ഷാര്‍ജ: റോഡ് സുരക്ഷക്ക് ഊന്നല്‍ കൊടുത്ത് 30 അത്യാധുനിക റഡാറുകള്‍ ഷാര്‍ജയിലെ വിവിധ റോഡുകളില്‍ സ്ഥാപിച്ചതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രി. സെയിഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ശംസി പറഞ്ഞു.അമിത വേഗത, പാതമാറ്റം, മഞ്ഞപാതകളുടെ ഉപയോഗം, അമിതഭാരം തുടങ്ങിയ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുവാന്‍ ശേഷിയുള്ള അത്യാധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റഡാറുകളാണ് ഇവ.
അല്‍ ദൈദ്, മുഹമ്മദ് ബിന്‍ സായിദ്, മലീഹ, എമിറേറ്റ്സ് തുടങ്ങിയ ദീര്‍ഘദൂര റോഡുകള്‍ക്ക് പുറമെ ഉള്‍നാടന്‍ റോഡുകളിലും റഡാറുകള്‍ സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു. രണ്ട് റഡാറുകള്‍ക്കിടയിലുള്ള വേഗതയും ഇത് കൈയോടെ പിടികൂടും. റഡാറുകളുടെ സ്ഥാനം കണക്കാക്കി വേഗത കുറക്കുന്നവര്‍ക്ക് ഇനി മുതല്‍ പണി കിട്ടുമെന്ന് സാരം. നിയമലംഘനങ്ങള്‍ യഥാസമയം ഉപകരണം പൊലീസ് കേന്ദ്രത്തെ ധരിപ്പിക്കും.
വീടണയുന്നതിന് മുമ്പ് തന്നെ സിസ്റ്റത്തില്‍ ശിക്ഷ എത്തിയിട്ടുണ്ടാകും. റോഡപകടങ്ങള്‍ മരണത്തിലേക്കും അംഗവൈകല്യത്തിലേക്കുമാണ് യാത്രക്കാരെ എത്തിക്കുന്നത്. ഗുരുതരമായ ഇത്തരം വിപത്തുകള്‍ക്ക് മൂക്ക് കയറിടാനാണ് അതിനൂതന ഉപകരണങ്ങള്‍ പാതകളില്‍ ഘടിപ്പിക്കാന്‍ കാരണമെന്ന് പൊലീസ് മേധാവി ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.