യു.എ.ഇയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക്​ സോഷ്യൽ മീഡിയ നിരോധനം

ദുബൈ: യു.എ.ഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇതുസംബന്ധിച്ച പ്രമേയം യു.എ.ഇ കാബിനറ്റ് വ്യാഴാഴ്ച പുറപ്പെടുവിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ മുൻനിർത്തിയുള്ള നിർണായക തീരുമാനം.15നും 16നും ഇടയിൽ പ്രായമുള്ളവർക്ക് കർശന നിയന്ത്രണങ്ങളോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതിയുണ്ടാകും.

കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ഉപയോഗവും അതുവഴിയുണ്ടാകുന്ന മാനസിക-സാമൂഹിക ഡിജിറ്റൽ വെല്ലുവിളികളും കണക്കിലെടുത്താണ് പുതിയ നിയമം. ആധുനിക സാങ്കേതികവിദ്യകളുടെ പ്രയോജനം ഉറപ്പാക്കുന്നതോടൊപ്പം, അവർക്ക് പരമാവധി സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന്​ മന്ത്രാലയം വ്യക്തമാക്കി.

നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ പൂർണമായോ ഭാഗികമായോ നിരോധനം ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. യു.എ.ഇയിൽ ലഭ്യമായതോ യു.എ.ഇയിലെ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതോ ആയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും നിയമം ബാധകമാണ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾ ഉണ്ടാക്കിയ അക്കൗണ്ടുകൾ കണ്ടെത്തി ഉടൻ റദ്ദാക്കാനും നിർദേശമുണ്ട്​.

പുതിയ നിയമ പ്രകാരം രാജ്യത്ത്​ 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ നിർമിക്കാനോ ഉപയോഗിക്കാനോ, അവയുടെ മുഴുവൻ ഫീച്ചറുകൾ ലഭ്യമാക്കാനോ അനുമതിയുണ്ടായിരിക്കില്ല. മെസ്സേജുകൾ അയക്കുക, പോസ്റ്റുകൾ പങ്കുവെക്കുക, കമന്‍റ്​ ചെയ്യുക, പബ്ലിക് ഗ്രൂപ്പുകളിലോ ഓപൺ ചാനലുകളിലോ ചേരുക തുടങ്ങിയ ഒരു ഫീച്ചറും ഇവർക്ക് ലഭ്യമാകില്ല. മാതാപിതാക്കളുടെ അനുമതി ഉണ്ടെങ്കിൽ പോലും 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിയമത്തിൽ ഇളവ് ലഭിക്കില്ല.

15നും 16നും ഇടയിൽ പ്രായമുള്ളവർക്ക് അവരുടെ അക്കൗണ്ടുകളിൽ വിപുലമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി മാത്രമാണ്​ പ്രവേശനം. കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കങ്ങൾ മാത്രം ലഭ്യമാക്കുക, അപരിചിതരുമായി ഇടപഴകാൻ സാധ്യതയുള്ള ഫീച്ചറുകൾ റദ്ദാക്കുക, ഉപയോഗ സമയം നിയന്ത്രിക്കുക, മാതാപിതാക്കൾക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക എന്നിവയടക്കമുള്ള നിയന്ത്രണം ഉറപ്പുവരുത്തണം.

പ്രായം തെളിയിക്കാൻ കർശന വ്യവസ്ഥകളാണ്​ നിയമത്തിലുള്ളത്​. ഡിജിറ്റൽ ഐഡന്‍റിറ്റി പരിശോധന, ബയോമെട്രിക് ടൂളുകൾ ഉൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യകൾ, ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ അംഗീകരിച്ച മറ്റ് സുരക്ഷിത മാർഗങ്ങൾ എന്നിവയടക്കമുള്ള സംവിധാനങ്ങൾ ഉപഭോക്താക്കളുടെ പ്രായം കൃത്യമായി പരിശോധിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കർശനമായി അവലംബിക്കണം. സ്വയം സാക്ഷ്യപ്പെടുത്തൽ രീതി ഇനിമുതൽ അനുവദിക്കില്ല.

പുതിയ മാനദണ്ഡങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനായി യു.എ.ഇയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് 12 മാസം വരെ സമയം അനുവദിക്കും. നിയമം നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല യു.എ.ഇ നാഷനൽ മീഡിയ അതോറിറ്റി, ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവണ്മെന്‍റ്​ റെഗുലേറ്ററി അതോറിറ്റി എന്നിവക്കായിരിക്കും.

Tags:    
News Summary - Social media banned for children under 15 in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.