അബൂദബിയുടെ വികസനത്തിന് 25,000 കോടി ദിർഹമിന്റെ നിക്ഷേപം പ്രഖ്യാപിച്ചു

അബൂദബി: അടുത്ത പത്തുവർഷത്തെ വളർച്ചയും സുസ്ഥിര വികസനവും ലക്ഷ്യമിട്ട് അബൂദബിയിൽ പവർ, വാട്ടർ, ഡിസ്ട്രിക്റ്റ് കൂളിങ്​ ശൃംഖലകൾ വിപുലീകരിക്കുന്നതിനായി 25,000 കോടി ദിർഹമിന്‍റെ കൂറ്റൻ നിക്ഷേപം പ്രഖ്യാപിച്ചു. അബൂദബി ഊർജ വകുപ്പ് ചെയർമാൻ ഡോ. അബ്ദുല്ല ഹുമൈദ് അൽ ജർവാനാണ് ലിവെക്സ് 2026 വേദിയിൽ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അബൂദബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ റസിഡൻഷ്യൽ മേഖലകൾ, ആശുപത്രികൾ, സ്‌‌കൂളുകൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെയുള്ള സമൂഹത്തിന്‍റെ സമഗ്ര വികസനത്തിന് ഈ അടിസ്ഥാന സൗകര്യ വികസനം സഹായകമാകും. ചെലവുകുറഞ്ഞതും സുരക്ഷിതവും സുസ്ഥിരവുമായ രീതിയിൽ ദീർഘകാലം നിലനിൽക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.സുസ്ഥിരതയും ചെറുകിട ചെലവുകളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നതിന്‍റെ തെളിവാണ് എമിറേറ്റിലെ സമീപകാല പുരോഗതി. പത്തുവർഷം മുമ്പ് അബൂദബിയുടെ ഊർജ മിശ്രിതത്തിൽ ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നു ശുദ്ധോർജം. മൊത്തത്തിലുള്ള ഊർജ ഉൽപാദനം വർധിച്ചുവരുമ്പോഴും ഇന്ന് അഞ്ച് ശതമാനത്തിലധികം ആയി അത്​ ഉയർന്നിട്ടുണ്ടെന്നും അൽ ജർവാൻ ചൂണ്ടിക്കാട്ടി.

സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും കമ്യൂണിറ്റികളെ പിന്തുണക്കാനും പുതിയ ആശുപത്രികൾക്കും സ്കൂളുകൾക്കും സർവകലാശാലകൾക്കും ആവശ്യമായ ഊർജം ഉറപ്പാക്കാനുമാണ് ഇത് വിനിയോഗിക്കുന്നത്. വിശാലമായ ഹരിത ഇടങ്ങളെ പിന്തുണക്കുന്ന അബൂദബിയുടെ ജല പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കടൽവെള്ള ശുദ്ധീകരണം, ഭൂഗർഭജലം, മഴവെള്ള ശേഖരണം, കാര്യക്ഷമത വർധിപ്പിക്കൽ, പുനരുപയോഗ ജലം, താമസക്കാരുടെ ഉപഭോഗം കുറക്കൽ എന്നീ ആറ്​ ഉറവിടങ്ങളെയാണ് അബൂദബി ആശ്രയിക്കുന്നത്.

ആളോഹരി ഉപഭോഗം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 50 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഊർജ വകുപ്പും മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പും മറ്റ് ബന്ധപ്പെട്ട കക്ഷികളും സംയുക്തമായാണ് ഇത്തരം അടിസ്ഥാന സൗകര്യ തീരുമാനങ്ങൾ എടുക്കുന്നത്. ഒരൊറ്റ നഗരമെന്ന കാഴ്ചപ്പാടിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

കൃത്യമായ ആസൂത്രണത്തോടും സാമ്പത്തിക അച്ചടക്കത്തോടും കൂടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും യു.എ.ഇ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ പ്രസക്തമായ പങ്കാളികളുടെ സഹകരണത്തോടെയുള്ള ഒറ്റ നഗര ആസൂത്രണ പദ്ധതിക്ക് കീഴിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും അധികൃതർ പറഞ്ഞു. ശേഖരിക്കുന്ന മുഴുവൻ വിവരങ്ങളും ഡേറ്റയും ഭാവിയിലെ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാണെന്ന് അബൂദബി സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്ക് പറഞ്ഞു.

Tags:    
News Summary - AED 250 billion investment announced for Abu Dhabi's development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.