ഷാർജ: സുധീഷ് ഗുരുവായൂരിെൻറ മൻസൂറയിലെ പാടവരമ്പത്ത് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് തന്നെ തനിനാടൻ കൊയ്ത്ത് വേഷത്തിൽ ആണുങ്ങളും പെണ്ണുങ്ങളും നിന്നു, അവരുടെ കൂടെ അരിവാൾ കൈയിൽ പിടിച്ച് ദൈവത്തിെൻറ മക്കളും നിരന്നു. 'കതിര് കൊയ്തു, കൊയ്തു കൂട്ടി, കറ്റകെട്ടി, കളത്തിലേറ്റി, മെതിച്ചു കൂട്ടി, പൊലി പിടിച്ചു, കാറ്റിൽ തൂറ്റി, പൊലിയളന്നു' പാടവരമ്പത്തെ ആര്യവേപ്പിൻ കൊമ്പത്തെ ഉൗഞ്ഞാലിൽ നിന്ന് പാട്ടിറങ്ങിയതോടെ എല്ലാവരും പാടത്തേക്കിറങ്ങി.
തിളക്കുന്ന വെയിലിനെ കൂസാതെ കൊയ്ത് മുന്നേറുന്നവർക്ക് ആവേശം പകർന്ന് ചെണ്ടമേളം. കൊയ്ത്ത് കാണാൻ വന്നവരുടെ കൂട്ടത്തിൽ, ഷാർജ കൺസൾട്ടൻസി കൗൺസിൽ മാനേജ്മെൻറ് തലവൻ അലി മുഹമ്മദ് ആൽ നബൂദയുമുണ്ടായിരുന്നു. അദ്ദേഹമാകട്ടെ ആദ്യമായിട്ടാണ് നെൽകൃഷി നേരിട്ട് കാണുന്നത്. വെയിലൊന്നും വകവെക്കാതെ കൊയ്ത്തും പാട്ടും കൊട്ടും കേട്ട് വരമ്പത്ത് നിന്നു.
കൊയ്തെടുത്ത നെല്ല് മെതിക്കുന്നതും പതിര് തരം തിരിക്കുന്നതും ആവേശത്തോടെ കണ്ടറിഞ്ഞു. കൊയ്തെടുത്ത നെല്ല് ഉരലും ഉലക്കയും ഉപയോഗിച്ച് അരിയാക്കുന്നത് കൂടി കണ്ടതോടെ ആവേശം ഇരട്ടിച്ചു. കുത്തിയെടുത്ത നെല്ല് കൊണ്ട് വെച്ച കഞ്ഞി കുടിച്ച്, എല്ലാവർക്കും ആശംസകൾ നേർന്നാണ് നബൂദ മടങ്ങിയത്. ചൂട് വകവെക്കാതെ ഭിന്നശേഷിക്കാരായ കുട്ടികൾ ആവേശത്തോടെ പാടത്തും വരമ്പത്തും മെതികളത്തിലും നിറഞ്ഞ് നിന്നു. പാടാനും പറയാനും അവർ സമയം കണ്ടെത്തി. ഉമ നെല്ലിെൻറ പരിമളവും ചെളി ചൂരും പ്രദേശത്താകെ നിറഞ്ഞ് നിന്നു. കുത്തിയെടുത്ത അരി കൊണ്ട് പായസം വെച്ച് വന്നവർക്കെല്ലാം വിളമ്പി. കൊടും ചൂട് വകവെക്കാതെ ഇരുന്നൂറിലധികം പേരാണ് കൊയ്ത്തുത്സവത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.