ഷാർജ: ബലിപെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യു.എ.ഇയിലെ കാലിചന്തകളിൽ ആവശ്യക്കാരേറെ എത്തി തുടങ്ങി. ആട്, കാള, പശു, ഒട്ടകം തുടങ്ങിയവയാണ് വിപണിയിൽ ഉള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നുള്ള ആടുകൾക്ക് ഇത്തവണ വില കൂടുതലാണ്. എന്നാൽ സ്വദേശികളാണ് ഇന്ത്യൻ ആടുകളുടെ ആവശ്യക്കാരിലധികവും. അതു കൊണ്ട് തന്നെ വിലവർധന കൂടുതൽ കാര്യമായി ബാധിക്കില്ല എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. 20 കിലോ തൂക്കം വരുന്ന ഒരാടിന് 1200 മുതൽ 1,500 ദിർഹം വരെയാണ് വില. കടൽമാർഗം വരുന്ന സമയങ്ങളിൽ വില ആയിരത്തിലാണ് തുടങ്ങിയിരുന്നത്. ഇന്ത്യയിൽ നിന്ന് മാടുകൾ നേരിട്ട് ഇപ്പോൾ മാർക്കറ്റുകളിൽ എത്തുന്നില്ല. എന്നാൽ അയൽ രാജ്യങ്ങൾ വഴി ഇന്ത്യൻ കാളകളും മറ്റും വിപണികളിൽ എത്തുന്നുണ്ട്. പാക്കിസ്താനാണ് ഇപ്പോൾ കാള വിപണി കൈയടക്കിയിരിക്കുന്നത്. 200 കിലോ തൂക്കം വരുന്ന ഒരു കാളക്ക് 8000 ദിർഹവും 150 മുതൽ 170 വരെ കിലോ തൂക്കം ഉള്ളവക്ക് 6000ദിർഹമിന് താഴെയുമാണ് വില. നജീദി, നയീദി വർഗത്തിൽപ്പെട്ട സൗദി ആടുകളെ ഇഷ്ടപ്പെടുന്നത് കൂടുതലും അറബ് നാടുകളിൽ നിന്നുള്ള പ്രവാസികളാണ്. 30 മുതൽ 40 കിലോ വരെ തുക്കമുള്ള ആടുകൾ ഈ കൂട്ടത്തിലുണ്ട്. 2000 ദിർഹത്തോളം ഇവക്ക് വിലവരും. ഇത്തവണ സോമാലിയയിൽ നിന്ന് ആടുകൾ ചന്തയിൽ കൊണ്ടുവരുന്നില്ല. സാങ്കേതിക പ്രശ്നങ്ങളാണ് കാരണം. അതേ സമയം തദ്ദേശീയരായ ആടുകൾ മാർക്കറ്റുകളിൽ ധാരാളമെത്തും. ഇവക്ക് വിലയും കുറവാണ്. 1000 ദിർഹം മുതൽ താഴോട്ടാണ് ഇവയുടെ വില. കൂടുതലും പെണ്ണാടുകളായിരിക്കും തദ്ദേശീയ മസറകളിൽ നിന്ന് എത്തുക. ഷാർജയിലെ മാർക്കറ്റിൽ ചെമ്മരിയാടുകൾ ഇക്കുറി അധികമില്ല. ഇവ ധാരാളമുള്ളത് ദുബൈയിലെ ചന്തയിലാണ്.
ഇന്ത്യയിൽ നിന്ന്
ഷാർജയിൽ എത്തിയത്
12,000 ആടുകൾ
ഈ മാസം മാത്രം ഇന്ത്യയുടെ ഓസാർ വിമാനത്താവളത്തിൽ നിന്ന് എട്ട് ചരക്ക് വിമാനങ്ങളിലായി 12,000 ആടുകളെ ഷാർജയിൽ എത്തിച്ചതായി അമിഗോ ലോജിസ്റ്റിക്സ് അധികൃതർ പറഞ്ഞു. ഐ.എൽ -76 ചരക്ക് വിമാനങ്ങൾ വാടകക്ക് എടുത്താണ് ഓസറിലെ ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിൽ നിന്ന് ആടുകളെ എത്തിച്ചത്. മഴക്കാലത്ത് കടൽ മാർഗം ആടുകളെ കയറ്റി അയക്കാൻ നിയമം അനുവദിക്കുന്നില്ല. വായുമാർഗം മൃഗങ്ങളെ എത്തിക്കുന്നത് വില കൂട്ടാൻ ഇടയാക്കും. എന്നാൽ കടൽ മാർഗം വരുമ്പോൾ നിരവധി എണ്ണം ചാവുന്നത് പതിവാണ്, വിമാനത്തിൽ അത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.
