കേരളത്തിലെ വരള്‍ച്ച നാം വരുത്തിവെച്ചത് –സി.ആര്‍.നീലകണ്ഠന്‍

ദുബൈ: കേരളത്തിലെ വരള്‍ച്ച മണ്ണ് നശിപ്പിച്ച് നാം വരുത്തിവെച്ചതാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍. കേരളത്തിലെ വരള്‍ച്ചക്ക് കാരണം ആഗോള താപനമോ കാലാവസ്ഥാ വ്യതിയാനമോ മഴയുടെ കുറവോ അല്ല. നാം തന്നെയാണ് കാരണക്കാര്‍. വളര്‍ച്ചയാണെന്ന് തോന്നുന്ന പലതും വരള്‍ച്ചയാണെന്ന് തിരിച്ചറിയുന്നില്ല. കുന്നുകള്‍ ഇടിച്ചുനിരത്തിയും പാടങ്ങളും കുളങ്ങളും നികത്തിയും ഒരേ നിരപ്പാക്കുന്നതിന്‍െറ ഫലമാണിത്- ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ ‘വയലും വീടും’ ഫേസ്ബുക് കൂട്ടായ്മയുടെ  കാര്‍ഷിക വിളവെടുപ്പ് മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 കിഴക്കന്‍ മലകളില്‍ സസ്യ ജൈവ വൈവിധ്യം നഷ്ടമായപ്പോള്‍ നമ്മുടെ പുഴകള്‍ വറ്റി. വെള്ളം സംരക്ഷിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഇല്ലാതാക്കിയതോടെ എത്ര മഴപെയ്താലും ജല സമൃദ്ധിയുണ്ടാകാത്ത അവസ്ഥയായി. വെറുതെകിടന്നാലും ഒരു ഏക്കര്‍ നെല്‍പാടം വര്‍ഷം അഞ്ചു കോടി ലിറ്റര്‍ ജലമാണ് ഭൂഗര്‍ഭത്തിലാക്കി സംരക്ഷിക്കുക. പാടങ്ങള്‍ ഇല്ലാതായതോടെ ഈ മാര്‍ഗം അടഞ്ഞു.  മഴ പെയ്യുമ്പോള്‍ മാത്രം വെള്ളം ഒഴുകുന്നത് പുഴയല്ല. തോടാണ്. കേരളത്തിലെ 44 നദികളും ചാലുകളും തോടുകളുമായി ചുരുങ്ങിയിരിക്കുന്നു. സദാ ഒഴുകുന്ന പുഴകളില്ല. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള നിയമസഭ ഐക്യകണ്ഠ്യേന പാസാക്കിയ ജൈവ കാര്‍ഷിക നയത്തില്‍ പറയുന്നത് അടുത്ത 10 വര്‍ഷം കൊണ്ടു കേരളം കീടനാശിനി വിമുക്ത സംസ്ഥാനമായി മാറുമെന്നാണ്. എന്നാല്‍ ഒന്നും നടന്നില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും അതിനേക്കാള്‍ നൂറുമടങ്ങ് അപകടകരമായ  കീടനാശിനികള്‍ കേരളത്തില്‍ വ്യാപകമാണ്.  
കീടനാശിനി വന്നതോടെ കീടങ്ങളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കുകയാണ് ചെയ്തത്. നമ്മള്‍ പ്രയോഗിക്കുന്ന കീടനാശിനിയുടെ അഞ്ച് ശതമാനം മാത്രമാണ് കീടങ്ങള്‍ക്ക് ഏശുന്നത്. ബാക്കി മണ്ണിലും വെള്ളത്തിലും വായുവിലും പടര്‍ന്ന് ആത്യന്തികമായി മനുഷ്യശരീരത്തിലാണ് എത്തുന്നത്. കേരളത്തില്‍ എല്ലാതരം രോഗങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. 
ഹരിത വിപ്ളവത്തിന്‍െറ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ ജൈവകൃഷിയെക്കുറിച്ച് പറയുന്നത്. ജൈവ കൃഷി എന്നു പ്രത്യേകം പറയേണ്ടതില്ല. അമ്മയെ പെറ്റമ്മ എന്നു വിളിക്കേണ്ടതില്ല. കൃഷി ചരിത്രാതികാലം മുതല്‍ ജൈവമായ പ്രക്രിയയാണ്. രാസ കൃഷിയാണ് പിന്നീട് വന്നത്. അതുകൊണ്ടു കൃഷി , രാസ കൃഷി എന്നാണ് വേര്‍തിരിക്കേണ്ടത്. 
