അബൂദബി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവ് ആറ് മാസമായി അല്‍ മഫ്റഖ് ആശുപത്രിയില്‍ കഴിയുന്നു. വയനാട് മീനങ്ങാടി വാഴയില്‍ മുഹമ്മദിന്‍െറ മകന്‍ ജാഫറാണ് (25) ആശുപത്രിയിലുള്ളത്. മരണവക്കിലായിരുന്ന ഈ യുവാവിന്‍െറ ജീവന്‍ ശസ്ത്രക്രിയക്കും മറ്റു ചികിത്സകള്‍ക്കും ശേഷം തിരിച്ചുകിട്ടുകയായിരുന്നു. തലച്ചോറിന് ക്ഷതമേറ്റിരുന്നതിനാല്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. എങ്കിലും ഇടതു വശം പൂര്‍ണമായും വലതുവത്തെ കാലും ഇപ്പോഴും ചലിപ്പിക്കാന്‍ സാധിക്കുന്നില്ല. ഫിസിയോ തെറപ്പി അടക്കമുള്ള ചികിത്സക്കാണ് ജാഫറിനെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഫിസിയോ തെറപ്പിക്കായി കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്കോ മറ്റോ മാറ്റാനാണ് ആലോചിക്കുന്നത്. ഇതിനായി നാട്ടിലെ ‘കനിവ്’ സംഘടനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജാഫറിന് ആശുപത്രിയില്‍ സഹായങ്ങള്‍ ചെയ്തുവന്ന ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ (ഐ.സി.സി) ജനസേവന വിഭാഗം പ്രവര്‍ത്തകര്‍ അറിയിച്ചു.
നാല് വര്‍ഷത്തോളമായി യു.എ.ഇയില്‍ ജോലി ചെയ്ത് വരികയായിരുന്ന ജാഫര്‍ കുടുംബത്തിന്‍െറ അത്താണിയായിരുന്നു. പിതാവിനും മാതാവിനും പുറമെ സഹോദരനും സഹോദരിയുമടങ്ങുന്നതാണ് കുടുംബം. അപകടത്തെ തുടര്‍ന്ന് സൗദിയിലുള്ള സഹോദരന്‍ ഒരു മാസത്തോളം മഫ്റഖ് ആശുപത്രിയില്‍ വന്ന് നിന്നിരുന്നു. ഇപ്പോള്‍ പിതാവ് കൂടെയുണ്ട്. അഞ്ച് മാസത്തോളമായി പിതാവിന് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല.
2016 ആഗസ്റ്റ് നാലിനാണ് ജാഫറിന്‍െറ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ അപകടമുണ്ടായത്. ദുബൈയിലെ കീടനിയന്ത്രണ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം രാത്രി ജോലി കഴിഞ്ഞ് വരുമ്പോള്‍ സഞ്ചരിച്ചിരുന്ന കാര്‍ ബദാ സായിദ് ഏരിയയില്‍ വെച്ച് റോഡിലെ എന്തോ വസ്തുവില്‍ കയറി നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് വാഹനം റോഡ് സൈഡില്‍ ഇടിച്ചു. പിന്‍ സീറ്റിലിരിക്കുകയായിരുന്ന ജാഫര്‍ ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറുള്‍പ്പടെ മറ്റു മൂന്നുപേര്‍ക്ക് സാരമല്ലാത്ത പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ജാഫറിനെ അല്‍ മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് വരെ കുഴല്‍ വഴിയായിരുന്നു ജാഫറിന് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നത്. ഈ അവസ്ഥയില്‍ മാറ്റം വന്നെങ്കിലും വലിയ ചെലവ് വരുന്ന ചികിത്സ ഇനിയും ആവശ്യമാണ്. നാട്ടിലേക്ക് കൊണ്ടുപോകാനും മറ്റും ആവശ്യമായ കാര്യങ്ങള്‍ ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി അധികൃതര്‍ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.