അബൂദബി: തലസ്ഥാന നഗരിയിൽ പുതുതായി ടോൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ അ ഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമായി. ജനുവരി രണ്ടു മുതൽ തിരക്കേറിയ സമയത്തു മാത്രമാണ് അബൂദബിയിൽ ടോൾ നൽകേണ്ടിവരുക. തിരക്കേറിയ സമയത്തു മാത്രം എന്ന രീതിയിൽ ടോൾ ഗേറ്റ് സിസ്റ്റം എക്സിക്യൂട്ടിവ് റെഗുലേഷനിൽ ചില ഘടകങ്ങൾ ഭേദഗതി ചെയ്തതായി അബൂദബി മുനിസിപ്പാലിറ്റി ആൻഡ് ഗതാഗത വകുപ്പും (ഡി.എം.ടി) അബൂദബി ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻററും (ഐ.ടി.സി) അറിയിച്ചു.
ശനി മുതൽ വ്യാഴം വരെ രാവിലെ 7.00 മുതൽ 9.00 വരെയും വൈകീട്ട് 5.00 മുതൽ 7.00 വരെയുമാണ് തിരക്കേറിയ സമയമായി നിർണയിച്ചിരിക്കുന്നത്. ഈ സമയത്ത് അബൂദബി നഗരത്തിലേക്കുള്ള പ്രധാന പ്രവേശന മാർഗങ്ങളായ ശൈഖ് ഖലീഫ പാലം, ശൈഖ് സായിദ് പാലം, മക്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലെ ടോൾ ഗേറ്റുകളിലൂടെ കടന്നുപോകുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കാണ് നാല് ദിർഹം വീതം ടോൾനിരക്ക് ഈടാക്കുക. പ്രതിദിനം ഓരോ വാഹനത്തിനും പരമാവധി 16 ദിർഹം എന്ന നിലയിൽ നിരക്ക് പരിമിതപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. അബൂദബി ടോൾ ഗേറ്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത വാഹന ഉടമയുടെ അക്കൗണ്ടിൽ നിന്ന് ഫീസ് കുറക്കും. തിരക്കില്ലാത്ത സമയങ്ങളിലും വെള്ളിയാഴ്ചകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ടോൾ ഈടാക്കുന്നതല്ല.
ഓരോ വാഹനത്തിനും പ്രതിമാസ പണമടക്കലിന് ആദ്യ വാഹനത്തിന് 200 ദിർഹം, രണ്ടാമത്തെ വാഹനത്തിന് 150 ദിർഹം, മൂന്നാമത്തെ വാഹനത്തിനും ഓരോ അധിക വാഹനത്തിനും 100 ദിർഹം വീതം എന്നിങ്ങനെ നിരക്ക് പരിമിതപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. ഒരു അപേക്ഷകന് ഒരു വാഹനത്തിന് എന്ന നിലയിൽ ഇളവുകൾ പരിമിതപ്പെടുത്തിയിരിക്കുന്നു. കമ്പനി വാഹനങ്ങൾക്കും ടോൾ ഗേറ്റ് സംവിധാനത്തിൽ ഇതേ നിരക്ക് ബാധകമാണെങ്കിലും പ്രതിദിനം അല്ലെങ്കിൽ പ്രതിമാസം പരമാവധി ഫീസ് നിയന്ത്രണ പരിധി ലഭിക്കുന്നതല്ല.
സീനിയർ ഇമറാത്തി പൗരന്മാർ, നിശ്ചദാർഢ്യ ജനങ്ങൾ (ഭിന്നശേഷിക്കാർ), പരിമിത വരുമാനമുള്ള ഇമറാത്തികൾ, സർവിസിൽ നിന്ന് വിരമിച്ച ഇമറാത്തികൾ എന്നിവരെ ടോൾ നിരക്ക് അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഡി.എം.ടി, ഐ.ടി.സി അധികൃതർ വ്യക്തമാക്കി. ഈ വിഭാഗങ്ങളിൽ പെടുന്ന വ്യക്തികൾ ഐ.ടി.സിയുടെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രത്തിലെത്തി അവരുടെ എമിറേറ്റ്സ് ഐ.ഡി, വാഹന രജിസ്ട്രേഷൻ കാർഡ്, മറ്റ് ആവശ്യമായ രേഖകൾ എന്നിവ സമർപ്പിച്ചാൽ ഇളവ് അഭ്യർഥനക്ക് അപേക്ഷിക്കാനാവും. എല്ലാ ഇളവുകളും ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും.