കൃഷി സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ മണ്ണില്‍ വിളവുണ്ടാവുക തന്നെ വേണം. മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം ചേര്‍ന്നാണ് അതുണ്ടാക്കുന്നത്. പണം കൊണ്ട് വിശപ്പ് മാറില്ല. അത് വിപണിയുണ്ടാക്കുന്ന അന്ധവിശ്വാസമാണ്. വിപണി സ്വന്തമായി ഒന്നും സൃഷ്ടിക്കുന്നില്ല. ആരെങ്കിലും ഉണ്ടാക്കിയത് ശേഖരിച്ചുവെക്കുക മാത്രമാണ് വിപണി ചെയ്യുന്നത്. 
മണലാരണ്യത്തില്‍ ‘വയലും വീടും’ പോലുള്ള പ്രവാസ കൂട്ടായ്മകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് മാതൃകയാണ്. കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നു  മനസ്സും സംസ്കാരവുമാണ് പ്രവാസികള്‍ തിരിച്ചുപിടിക്കുന്നത്. കേരളത്തിന്‍െറ ഭൗതികമായ വളര്‍ച്ചയിലും സാമ്പത്തിക മുന്നേറ്റത്തിലും പ്രവാസികളുടെ പങ്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കേരളത്തിന് നഷ്ടപ്പെട്ട പച്ചത്തുരുത്തും മറുനാട്ടില്‍ മലയാളികള്‍ തിരിച്ചുപിടിക്കുന്നു എന്നതിന്‍െറ തെളിവാണ് ഈ കര്‍ഷിക കൂട്ടായ്മ.  ഇത് തുടരുകതന്നെവേണം.
കേരളത്തിലെ മലയാളികള്‍ക്ക് കാര്‍ഷിക സംസ്കൃതി നഷ്ടപ്പെടുകയാണ്. കൃഷിയെ സഹായിക്കുന്ന,മനസ്സിലാക്കുന്ന, ഒരു തൊഴിലെന്നതിനപ്പുറം കൃഷി ധര്‍മമാണെ് തിരിച്ചറിയുന്ന ഒരു സംസ്കാരമുണ്ട്.
അത് മറന്ന് മണ്ണില്‍ വേരില്ലാത്തവനായാല്‍ നാശമാണ് ഫലം. ഈ ധര്‍മം നിര്‍വഹിക്കുന്ന കര്‍ഷകരോട് സര്‍ക്കാരുകള്‍ പരിഗണന കാട്ടണം. ലാഭകരമല്ലാഞ്ഞിട്ടും നെല്‍കൃഷി ചെയ്യുന്ന കര്‍ഷകന് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്-സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
ബഷീര്‍ തിക്കോടി അധ്യക്ഷത വഹിച്ചു.  അഡ്വ. നജീദ് ഉദ്ഘാടനം ചെയ്തു. എ.കെ.ഫൈസല്‍, യഹ്യ തളങ്കര, ദിലീപ് കുമാര്‍, കബീര്‍, എം.ഫിറോസ്ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമീര്‍ സ്വാഗതം പറഞ്ഞു. 
കാര്‍ഷിക വിളവെടുപ്പിനോടനുബന്ധിച്ച് അംഗങ്ങള്‍ വിളയിച്ച ജൈവ പച്ചക്കറിയുടെ വില്‍പ്പനയും സൗജന്യ വിത്തുവിതരണവും നടന്നു. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള കൂട്ടായ്മയാണ് ‘വലയും വീടും’.ഇതോടനുബന്ധിച്ച് വില്ലകളില്‍ നടത്തിയ കൃഷി മത്സരത്തില്‍ അബ്ദുല്‍ ഷൂക്കൂര്‍ ദുബൈ ഒന്നും റെജി ബിജു ദുബൈ രണ്ടും സോണിയ ജനാര്‍ദനന്‍ മൂന്നും സ്ഥാനം നേടി. ഇവര്‍ക്ക് ചടങ്ങില്‍ കോസ്മോസ് സ്പോര്‍ട്സിന്‍െറ സ്വര്‍ണസമ്മാനങ്ങള്‍ വിതരണം ചെയ്തു. അവസാന റൗണ്ടിലത്തെിയ മറ്റു ഒമ്പതുപേര്‍ പ്രോത്സാഹനസമ്മാനത്തിനര്‍ഹരായി.

Tags:    
News Summary - uae program cr neelakandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.