ദുബൈ: റമദാൻ മാസത്തിൽ നഗരം വൃത്തിയും സുന്ദരവുമായി നിലനിർത്താനും സമഗ്രമായ മാലിന്യ സംസ്കരണത്തിനും വിശദ പദ്ധതിയുമായ ദുബൈ നഗരസഭ. ഭക്ഷണ അവശിഷ്ടങ്ങളുടെ അളവ് താരതമ്യേന കൂടുതലാകയാൽ അവ നിക്ഷേപിക്കുന്നതിന് പള്ളികൾ, ഇഫ്താർ ടെൻറുകൾ എന്നിവക്കടുത്തായി കൂടുതൽ കുട്ടകളും നീക്കം ചെയ്യാൻ കൂടുതൽ ജീവനക്കാരെയും ഒരുക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ കൂടുതൽ വാഹനങ്ങളും ജീവനക്കാരും സജ്ജമാണ്. ജനങ്ങളിൽ നിന്ന് പരാതിയോ നിർദേശങ്ങളോ ലഭിച്ചാൽ അവിടെയെത്തി ഇവ കൈകാര്യം ചെയ്യുന്നതിന് 70 തൊഴിലാളികളുൾക്കൊള്ളുന്ന11 മുതൽ അഞ്ചു മണി വരെ നീളുന്ന പ്രത്യേക ഷിഫ്റ്റും തയ്യാറാക്കിയിട്ടുണ്ട്.
റോഡ് ശുചീകരണം, ബോട്ട് ശുചീകരണം, ജല ഗതാഗത മാർഗങ്ങളുടെ ശുചീകരണം എന്നിവയും ഫീൽഡ് സന്ദർശനവും പൊതുജനങ്ങൾക്കായി കൂടുതൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് മാലിന്യ നിർമാർജന വിഭാഗം മേധാവി അബ്ദുൽ മജീദ് സിഫാഇ വ്യക്തമാക്കി.
മികച്ച ഷോപ്പിങ് രീതികൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് അവബോധം പകരലാണ് മറ്റൊരു പദ്ധതി. വീടുകളിൽ മാലിന്യം വർധിക്കുന്നതു തടയാനും പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപേയാഗിക്കാനും ജനങ്ങളെ പ്രേരിപ്പിക്കും.
ഖിസൈസിലെ മാലിന്യം തള്ളൽ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കും. നിർമാണ സൈറ്റുകളിലെ അവശിഷ്ടങ്ങൾ നിക്ഷേപിക്കാനുള്ള ബയാദ കേന്ദ്രം പുലർച്ചെ അഞ്ചു മുതൽ വൈകീട്ട് അഞ്ചു മണിവരെയും രാത്രി ഒമ്പതു മുതൽ പുലർച്ചെ മൂന്നു മണി വരെയും പ്രവർത്തിക്കും. ഹബ്ബാബ്, വർസാൻ മാലിന്യ സംഭരണ കേന്ദ്രങ്ങൾ പുലർച്ചെ അഞ്ചു മുതൽ 11 വരെ തുറന്നിടും. ജബൽ അലിയിലെ മാലിന്യ സംസ്കരണ പ്ലാൻറ് രാവിലെ ഏഴു മുതൽ 12 മണി വരെയും 12 മുതൽ അഞ്ചു മണി വരെയും രണ്ടു ഷിഫ്റ്റുകളായി പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.