അബൂദബി ലൈസൻസുള്ള ടാക്സികൾ, പൊതു ഗതാഗത ബസുകൾ, അബൂദബി എമിറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂൾ ബസുകൾ, 26 സീറ്റോ അതിൽ കൂടുതലോ ഉള്ള പൊതു ബസുകൾ, ഇലക്ട്രിക് വാഹനങ്ങൾ, അബൂദബി ജനറൽ ഡയറക്ടറേറ്റിലെ പൊലീസ് വാഹനങ്ങൾ, ആഭ്യന്തര മന്ത്രാലയം വാഹനങ്ങൾ, മറ്റ് എമിറേറ്റുകളിലെ പൊലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, സായുധ സേനാ വാഹനങ്ങൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, മോട്ടോർ ബൈക്കുകൾ എന്നിവയെ ടോൾ നിരക്ക് അടക്കുന്നതിൽ നിന്ന് ഒഴിവാക്കും.
പൊതുജനങ്ങൾക്ക് ബദൽ യാത്രാമാർഗം ഒരുക്കുന്നതിനായി ഡി.എം.ടിയും ഐ.ടി.സിയും 327 പുതിയ ബസുകൾ വഴി അബൂദബിയിലെ പൊതുഗതാഗത നെറ്റ്വർക് വിപുലീകരിച്ചിട്ടുമുണ്ട്.
അബൂദബി സിറ്റിയിലേക്ക് പൊതുജനങ്ങളെ എത്തിക്കുന്നതിനായി 47 പ്രാദേശിക യാത്രാ ട്രിപ്പുകൾകൂടി പൊതു ഗതാഗത ബസ് അധികമായി വർധിപ്പിച്ചു. അൽ ഷഹാമ, യാസ് ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ശൈഖ് ഖലീഫ ബിൻ സായിദ് ബ്രിഡ്ജ് വഴി 43 അധിക യാത്രകളും മുസഫ, ബനിയാസ്, അൽ നഹ്ദ എന്നിവിടങ്ങളിൽ നിന്ന് അൽ മക്താ ബ്രിഡ്ജിലൂടെ 104 അധിക യാത്രകളും ഉൾപ്പെടെയാണ് യാത്രാ ട്രിപ്പുകൾ അധികരിപ്പിച്ചത്. അബൂദബി ടോൾ ഗേറ്റ് സംവിധാനത്തിെൻറ രജിസ്ട്രേഷൻ പ്രക്രിയ സുഗമമാക്കുന്നതിന് അബൂദബിയിൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും ഐ.ടി.സി സൗജന്യ അക്കൗണ്ടുകൾ ആരംഭിച്ചു. ഓരോ വാഹന ഉടമക്കും അവരുടെ അക്കൗണ്ടുകൾ സജീവമാക്കാൻ അഭ്യർഥിച്ച് അവരുടെ അക്കൗണ്ട് വിശദാംശങ്ങൾ അടങ്ങിയ ഒരു എസ്.എം.എസ് സന്ദേശവും ഗതാഗത വകുപ്പ് കഴിഞ്ഞമാസം അയച്ചിരിന്നു. ഈ സന്ദേശം നഷ്ടപ്പെടുകയാണെങ്കിൽ പൊതുജനങ്ങൾക്ക് 800 88888 എന്ന ടോൾ ഫ്രീ നമ്പറിൽ ഐ.ടി.സിയുടെ കോൾ സെൻററുമായി ബന്ധപ്പെടാം.
അബൂദബി എമിറേറ്റിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് അവരുടെ പരിശോധന കാലയളവ് അവസാനിക്കുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യാനും ലംഘനങ്ങൾ ഒഴിവാക്കാനും അക്കൗണ്ടുകൾ സജീവമാക്കാനും ഐ.ടി.സി അഭ്യർഥിച്ചു. അബൂദബി ടോൾ ഗേറ്റ് സംവിധാനം ഗതാഗതത്തിരക്കും വ്യക്തിഗത വാഹന ഉപയോഗവും കുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.