ഫ്ലൈദുബൈയിലെ ധീര ഇടപെടൽ: സ്മിത് മച്ചാർ അടക്കം ജീവനക്കാർക്ക് യു.എ.ഇ പ്രസിഡന്റിന്റെ ആദരം
അബൂദബി: സെപ്റ്റംബറിൽ ഫ്ലൈദുബൈ വിമാനത്തിലുണ്ടായ ആക്രമണത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ധീരമായ ഇടപെടൽ നടത്തിയ ഫ്ലൈദുബൈ ജീവനക്കാർക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‍യാന്റെ ആദരം. ജീവനക്കാർക്ക് ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് സെക്കൻഡ് ബഹുമതി സമ്മാനിച്ചു. ആക്രമണത്തിനിടെ പരിക്കേറ്റിട്ടും ധീരമായ ഇടപെടൽ നടത്തിയ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാർ അടക്കമുള്ളവർക്കാണ് പുരസ്കാരം ലഭിച്ചത്.
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ജീവനക്കാർക്ക് ബഹുമതി കൈമാറിയത്. പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാരുടെ സുരക്ഷക്കായി ജീവനക്കാർ പ്രകടിപ്പിച്ച ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ബഹുമതി ലഭിച്ചതിൽ ജീവനക്കാർ യു.എ.ഇ പ്രസിഡന്റിനോട് നന്ദി അറിയിച്ചു. സേവനമനോഭാവം, സമർപ്പണം, പ്രതിബദ്ധത എന്നീ മൂല്യങ്ങൾക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് അവർ പറഞ്ഞു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സായിദ് ആൽ മക്തൂം ഉൾപ്പെടെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. നിരവധി ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സെപ്റ്റംബർ 30ന് ദുബൈയിൽനിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവമുണ്ടായത്. വിമാനത്തിലെ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിന് സഹപൈലറ്റിന്റെ ആക്രമണത്തിൽ തലക്കും കൈക്കും പരിക്കേറ്റിട്ടും ധീരമായി പ്രതിരോധിക്കുകയായിരുന്നു. ഇതോടെ യാത്രക്കാരും ജീവനക്കാരും ഇടപെട്ട് ആക്രമണം തടയുകയും വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി. സംഭവത്തിനുശേഷം അദ്ദേഹത്തിന് യു.എ.ഇയിൽ തന്നെ ചികിത്സയിലായിരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി അദ്ദേഹം നടത്തിയ ഇടപെടൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.