അബൂദബി: ഇലോൺ മസ്കിന്‍റെ പ്രമുഖ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ 'സ്റ്റാർലിങ്കി'ന് യു.എ.ഇയിൽ 10 വർഷത്തെ പ്രവർത്തന ലൈസൻസ് നൽകി. രാജ്യത്ത് സാറ്റലൈറ്റ് ടെലികമ്യൂണിക്കേഷൻ ശൃംഖല സ്ഥാപിക്കുന്നതിനും പൊതുജനങ്ങൾക്ക് ഉപഗ്രഹ സാങ്കേതികവിദ്യ വഴിയുള്ള ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ലൈസൻസ് അനുവദിച്ച് ഉത്തരവായത്. യു.എ.ഇ. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിയാണ് (ടി.ഡി.ആർ.എ.) അനുമതി പത്രം കൈമാറിയത്.
വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ, ഗവൺമെന്‍റ് ഏജൻസികൾ എന്നിവർക്ക് പുറമെ സമുദ്ര-വ്യോമയാന മേഖലകൾക്കും സ്റ്റാർലിങ്കിന്‍റെ സേവനം ലഭ്യമാകും. ആവശ്യമായ സാങ്കേതികവും നിയമപരവുമായ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാണ് ടെലികോം അതോറിറ്റി ലൈസൻസ് അനുവദിച്ചിരിക്കുന്നത്.
ദേശീയ ഡിജിറ്റൽ മേഖലക്ക് കരുത്തേകും
നിലവിലുള്ള ഫൈബർ ഒപ്റ്റിക്, 5ജി നെറ്റ്‌വർക്കുകൾക്ക് പുറമെ ഉപഗ്രഹ അധിഷ്ഠിത സാങ്കേതികവിദ്യ കൂടി എത്തുന്നതോടെ രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കൂടുതൽ ശക്തമാകും.
ഇന്‍റർനെറ്റ് ലഭ്യതയിലെ വൈവിധ്യവത്കരണത്തിന് പുറമെ, പ്രതികൂല സാഹചര്യങ്ങളിലും തടസ്സമില്ലാത്ത നെറ്റ്‌വർക്ക് സേവനം ഉറപ്പാക്കാൻ ഇത് സഹായിക്കും. ഊർജ്ജം, ലോജിസ്റ്റിക്സ്, എമർജൻസി റെസ്‌പോൺസ്, മാരിടൈം, വ്യോമയാനം എന്നീ സുപ്രധാന മേഖലകൾക്ക് ഈ നീക്കം വലിയ പിന്തുണയാകും.
പുതിയ സാങ്കേതികവിദ്യകളെ സ്വാഗതം ചെയ്യാനും വിപണിയിൽ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്താനും യു.എ.ഇ. പ്രതിജ്ഞാബദ്ധമാണെന്ന് ടി.ഡി.ആർ.എ. ഡയറക്ടർ ജനറൽ മാജിദ് സുൽത്താൻ അൽ മസ്മാർ വ്യക്തമാക്കി. 'വി ദ യു.എ.ഇ. 2031' കാഴ്ചപ്പാടിനും യു.എ.ഇ. ഡിജിറ്റൽ അജണ്ടക്കും കരുത്തേകുന്നതാണ് പുതിയ ലൈസൻസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.