അബൂദബി: ഫെഡറൽ നാഷനൽ കൗൺസിലിൽ (എഫ്.എൻ.സി) അംഗങ്ങൾ ഉയർത്തിയ ആശങ്കയെ തുടർന്ന് സ്വകാര്യ സ്കൂളുകളുടെ ഫീസ് വർധന അന്വേഷിക്കാൻ വിദ്യാഭ്യാസ അധികൃതർ തീരുമാനിച്ചു. ഫീസ് പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം കമ്മിറ്റി രൂപവത്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം ആൽ ഹമ്മാദി എഫ്.എൻ.സിയിൽ അറിയിച്ചു. നിരവധി സ്വകാര്യ സ്കൂളുകൾ അംഗീകൃതമല്ലാത്ത ഫീസുകൾ ഇൗടാക്കുന്നതായ പരാതിയെ തുടർന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, അറബി സംസാരിക്കുന്ന രക്ഷിതാക്കൾ എന്തിനാണ് കുട്ടികളെ സ്വകാര്യ സ്കൂളുകളിലേക്ക് വിടുന്നതെന്ന് ചോദിച്ച മന്ത്രി തെൻറ കുട്ടികൾ സർക്കാർ വിദ്യാലയങ്ങളിലാണ് പഠിക്കുന്നതെന്ന് വ്യക്തമാക്കി.
ആധുനിക ഇമാറാത്തി സ്കൂളിെൻറ പുതിയ മാതൃക അവതരിപ്പിക്കും. ഇത് ഇൗ വർഷം തന്നെ നിലവിൽ വരികയും സ്കൂളിെൻറ മികവ് തെളിയിക്കപ്പെടുകയും ചെയ്യും. സ്വകാര്യ സ്കൂളുകളേക്കാൾ മികച്ച സർക്കാർ വിദ്യാലയങ്ങളാണ് നമ്മുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
ഫീസ് വർധന അബൂദബി വിദ്യാഭ്യാസ സമിതിയും (അഡെക്) ദുബൈയിലെ വൈജ്ഞാനിക^മാനവ വികസന അതോറിറ്റിയും (കെ.എച്ച്.ഡി.എ) നിരീക്ഷിക്കുന്നുണ്ടെന്ന് പൊതു വിദ്യാഭ്യാസ സഹമന്ത്രി ജമീല ആൽ മുഹൈരി അറിയിച്ചു. നിശ്ചിത നിലവാരമില്ലാത്ത സ്കൂളുകളെ ഫീസ് വർധിപ്പിക്കാൻ അനുവദിക്കുന്നില്ലെന്നും അംഗീകൃതമല്ലാത്ത ഫീസുകൾ മടക്കിക്കിട്ടുമെന്നും അവർ കൂട്ടിച്ചേർത്തു.
ഫീസ് വർധന കൂടുതൽ ഗൗരവത്തിലെടുക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ മന്ത്രാലയം ജാഗരൂഗരായിരിക്കണമെന്നും അത്തരക്കാരിൽനിന്ന് പിഴ ഇൗടാക്കണമെന്നും ദുബൈ അംഗം അസ്സ ബിൻ സുലൈമാൻ അഭിപ്രായപ്പെട്ടു. ഏതെല്ലാം സ്കൂളുകളാണ് മികച്ച നിലവാരമുള്ളതെന്നും ഏതെല്ലാമാണ് നിലവാരക്കുറവുള്ളതെന്നും രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. അബൂദബിയിലും ദുബൈയിലും സ്കൂൾ റേറ്റിങ് ലഭ്യമാണ്. എന്നാൽ വടക്കൻ എമിറേറ്റുകളിലെ രക്ഷിതാക്കൾ ഇതേ കുറിച്ച് ബോധവാന്മാരല്ല. നിലവാരക്കുറവുള്ള സ്കൂളുകൾ നിലവാരം മെച്ചപ്പെടുത്തും വരെ പ്രബേഷനിൽ ആക്കണമെന്നും സ്കൂളുകളുടെ മൂല്യനിർണയവും ഫീസ് നിയന്ത്രണവും നേരിട്ട് നടത്തുന്നതിന് ഒരു ഫെഡറൽ അതോറിറ്റിയെ ചുമതലപ്പെടുത്തണമെന്നും അസ്സ ബിൻ സുലൈമാൻ പറഞ്ഞു.
മൂന്ന് വർഷത്തിലൊരിക്കൽ മാത്രമേ സ്കൂൾ ഫീസ് വർധിപ്പിക്കാവൂ എന്നാണ് യു.എ.ഇ ഫെഡറൽ നിയമത്തിൽ അനുശാസിക്കുന്നത്. എന്നാൽ, പല സ്കൂൾ മാനേജ്മെനറുകളും ഇൗ നിയമം പാലിക്കുന്നില്ലെന്ന് ആരോപണമുണ്ട്. അന്താരാഷ്ട്ര സ്കൂളുകളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഫീസ് ഇൗടാക്കുന്നത്. ഏഷ്യൻ സ്കൂളുകളാണ് പൊതുവെ മിതമായ നിരക്ക് വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.