ദുബൈ- ഷാര്‍ജ അതിര്‍ത്തിയിലെ തിരക്ക് കുറക്കാന്‍   പുതിയ റോഡിന് ശൈഖ് മുഹമ്മദിന്‍െറ അനുമതി 

ദുബൈ: ദുബൈ- ഷാര്‍ജ അതിര്‍ത്തിയിലെ മടുപ്പിക്കുന്ന വാഹനത്തിരക്ക് ഇല്ലാതാക്കി ഗതാഗതം സുഗമമാക്കാന്‍  പുതിയ റോഡ് പദ്ധതിക്ക് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. 50 കോടി ചെലവില്‍ നിലവിലെ ട്രിപ്പളി റോഡ് 12 കിലോമീറ്റര്‍ വികസിപ്പിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും എമിറേറ്റ്സ് റോഡിനെയും ബന്ധിപ്പിക്കുന്ന പദ്ധതിക്കാണ് അനുമതി. 49 കോടി ചെലവിട്ട് റോഡ് ഗതാഗത അതോറിറ്റി ചെയ്തുവരുന്ന എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് സമാന്തരമായാണ് ഈ റോഡ് പദ്ധതി നടപ്പാവുക. ഇരു പദ്ധതികള്‍ക്കുമായി  ഏകദേശം നൂറുകോടി രൂപ ചെലവിടും. 
വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് ദുബൈയിലൂടെ കടന്നുപോകുന്ന പ്രധാനഹൈവേകളായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനെയും എമിറേറ്റ്സ് റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന രണ്ട് റോഡുകള്‍ നിര്‍മിക്കാനാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കിയത്.   
മിര്‍ദിഫ് സിറ്റി സെന്‍്റര്‍ ഭാഗത്ത് നിന്ന് അക്കാദമിക്ക് സിറ്റി ദിശയില്‍ എമിറേറ്റ്സ് റോഡിലേക്ക് പുതിയ റോഡ് നിലവില്‍ വരും.  ഇതോടൊപ്പം നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന എയര്‍പോര്‍ട്ട് റോഡ് വികസനപദ്ധതിക്ക് സമാന്തരമായി ഈ റോഡിനെ  പ്രധാനഹൈവേകളുമായി ബന്ധിപ്പിക്കും. ഗതാഗത കുരുക്ക് രൂക്ഷമായ ദുബൈ -ഷാര്‍ജ അതിര്‍ത്തി മേഖലയിലെ തിരക്ക് 30 ശതമാനം കുറക്കാന്‍ ഈ റോഡുകള്‍ക്ക് കഴിയുമെന്നാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കണക്കുകൂട്ടല്‍. ഇരുദിശകളിലേക്കും മൂന്ന് ലൈനുകളിലായി മണിക്കൂറില്‍ 12000 വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ആര്‍.ടി.എ ചെയര്‍മാന്‍  മത്താര്‍ അല്‍ തയാര്‍ പറഞ്ഞു.  നിലവില്‍  പ്രധാനഹൈവേകളെ ബന്ധിപ്പിക്കുന്ന അല്‍ അമര്‍ദി അല്‍ഖവാനീജ് റോഡ്, അവീര്‍റാസല്‍ഖൂര്‍ റോഡ് എന്നിവക്ക് സമാന്തരമായാണ് പുതിയ റോഡുകള്‍ വരുന്നത്.
പുതിയ റോഡുകള്‍ പൂര്‍ത്തിയാകുന്നതോടെ ഗതാഗത സിഗ്നലുകളുള്ള ജംങ്ഷനുകളിലെ കാത്തുനില്‍പ്പു സമയം മൂന്നു മിനിറ്റില്‍ നിന്ന് ഒരു മിനിറ്റില്‍ താഴെയാക്കാന്‍ സാധിക്കും. ട്രിപ്പളി- നൊവാക്ഷോട്ട് ജംങ്ഷനെ ഇരുവശത്തേക്കും  മൂന്നു വരികളുള്ള പാലമാക്കി ഉയര്‍ത്തിയും ട്രിപ്പളി- അക്കാദമിക് സിറ്റി ജംങ്ഷനില്‍ ഫൈ്ളഓവര്‍ സ്ഥാപിച്ചും ഗതാഗതം സുഗമമാക്കാന്‍ പദ്ധതിയുണ്ട്. 

Tags:    
News Summary - shiekh-new-road1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.