ഷാര്‍ജ: ഖോര്‍ഫക്കാന്‍ പോലുള്ള വടക്കന്‍ പ്രദേശങ്ങള്‍ ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതയുള്ളവയാണ്. മലയോരവും കടലോരവും ഒന്നിച്ച് നില്‍ക്കുന്നതാണ് ഈ പ്രദേശങ്ങളെ വേറിട്ട് നിറുത്തുന്നത്. കടലില്‍ ഇറങ്ങി നില്‍ക്കുന്ന മലകളും ഇവിടെ കാണാം. പ്രവാസത്തിന്‍െറ ആദ്യകാലങ്ങളില്‍ പത്തേമാരികള്‍ ഉന്നം വെച്ചിരുന്നതും യാത്രക്കാരെ ഇറക്കിയിരുന്നതും കടലില്‍ നില്‍ക്കുന്ന മലകള്‍ക്ക് സമീപത്താണ്. ഇതില്‍ ഏറെ ചരിത്രമുള്ള പ്രദേശമാണ് ഖോര്‍ഫക്കാന്‍.
ഇവിടെ കാണുന്ന പല പ്രദേശങ്ങളും കടല്‍ പിന്‍വാങ്ങി രൂപപ്പെട്ടതാണെന്നാണ് ശാസ്ത്ര പക്ഷം. പ്രദേശങ്ങളുടെ പ്രത്യേകതകളും വാദികള്‍ എന്ന് അറബിയില്‍ അറിയപ്പെടുന്ന തോടുകളുടെ കിടപ്പും അത് അരക്കിട്ടുറപ്പിക്കുന്നു. കരിമ്പാറകളാണ് ഈ മേഖലയില്‍ കാണുന്നത്. സസ്യങ്ങള്‍ അധികം വളരാറില്ല. എന്നാല്‍ ചിലഭാഗങ്ങളില്‍ മുള്‍ച്ചെടികള്‍ കാണാം.
പാറകള്‍ കുറച്ച് തുരന്നാല്‍ ജല സാന്നിധ്യവും. മഴ ശക്തമാകുമ്പോള്‍ രൂപപ്പെടുന്ന ഉരുള്‍പ്പൊട്ടലിന് പ്രധാന കാരണം മലകള്‍ക്കുള്ളില്‍ ജലത്തോടൊപ്പം രൂപപ്പെടുന്ന മർദ്ദമാണെന്നാണ് ഗവേഷകര്‍ സ്ഥിരികരിച്ചിട്ടുള്ളത്. പുറത്ത് ശാന്തമായി കാണപ്പെടുന്ന വാദികളുടെ അടുത്ത് മഴക്കാലത്ത് പോകുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വടക്കന്‍ കാറ്റിനോടൊപ്പം എത്തുന്ന മഴയില്‍. ഉരുള്‍പ്പൊട്ടല്‍ ഏറെ നടന്നിട്ടുള്ളത് ഈ കാലത്താണ്.
നിരവധി പേരുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടുണ്ട് മരുഭൂമിയിലെ ഈ കാലാവസ്ഥ മാറ്റം. പെട്ടെന്ന് പൊടിയുന്ന പാറകളാണ് യു.എ.ഇയിലെ മലകളില്‍ കാണപ്പെടുന്നത്. ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകുമ്പോള്‍ ധാരാളം പാറകള്‍ വെള്ളത്തോടൊപ്പം കുത്തിയൊലിച്ച് വരാന്‍ ഇതാണ് പ്രധാന കാരണം. മഴവെള്ളം ഒഴുകുന്ന വാദികളെ കൗതുക പൂര്‍വം വീക്ഷിക്കുമ്പോളാകും ഉരുള്‍പ്പൊട്ടലുണ്ടാകുന്നത്. വൃഷ്ടി പ്രദേശങ്ങള്‍ കണക്കിലെടുത്ത് നിര്‍മിച്ച അണക്കെട്ടുകളിലേക്ക് പെട്ടന്ന് വെള്ളമെത്താന്‍ നിര്‍മിച്ച തോടുകളിലൂടെ മലവെള്ളം കണ്ണടക്കുന്ന വേഗതയില്‍ പാഞ്ഞെത്തുന്നു. കഴിഞ്ഞ ദിവസം മലയാളി വിദ്യാർഥിയെ അപകടപെടുത്തിയതും ഈ ഒഴുക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.