ഷാര്‍ജ ഗള്‍ഫിലെ ആദ്യത്തെ   ശിശു സൗഹൃദനഗരം 

ഷാര്‍ജ: അറബ് മേഖലയുടെ സാംസ്കാരിക തലസ്ഥാന നഗരമായ ഷാര്‍ജക്ക് മറ്റൊരു പൊന്‍തൂവല്‍. ഗള്‍ഫിലെ ആദ്യത്തെ 'ശിശു സൗഹൃദ നഗരമായി യൂണൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫ്രണ്ട് ( യൂണിസെഫ് ) ഷാര്‍ജയെ തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യു.എ.ഇക്കകത്തും പുറത്തും കുട്ടികളുടെയും യുവജനങ്ങളുടെയും ഉന്നമനത്തിനും സുരക്ഷക്കും വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഷാര്‍ജക്ക് മറ്റൊരു ബഹുമതി കൊണ്ടുവന്നത്. 
കുട്ടികളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ മുന്‍നിര നഗരങ്ങളിലൊന്നാണ് ഷാര്‍ജയെന്ന് നേരത്തെ രാജ്യാന്തര റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭയാര്‍ഥി ക്ഷേമത്തിനും അവരുടെ പുനരധിവാസത്തിനും ഷാര്‍ജ നിരന്തരം പ്രവര്‍ത്തിച്ച് വരുന്നു. അതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് അവരുടെ ദയനീയത ലോകത്തെ അറിയിക്കുന്നു. ഷാര്‍ജ ബേബി ഫ്രണ്ട്ലി ഓഫീസിന്‍െറ (എസ്.ബി.എഫ.്ഒ)നേതൃത്വത്തില്‍ 23 സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളാണ് ചൈല്‍ഡ് ഫ്രണ്ട്ലി സിറ്റി ഇനീഷ്യേറ്റീവിന് വേണ്ടി കൈകോര്‍ത്തത്. കുട്ടികളുടെ ആരോഗ്യ–സുരക്ഷാ രംഗത്ത് 2025നകം കൈവരിക്കേണ്ട നേട്ടങ്ങളുടെ കാര്യത്തില്‍ യു.എന്‍ ലക്ഷ്യമിടുന്നതിന്‍െറ 50 ശതമാനം വളര്‍ച്ച ഷാര്‍ജ ഇതിനകം സ്വന്തമാക്കിയതായി എസ്.ബി.എഫ.്ഒ പ്രതിനിധി ഡോ. ഹെസ്സ ആല്‍ ഗസല്‍ പറഞ്ഞു. 
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ്  ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി, അദ്ദേഹത്തിന്‍െറ പത്നിയും സുപ്രീം കൗണ്‍സില്‍ ഫാമിലി അഫയേഴ്സ് ചെയര്‍പേഴ്സനുമായ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമി എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസ്മരിക്കേണ്ടതാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും അവര്‍ പറഞ്ഞു.
കുട്ടികളുടെ ക്ഷേമത്തിനായി ഒട്ടേറെ മികച്ച പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ ഷാര്‍ജ ഏറെ മുന്നില്‍ നില്‍ക്കുന്നതായി കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിസെഫ് പ്രതിനിധി വെനെസ്സ സെഡ് ലസ്കി പറഞ്ഞു. ശുറൂഖ് ചെയര്‍പേഴ്സന്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ ആല്‍ ഖാസിമി, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ താനി, ഷാര്‍ജ കണ്‍സള്‍ട്ടീവ് കൗണ്‍സില്‍ ചെയര്‍പേഴ്സന്‍ ഖൗല ആല്‍ മുല്ല, ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രി. സെയ്ഫ് മുഹമ്മദ് ആല്‍ സഅരി ആല്‍ ഷംസി, ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ഡോ.അബ്ദുല്‍ അസീസ് ആല്‍ മുഹൈരി, ഷാര്‍ജ അര്‍ബന്‍ പ്ളാനിങ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഖാലിദ് ആല്‍ അലി, ഇസ്സാം അലി, ലൂയിസ് തിവന്‍റ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. ഷാര്‍ജ ചൈല്‍ഡ് ഫ്രണ്ട്ലി സിറ്റി കാന്‍ഡിഡേറ്റ് സിറ്റി 2017 ലോഗോ പ്രകാശനം ചെയ്തു.
 

News Summary - sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.