കാളകൾ ചൈന വഴി
പാക്കിസ്താനിലേക്ക്
ലോകത്ത് ഏറ്റവും അധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരു വര്‍ഷം 400 കോടി ഡോളറിന്റെ ബീഫ് വിദേശങ്ങളിലേക്ക് കയറ്റിയയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ പുറത്തിറങ്ങിയ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായെന്നായിരുന്നു. എന്നാൽ 2017-^18ല്‍ 1.3 ശതമാനം വര്ധനയാണുണ്ടായെന്നാണ് അഗ്രികള്‍ച്ചറല്‍ പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട്സ് ഡെവലപ്മെന്റ് അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാൽ ചില കുത്തകകളുടെ കൈകളിലേക്ക് ബീഫ് കയറ്റുമതി എത്തിയതോടെ സാധാരണക്കാരായ കർഷകരുടെ സ്വപ്നങ്ങൾ പൊലിഞ്ഞു. ബംഗ്ലാദേശ്, ചൈന വഴി പാക്കിസ്താനിലേക്ക് മൃഗങ്ങളെ കടത്തിയുള്ള കർഷകരുടെ ശ്രമം തുടക്കത്തിൽ വിജയിച്ചുവെങ്കിലും അധികൃതർ ഇതിന് മൂക്ക് കയർ ഇട്ടതോടെ അതും വൃഥാവിലായി. എന്നാൽ കൊച്ചിയിൽ നിന്ന് കാളകൾ പോയവർഷം യു.എ.ഇയിൽ കപ്പലിറങ്ങിയിരുന്നു. ഇത്തവണ അതുണ്ടാവില്ല എന്നാണ് അറിയുന്നത്.
പുതിയ കണക്ക് പ്രകാരം ഇന്ത്യയെ പിന്തള്ളി ബീഫ് കയറ്റുമതിയിൽ ബ്രസീൽ മുന്നിലെത്തി. എന്നാൽ ഇതെല്ലാം ഫ്രോസൺ ബീഫിെൻറ കണക്കാണ്. കാളകളുടെയും മറ്റും കയറ്റുമതിയിൽ ഇന്ത്യ കൈയടക്കി വെച്ചിരുന്ന ഒന്നാം സ്ഥാനം ഇപ്പോൾ പാക്കിസ്താനാണ് സ്വന്തമാക്കിയിരിക്കുന്നത്.
വിപണി അടുത്ത ദിവസങ്ങളിൽ കൂടുതൽ സജീവമാകും
പ്രവാസികൾ െഷയറെടുത്ത് മൃഗങ്ങളെ ബലി അർപ്പിക്കാനായി കൊണ്ട് പോകുന്നത് പെരുന്നാളിനോടടുത്ത ദിവസങ്ങളിലാണ്. മൃഗത്തെ കൊണ്ടു പോയി സംരക്ഷിക്കുവാൻ സൗകര്യമില്ലാത്തതാണ് ഇതിന് കാരണം.
പാകിസ്താനികളും ബംഗ്ലാദേശുകാരുമാണ് സംഘം ചേർന്ന് ബലി നിർവഹിക്കുന്ന കൂട്ടായ്മകളിൽ മുന്നിൽ. ചില സ്വദേശികളും വൈകിയാണ് മൃഗങ്ങളെ കൊണ്ട് പോകാറുള്ളതെന്ന് പൊന്നാനി കടവനാട് സ്വദേശിയും 24 വർഷമായി ഷാർജ കാലി ചന്തയിലെ ജീവനക്കാരനുമായ അഷ്റഫ് പറഞ്ഞു. എന്നാൽ പ്രവാസി കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതോടെ വിപണിയിൽ മങ്ങൽ പ്രകടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.