ആഗോളതലത്തില്‍ രാജ്യത്തിന്‍റെ അഭിമാനം; യു.എ.ഇ വനിതാ ദിനാഘോഷങ്ങള്‍ക്ക് തുടക്കം, ആഘോഷം ഒരു മാസം നീളും

അബൂദബി: രാഷ്ട്ര നിര്‍മാണത്തിലും രാജ്യത്തിന്‍റെ സമഗ്ര വികസനത്തിലും യു.എ.ഇയിലെ വനിതകള്‍ വഹിക്കുന്ന പങ്കിനെ ആദരിച്ചുകൊണ്ട് രാജ്യത്തുടനീളം യു.എ.ഇ വനിതാ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. എല്ലാ വര്‍ഷവും ആഗസ്ത് 28നാണ് യു.എ.ഇ. വനിതാ ദിനമായി ആചരിക്കുന്നത്. ചരിത്രത്തിലാദ്യമായി ഇത്തവണത്തെ വനിതാ ദിനാഘോഷങ്ങള്‍ ഒരു മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെയായിരിക്കും സംഘടിപ്പിക്കുക.

'കൂടുതല്‍ കരുത്തോടെയും മികവോടെയും നാം മുന്നോട്ട്' എന്നതാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രമേയം. വനിതകളുടെ പുരോഗതിക്കായി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനും സമൂഹത്തിന് മാതൃകയായ വനിതകളെ ആദരിക്കാനും ഈ ഒരു മാസത്തെ ആഘോഷങ്ങള്‍ വേദിയാകും.

വനിതകള്‍ രാജ്യത്തിന്റെ കരുത്തും അഭിമാനവും: ശൈഖ് മുഹമ്മദ് ബിന്‍ സായിദ്

യു.എ.ഇയിലെ വനിതകളുടെ ത്യാഗങ്ങളെയും നേട്ടങ്ങളെയും രാജ്യം ഒന്നടങ്കം ആദരിക്കുകയാണെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

'ദേശത്തിന്റെ അഭിമാനവും സ്ഥിരതയുടെ പ്രതീകവുമാണ് യു.എ.ഇയിലെ വനിതകള്‍. രാജ്യത്തിന്റെ തുടര്‍ച്ചയായ വികസനത്തില്‍ അവര്‍ നല്‍കിയ മികച്ച സംഭാവനകളോടുള്ള നന്ദി സൂചകമായാണ് ഇത്തവണ ആഘോഷങ്ങള്‍ ഒരു മാസത്തേക്ക് നീട്ടുന്നത്. യു.എ.ഇ. വനിതകളുടെ ദൃഢനിശ്ചയവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും എന്നും നമ്മുടെ കൂട്ടായ ശക്തിയുടെയും പുരോഗതിയുടെയും ഉറവിടമായിരിക്കും,' - അദ്ദേഹം വ്യക്തമാക്കി.

മാതാവിന്റെ ഓര്‍മകള്‍ പങ്കുവച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്

വനിതാ ദിനത്തില്‍ തനിക്ക് വാത്സല്യവും കരുത്തും പകര്‍ന്നുനല്‍കിയ മാതാവ് ശൈഖ ലത്തീഫ ബിന്‍ത് ഹംദാന്‍ ആല്‍ നഹ്​യാന്‍റെ ഓര്‍മകള്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പങ്കുവച്ചു.

'നാല് പതിറ്റാണ്ടിലേറെയായി ശൈഖ് റാശിദിനൊപ്പം കരുത്തോടെ നിലകൊണ്ട അവരുടെ നിലപാടുകളും പാവപ്പെട്ടവരോടുള്ള കരുണയും വനിതകള്‍ക്ക് നല്‍കിയ പിന്തുണയും ഞാന്‍ ഈ ദിനത്തില്‍ ഓര്‍ക്കുകയാണ്’ എന്ന് ശൈഖ് മുഹമ്മദ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. രാഷ്ട്ര പുരോഗതിയില്‍ സ്ത്രീകള്‍ തുല്യ പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാരമ്പര്യവും സര്‍ഗാത്മകതയും സമന്വയിപ്പിച്ച് യു.എ.ഇയുടെ ശബ്ദം ലോകമെമ്പാടും എത്തിക്കുന്നതില്‍ ഇമാറാത്തി വനിതകള്‍ മുന്നിലാണെന്ന് ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വ്യക്തമാക്കി. പുതിയ തലമുറക്ക്​ പഠിക്കാനും നയിക്കാനും പ്രാപ്തി നല്‍കിയ അടിത്തറ ആഘോഷിക്കാനുള്ള അവസരമാണ് ഈ ദിനമെന്നും ചെയര്‍പേഴ്സണ്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - UAE Women's Day celebrations begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.