ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാർ സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിക്കുന്നു
ദുബൈ: കൊതുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ 237 സ്മാർട്ട് ട്രാപ് സ്ഥാപിച്ച് ദുബൈ മുനിസിപ്പാലിറ്റി.
താമസഇടങ്ങൾ, വ്യവസായ, വാണിജ്യ മേഖലകൾ, ജലാശയങ്ങളുടെ സമീപം, വിവിധ മാർക്കറ്റുകൾ, പാർക്കുകൾ, പൊതു സൗകര്യങ്ങൾ എന്നിവിടങ്ങളിലാണ് സ്മാർട്ട് ട്രാപ് സ്ഥാപിച്ചിരിക്കുന്നത്.
കീടനാശിനികളുടെ ഉപയോഗം കുറക്കുന്നതിലൂടെ ഹരിത കീടനിയന്ത്രണത്തെ പിന്തുണക്കുന്നതാണ് പുതിയ സംരംഭം. അതോടൊപ്പം ദുബൈയിലെ സംയോജിത പൊതുജനാരോഗ്യ കീടനിയന്ത്രണ സംവിധാനത്തിൽ ഇത്തരം സംരംഭങ്ങൾ നിർണായക പങ്കുവഹിക്കുന്നതായി മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. പൊതുജനാരോഗ്യ സേവനങ്ങൾ വർധിപ്പിക്കുന്നതിനായി തുടരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം സംരംഭങ്ങൾ.
ശൈത്യകാലങ്ങളിൽ പൊതുവെ കൊതുകുകളുടെ എണ്ണം പെരുകാറുണ്ട്. ഇത്തരം നടപടികളിലൂടെ അത് കുറക്കാനാവും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ട്രാപ്പുകൾ തുടർച്ചയായി കീടങ്ങളെ നിരീക്ഷിക്കും. ഇതു വഴി മുനിസിപ്പാലിറ്റിക്ക് യഥാസമയം കീടനിയന്ത്രണ നടപടികൾ സ്വീകരിക്കാനാവും. ദുബൈ മുനിസിപ്പാലിറ്റി എമിറേറ്റിലുടനീളം അണുവിമുക്തമാക്കുന്നതിനും കീടനിയന്ത്രണത്തിനുമായി സമഗ്രപദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്.
നേരത്തേ ഷാർജ മുനിസിപ്പാലിറ്റിയും വിവിധ റസിഡൻഷ്യൽ മേഖലകളിലും മറ്റും കൊതുകു നിയന്ത്രണത്തിനായി സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.