ഇറാനുമായി വീണ്ടും യുദ്ധമുണ്ടായേക്കാം; നേരിടാൻ സജ്ജമെന്ന് യു.എ.ഇ

അബൂദബി: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലായതോടെ മേഖലയിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ശക്തമാകുന്നതിനിടെ, ഏത് സാഹചര്യത്തെയും നേരിടാൻ യു.എ.ഇ കൂടുതൽ സജ്ജമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ. ഫെഡറൽ നാഷണൽ കൗൺസിലിന്റെ പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നിവക്കായുള്ള സമിതിയുടെ ചെയർമാൻ ഡോ. അലി റാശിദ് അൽ നുഐമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ച സമയത്തേക്കാൾ ഇപ്പോൾ യു.എ.ഇയുടെ പ്രതിരോധസന്നദ്ധത ഉയർന്നിട്ടുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യുദ്ധം വീണ്ടും ആരംഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയും സമാധാനശ്രമങ്ങളും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വെടിനിർത്തലിനും അന്തിമ സമാധാന കരാറിലേക്കുള്ള നീക്കങ്ങൾക്കും വഴിയൊരുക്കാൻ ധാരണാപത്രം ഒപ്പുവെച്ചിരുന്നെങ്കിലും, പിന്നീട് വീണ്ടും ആക്രമണങ്ങൾ ഉണ്ടായതോടെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാവുകയായിരുന്നു.

ഹുർമുസ് കടലിടുക്കിലെ കപ്പലുകൾക്കുനേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളും അതിന് പിന്നാലെ അമേരിക്ക നടത്തിയ തിരിച്ചടികളും സംഘർഷം വീണ്ടും ശക്തമാകാനുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

യുദ്ധത്തിന്റെ ഘട്ടത്തിൽ ഇറാൻ യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കുനേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഊർജമേഖലയിലെ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. യു.എ.ഇക്കുനേരെ 550ലധികം ബാലിസ്റ്റിക് മിസൈലുകളും 2,265 ഡ്രോണുകളും പ്രയോഗിക്കപ്പെട്ടതായാണ് കണക്ക്. ഇവയിൽ ഭൂരിഭാഗവും ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയോ തകർക്കുകയോ ചെയ്തിരുന്നു.

സുരക്ഷാ ആശങ്കകൾ ശക്തമാണെങ്കിലും ഇറാനുമായുള്ള സംഭാഷണത്തിനും നയതന്ത്ര നീക്കങ്ങൾക്കും യു.എ.ഇ ഇപ്പോഴും മുൻഗണന നൽകുന്നതായി അൽ നുഐമി പറഞ്ഞു. വിശ്വാസം പുനഃസ്ഥാപിക്കാൻ ഇറാൻ ഒരു ചുവടുവെച്ചാൽ അതിനേക്കാൾ മികച്ച നടപടികളിലൂടെ യു.എ.ഇ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിൽ ഇറാനെ വിശ്വസിക്കുന്നില്ലെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - War With Iran May Resume; UAE Says Ready To Face Any Situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.