അബൂദബി: അബൂദബി വിദ്യാഭ്യാസ-വൈജ്ഞാനിക വകുപ്പിന് (അഡെക്) കീഴിൽ ഏഷ്യൻ പാഠ്യപദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഏപ്രിൽ എട്ടിന് പുതിയ അധ്യയന വർഷം ആരംഭിക്കും. കെ.ജി ക്ലാസുകളിലേക്ക് പുതിയ കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകൾ ഒരുങ്ങിയിട്ടുണ്ട്. വാർഷിക പരീക്ഷ കഴിഞ്ഞ് മൂന്നാഴ്ചത്തെ വസന്തകാല അവധിക്ക് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്.വസന്തകാല അവധി കഴിഞ്ഞ് സർക്കാർ സ്കൂളുകൾ ഉൾപ്പെടെ മറ്റു വിദ്യാലയങ്ങളും തുറക്കുന്നത് ഏപ്രിൽ എട്ടിനാണ്. എന്നാൽ, ഏഷ്യൻ സ്കൂളുകൾ ഒഴികെ അഡെകിന് കീഴിലുള്ള സ്കൂളുകളുടെ മൂന്നാം ടേം ആണ് ഏപ്രിൽ എട്ടിന് ആരംഭിക്കുന്നത്. ഏഷ്യൻ സ്കൂളുകൾക്ക് മാത്രമാണ് പുതിയ അധ്യയന വർഷം തുടങ്ങുന്നത്. എന്നാൽ, ദുബൈ വൈജ്ഞാനിക-മാനവ വികസന അതോറിറ്റിക്ക് (കെ.എച്ച്.ഡി.എ) കീഴിലുള്ള സ്വകാര്യ സ്കൂളുകളിൽ ഏപ്രിൽ രണ്ടിന് തന്നെ പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ ഒന്ന് മുതലാണ് കെ.എച്ച്.ഡി.എക്ക് കീഴിലെ സ്കൂളുകൾക്ക് മധ്യവേനൽ അവധി ആരംഭിക്കുന്നത്. സെപ്റ്റംബർ രണ്ടിന് മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും. 2018 ഡിസംബർ 16 മുതൽ 2019 ജനുവരി അഞ്ചുവരെയാണ് ശൈത്യകാല അവധി. അഡെകിന് കീഴിലെ വിദ്യാലയങ്ങളുടെ 2017^2018 വർഷത്തെ അക്കാദമിക കലണ്ടർ പുറത്തിറക്കിയിട്ടുണ്ടെങ്കിലും 2018^2019 വർഷത്തേക്കുള്ളത് പ്രഖ്യാപിച്ചിട്ടില്ല. പുതിയ അധ്യയന വർഷത്തേക്കുള്ള സമ്പൂർണ കലണ്ടർ സർക്കാർ അംഗീകാരത്തിന് ശേഷം ഉടൻ പുറത്തിറക്കുമെന്ന് അഡെക് അറിയിച്ചിട്ടുണ്ട്. ജൂൺ 29ന് മധ്യവേനൽ അവധി ആരംഭിക്കും എന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതരും രക്ഷിതാക്കളും. പല രക്ഷിതാക്കളും മധ്യവേനലവധിക്ക് നാട്ടിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത് തുടങ്ങിയിട്ടുണ്ട്. പുതിയ അധ്യയന വർഷത്തിൽ 180 അധ്യയനദിനങ്ങൾ വേണമെന്നാണ് നിബന്ധന. മുൻ വർഷങ്ങളിൽ ഇത് 175 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.