ദുബൈ: കേടായ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ബാറ്ററികൾ എന്നിവ ഉൾപ്പെടെ ഉപയോഗശൂന്യമായ ഇലക്ട്രോണിക്സ്, ഇലക്ട്രിക് ഉപകരണങ്ങൾ ഇനി വലിച്ചെറിയേണ്ടതില്ല. അവ പുനരുപയോഗത്തിനായി തിരികെ നൽകി പണം നേടാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം. മാലിന്യ സംസ്കരണ ഉത്തരവാദിത്തം ഉൽപാദകനിലേക്കും (ഇ.പി.ആർ) എന്ന സംരംഭത്തിന് കീഴിലാണ് ആറു മാസത്തെ പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നതിന് തദ്വീർ ഗ്രൂപ്പുമായി മന്ത്രാലയം ധാരണപത്രത്തിൽ ഒപ്പുവെച്ചു. അബൂദബിയിലും ദുബൈയിലുമാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. ഇ-മാലിന്യങ്ങൾ ഫലപ്രദമായി പുനരുപയോഗിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഏകോപന ചുമതലയാണ് തദ്വീർ ഗ്രൂപ്പിനുണ്ടാവുക. പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്, തദ്വീർ ഗ്രൂപ് സി.ഇ.ഒ എൻജിനീയർ അലി അൽ ദഹ്രി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
സംയോജിത മാലിന്യ സംസ്കരണ അജണ്ട 2023-2026ന്റെ പ്രധാന ഭാഗമാണ് പദ്ധതി. ചടങ്ങിൽ രാജ്യത്തെ പ്രധാന ചെറുകിട, നിർമാണ, മാലിന്യ സംസ്കരണ മേഖലകളിൽനിന്നുള്ള 26 കമ്പനികൾ ഇ.പി.ആറിൽ ഒപ്പുവെക്കുകയും ചെയ്തു. ബോധവത്കരണവും ഡേറ്റ കണക്ഷനുകളിലുമായിരിക്കും ഈ കമ്പനികൾ ശ്രദ്ധകേന്ദ്രീകരിക്കുക. ഉപയോഗശൂന്യമായ ഒരു ഇലക്ട്രോണിക് ഉപകരണം എങ്ങനെ സംസ്കരിക്കപ്പെടുന്നു എന്നതിന് അനുസരിച്ച് നിർമാതാക്കളും ഉൽപാദകരും നിശ്ചിത ഫീസ് അടക്കണം. ഉപഭോക്താക്കളിൽനിന്നും ഈ ഫീസ് ഈടാക്കും. എന്നാൽ, പദ്ധതിയിൽ നിശ്ചിത സ്ഥലത്ത് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണം നിക്ഷേപിച്ചാൽ ഇത് റീഫണ്ട് ചെയ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.