അബൂദബി: യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഏറ്റവും പ്രധാനം ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സ്നേഹമാണെന്ന് ശശി തരൂർ എം.പി. സായിദ് വർഷാഘോഷത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് തവനൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ‘അബു നാ സായിദ്’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധത്തിന് 5000 വർഷത്തോളം പഴക്കമുണ്ട്. മോഹൻജദാരോ, ഹാരപ്പൻ സംസ്കാരങ്ങളെയും അറേബ്യൻ സംസ്കാരത്തെയും ബന്ധപ്പെടുത്തുന്ന തെളിവുകൾ പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത് വ്യാപാര പങ്കാളിയാണ് യു.എ.ഇ. അതേസമയം, യു.എ.ഇ ഇന്ത്യയിലെ നിക്ഷേപം വർധിപ്പിക്കണമെന്നാണ് ആഗ്രഹം. ഇന്ത്യയുടെ വളർച്ച യു.എ.ഇയുടെ വിജയമായി മാറും. സാധാരണ ജനങ്ങളെ മുന്നിൽ കണ്ട് ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഭരണാധികാരിയായിരുന്നു ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ. ‘സിന്തസൈസര്‍’ എന്ന ഇംഗ്ലീഷ് വാക്കാണ് ശൈഖ് സായിദിനെ വിശേഷിപ്പിക്കാൻ ഉചിതം. െഎക്യ എമിറേറ്റിെൻറ രൂപവത്കരണത്തിന് മാത്രമല്ല ഗൾഫ് രാജ്യങ്ങളുടെ ഏകോപനത്തിനും ശൈഖ് സായിദ് നേതൃത്വം നൽകിയതായും ശശി തരൂർ വ്യക്തമാക്കി.
ഇന്ത്യയുടെ ഏറ്റവും വലിയ മൂലധനം വിശാല മനസ്കതയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഇന്ത്യയെ മനസ്സിലാക്കിയവർക്ക് ലോകത്തിലെ എന്തിനെയും ഉൾക്കൊള്ളാനുള്ള വിശാല മനസ്സുണ്ടാകും. തന്നെ അന്വേഷിച്ച് കാട്ടിലെത്തിയ സഹോദരൻ ഭരതനോട് രാമൻ ചോദിച്ചത് നാട്ടിലെ ഏറ്റവും ന്യൂനപക്ഷമായിരുന്ന ചാർവാകന്മാരുടെ ക്ഷേമമായിരുന്നു. അഭയാർഥികൾക്ക് അഭയം നൽകിയ പാരമ്പര്യമാണ് നമ്മുടെ ഇന്ത്യയുടേത്.
രാവണെൻറ സഹോദരൻ വിഭീഷണൻ രാമസന്നിധിയിലെത്തിയപ്പോൾ അഭയം തേടി വന്നവനെ അവിശ്വസിക്കരുതെന്ന ഉപദേശമാണ് ഹനുമാൻ രാമന് നൽകിയത്. എന്നാൽ, അഭയാർഥികളെ തിരസ്കരിക്കുന്ന കാഴ്ചകളാണ് ഇന്ന് കാണുന്നത്.
13 മാസത്തിനിടെ 13000 അഭയാർഥികളെ സഹാറ മരുഭൂമിയിൽ തള്ളിയ വാർത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് സായിദിെൻറ മതകാര്യ ഉപദേഷ്ടാവായിരുന്ന ശൈഖ് അലി ആൽ ഹാഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശൈഖ് സായിദ് എല്ലാ ജനങ്ങളെയും ആദരവോടെ കണ്ട ഭരണാധികാരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സജീവ് നായർ, യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ് വൈ. സുധീർകുമാർ ഷെട്ടി, യു. അബ്ദുല്ല ഫാറൂഖി, ഗാന്ധിസാഹിത്യവേദി പ്രസിഡൻറ് വി.ടി.വി. ദാമോദരൻ, ഡോ. കെ.പി. ഹുസൈൻ, ഇബ്രാഹിം മുതൂർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.