അബൂദബി: റഫാൽ അഴിമതി അന്വേഷിക്കാൻ മാധ്യമപ്രവർത്തകർക്ക് ഭയമാണെന്ന് ശശി തരൂർ എം.പി. റഫാൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ, ഒരു മാധ്യമപ്രവർത്തകനും അന്വേഷണം നടത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അബൂദബി മലയാളി സമാജത്തിൽ സമാജവും ഇൻകാസ് അബൂദബിയും ചേർന്ന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ. കോൺഗ്രസ് ഒരു ജനാധിപത്യപരമായ ഭരണമാണ് കാഴ്ചവെച്ചത്. അക്കാലത്ത് ഒരു മാധ്യമപ്രവർത്തകനും ഞങ്ങളെ ഭയപ്പെട്ടിട്ടില്ല. ബൊഫോഴ്സ് അഴിമതി വിവാദം കത്തുേമ്പാൾ എല്ലാ ദിവസങ്ങളിലും അതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതുപോെല ഇപ്പോൾ പ്രവർത്തിക്കാൻ എന്തുകൊണ്ട് മാധ്യമ പ്രവർത്തകർക്ക് സാധിക്കുന്നില്ല. യു.പി.എ സർക്കാർ നിയമിച്ച കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിന് റിപ്പോർട്ടുകൾ തയാറാക്കാൻ ഞങ്ങൾ സ്വാതന്ത്ര്യം നൽകി. എന്നാൽ ഇപ്പോൾ ആ സ്വാതന്ത്ര്യമില്ല.
2019ൽ മൂന്നാം യു.പി.എ സർക്കാറാണ് അധികാരത്തിൽ വരാൻ പോകുന്നതെന്ന് ശശി തരൂർ പറഞ്ഞു. ഇതിന് തെരഞ്ഞെടുപ്പിന് മുേമ്പാ ശേഷമോ ഉള്ള സഖ്യം അത്യാവശ്യമാണ്. സംസ്ഥാന തെരെഞ്ഞടുപ്പിൽ ബി.എസ്.പി നേതാവ് മായാവതി സഖ്യത്തിൽനിന്ന് മാറിനിന്നുവെന്നത് സത്യമാണ്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിെൻറ ഒപ്പം നിൽക്കുമെന്നതിൽ ഒരു സംശയവുമില്ല. കോൺഗ്രസും ബി.എസ്.പിയും സമാജ്വാദി പാർട്ടിയും ഒരുമിച്ചുനിന്നാൽ ബി.ജെ.പിക്ക് യു.പിയിൽ പത്ത് സീറ്റ് കിട്ടിയാൽ ഭാഗ്യമായിരിക്കും. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 160 സീറ്റായിരിക്കും പരമാവധി ലഭിക്കുക. കോൺഗ്രസിന് കുറഞ്ഞത് 115 സീറ്റ് ലഭിക്കും. പ്രാദേശിക പാർട്ടികളുടെ ശക്തി പരിഗണിച്ചാൽ കോൺഗ്രസിന് സർക്കാറുണ്ടാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
വിദേശകരങ്ങൾക്ക് ഒരിക്കലും ഇന്ത്യയുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഭാഷകളും വിവിധ സംസ്ഥാനങ്ങളുമുള്ള വലിയ രാജ്യമായ ഇന്ത്യയിൽ ഒരു വിദേശ ഏജൻസിക്ക് തെരഞ്ഞെടുപ്പുകളിൽ ഇടപെടാൻ സാധിക്കില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താൻ സാധിക്കുമെന്ന് താൻ കരുതുന്നില്ല. വ്യത്യസ്ത തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത ഫലം വരുന്നത് ഇതിന് തെളിവാണ്. കഴിഞ്ഞ അഞ്ചു വർഷം നമ്മൾ കണ്ടത് മാർക്കറ്റിങ് ഒാഫ് മോദിയാണ്. മോദിയുടേത് വൺ മാൻ ലീഡർഷിപ്പാണ്. എന്നാൽ, രാഹുൽഗാന്ധിയുടേത് സഹകരണ ലീഡർഷിപ് ആണ്. മോദിയെ നേരിടാൻ നല്ല മനസ്സും അറിവും ബുദ്ധിയുമുള്ള രാഹുൽ ഗാന്ധിക്ക് എന്തുകൊണ്ടും സാധിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി. പാർട്ടി ഒരു നിലപാട് എടുത്ത ശേഷം ആ പാർട്ടിയിലുള്ള വ്യക്തി മറ്റൊരു അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അത് വിവാദങ്ങൾക്ക് ഇടയാക്കുമെന്നും ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയവുമായി ബന്ധപ്പെട്ട് ശശി തരൂർ പറഞ്ഞു. ജനാധിപത്യ സമൂഹത്തിൽ പല വിധത്തിലും മാറ്റങ്ങൾ വരാമെങ്കിലും ചിലപ്പോൾ ജുഡീഷ്യറി മുഖേന മാത്രമേ വലിയൊരു മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. അമേരിക്കയിൽ നിറഭേദമന്യേ എല്ലാ കുട്ടികൾക്കും ഒരേ സ്കൂളിൽ പഠിക്കാനുള്ള അനുമതി നൽകിയത് അമേരിക്കൻ സുപ്രീം കോടതിയാണ്. ആ സമയത്ത് യു.എസ് സെനറ്റിലെ ജനപ്രതിനിധികൾ ഒരിക്കലും അത്തരമൊരു നിയമം പാസാക്കുമായിരുന്നില്ല. കോടതി വിധിക്ക് ശേഷം പത്തിരുപത് വർഷം പ്രതിഷേധങ്ങൾ നിലനിന്നെങ്കിലും ഇപ്പോൾ എല്ലാവരും വിധി സ്വീകരിച്ചു.
സുപ്രീംകോടതി വിധി നടപ്പാക്കുകയോ റിവ്യു പെറ്റീഷൻ നൽകുകയോ മാത്രമേ ശബരിമല വിഷയത്തിൽ ചെയ്യാനുള്ളൂ. എൻ.എസ്.എസും കോൺഗ്രസും റിവ്യു പെറ്റീഷൻ നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഞാൻ എെൻറ പാർട്ടിക്ക് എതിര് പറയുന്നില്ല. ജനങ്ങളുടെ മൂഡ് മനസ്സിലാക്കിയാണ് അവർ നിലപാട് എടുത്തിരിക്കുന്നത്. കേരളത്തിൽ രണ്ട് വർഷം കൊണ്ട് ഇടതുപക്ഷ സർക്കാറിെൻറ ജനപ്രീതി കുറഞ്ഞുവരികയായിരുന്നു. പ്രളയം വന്നതോടെ കേരളീയർ ഒറ്റക്കെട്ടായി നിന്നപ്പോൾ സംസ്ഥാന സർക്കാറിന് കുറച്ചൊരു ഉയർച്ച ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും ആറ് മാസം ബാക്കിയുണ്ട്. അതിനിടക്ക് മന്ത്രിമാരടക്കം വിദേശത്ത് പണം പിരിക്കാൻ പോകുേമ്പാൾ അതിെൻറ ഫലം അവർക്ക് ഗുണം ചെയ്യുമോയെന്നത് പറയാനാവില്ല. ബി.ജെ.പിക്ക് കേരളത്തിൽ സാധ്യതയില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.