗോത്രങ്ങളാണ് ഇവിടെയുള്ളത്. മദ്ഹായോട് ചേര്‍ന്നുള്ള ഹിജ്ര് ബനീ ഹമീദ് ഒമാന്‍െറയും അല്‍നഹ്വ ഷാര്‍ജയുടേയും ഭാഗങ്ങളാണ്. ശരിയ്യ, ഗൂന, സ്വാറൂജ് എന്നീ പ്രധാന മൂന്ന് സ്ഥലങ്ങളുള്‍പ്പെടെ മദ്ഹായില്‍ ഇരുപതോളം ചെറുതും വലുതുമായ പള്ളികളാണ് ഉള്ളതെന്ന് മസ്ജിദ് ശരിയ്യയിലെ ഇമാം യഅകൂബ് അലി അല്‍സഅദി പറഞ്ഞു. സ്വാറൂജിലും സ്വഹ്നയിലും ഒമാനികളായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഓരോ സ്കൂളുകളാണ് ഉള്ളത്. തങ്ങളുടെ അവശ്യ വസ്തുക്കള്‍ക്കായി ഫുജൈറയേയും മറ്റു സമീപ പട്ടണങ്ങളേയുമാണ് ഇവിടുത്തുകാര്‍ ആശ്രയിക്കുന്നത്.
മദ്ഹായുടെ പ്രവേശന കവാടത്തിനടുത്ത് ഒമാന്‍െറ നിയന്ത്രണത്തിലുള്ള ഒരു ഇന്ധന സ്റ്റേഷന്‍ കാണാം. മദ്ഹയില്‍ അടുത്തടുത്തായി നിര്‍മ്മിക്കപ്പെട്ട ചെറിയ മസ്ജിദുകള്‍ എളിമയും ഗ്രാമീണത്തനിമയും പ്രതിഫലിപ്പിക്കുന്നു. വഴിവിട്ട വികസനം തീര്‍ക്കുന്ന അന്തരീക്ഷ മലിനീകരണത്തില്‍ നിന്നെല്ലാം മുക്തമായി പ്രകൃതിക്ക് മുത്തം നല്‍കി മയങ്ങുന്ന മദ്ഹാ ആരുടേയും മനം കുളിരണിയിക്കും.
കടുത്ത വരള്‍ച്ചയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഓര്‍മ്മിപ്പിക്കും മട്ടിലാണ് സ്വാറൂജ് അണക്കെട്ട് ഇന്ന് കാണപ്പെടുന്നത്. നല്ല ആഴവും പരപ്പുമുള്ള സ്വാറൂജ് ഡാം ഇന്ന് വിണ്ടുകീറി നില്‍ക്കുന്നു. 

മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വറൂജ് ഡാമിന്‍െറ വെള്ളമില്ലാത്ത പുതിയ ദൃശ്യം
 


മഴക്കു വേണ്ടിയുള്ള പ്രാര്‍ഥനയാണെങ്ങും. ഡാമിനോട് ചേര്‍ന്ന് കിടക്കുന്ന തോടില്‍ പച്ചപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു മരം കാണാം. സന്ദര്‍ശകരോട് പഴയ പ്രതാപം വിളിച്ചോതുകയാണ് അത്്. ഡാമിനോട് ചേര്‍ന്ന് കിടക്കുന്ന ചെറിയ തോട്ടങ്ങള്‍ മനുഷ്യാധ്വാനത്തിന്‍െറ ഫലമായി പച്ച പിടിച്ചിരിക്കുന്നു. ഒരുകാലത്ത് ഈ ചെറു തോട്ടത്തിന്‍െറ അരികിലൂടെ അരുവികള്‍ ചാലിട്ടൊഴുകിയതിന്‍െറ ഓര്‍മയായി ഉരുളം കല്ലുകള്‍.
ഡാമിന് പിറകുവശത്തായുള്ള പാചകം ചെയ്യാന്‍ പാകത്തിലുള്ള പനയോലപ്പുരകള്‍.സഞ്ചാരികള്‍ക്കായി ഒരുക്കിയവയാണ്. ഇതിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന തലമുറകളുടെ ഓര്‍മ്മപ്പെടുത്തലുകളായി വഅബുല്‍ ഫുര്‍സ് എന്ന 300 വര്‍ഷം പഴക്കമുള്ള  ശ്മശാനം കാണാം. 160 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്  അവസാനമായി ഒരാളെ ഇവിടെ മറമാടിയതെന്നും 300 മുതല്‍ 400 വരെ മൃതദേഹങ്ങളാണ് ഇവിടം അടക്കം ചെയ്തതെന്നും ചരിത്രം വിവരിക്കുന്നു.
ജലനിരപ്പിന്‍െറ സൂചകമായി റോഡരികില്‍ ചുവപ്പും വെളുപ്പും നിറങ്ങള്‍ ചാര്‍ത്തിയ കുറ്റികള്‍ കാണാം. വെള്ള നിറത്തിനു മേലെ ജലം ഉയര്‍ന്നാല്‍ യാത്ര തുടരരുത് എന്നതാണ് അതിന്നര്‍ഥം. എന്നാല്‍ ഡാമുകള്‍ വറ്റി വരണ്ട കാകാഴ്ചയായതിനാല്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടി വരില്ല ഇപ്പോള്‍. 
അതിനിടയില്‍ ആശ്വാസക്കാഴ്ചയായി ഒരു ചെറിയ കുളമുണ്ടിവിടെ. പ്രൗഢിയില്‍ ഒരു പാലപ്പൂ അരികിലും. ജലം കൊതിച്ച് പോകുന്നവര്‍ക്ക് താല്‍ക്കാലികാശ്വാസമാണ് ഈ കൊച്ചു തടാകം.

Tags:    
News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.