അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലെ ഹണ്ടിങ് പ്രദർശന നഗരിയിൽ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ എത്തിയപ്പോൾ
അബൂദബി: അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ പ്രദർശനത്തിന് (അഡിഹെക്സ്) അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ പ്രൗഢോജ്ജ്വല തുടക്കം. യു.എ.ഇ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച പ്രദർശനത്തിൽ 44 രാജ്യങ്ങളിലെ 680 പേരാണ് പങ്കെടുക്കുന്നത്. മധ്യപൗരസ്ത്യ ആഫ്രിക്കൻ മേഖലയിലെ ഏറ്റവും വലിയ വേട്ടപ്രദർശനത്തിൽ 319 ഇമറാത്തി പ്രദർശകരും പങ്കെടുക്കുന്നുണ്ട്. പരമ്പരാഗത രീതിയിലുള്ള വേട്ട ഉപകരണങ്ങളുടെ ഏറ്റവും പുതിയ പതിപ്പുകൾ ലോക രാജ്യങ്ങളിൽനിന്നുള്ള വേട്ടക്കാരെ ആകർഷിക്കും. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഫാൽക്കണർമാർ, വേട്ടക്കാർ, കുതിരസവാരി പ്രേമികൾ, വേട്ട ഉപകരണങ്ങളുടെ ഉപയോക്താക്കൾ, വ്യാപാരികൾ എന്നിവരെ പരിപാടി ആകർഷിക്കുന്നു. പശ്ചിമ അബൂദബിയിലെ റൂളേഴ്സ് പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷകർതൃത്വത്തിലാണ് പ്രദർശനം. അഡിഹെക്സിനോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം വേട്ടക്കാരെ ആകർഷിക്കുന്ന സുപ്രധാന പഠനവേദിയാണ്. സൗജന്യ പങ്കാളിത്ത വർക്കുകൾ, പാനൽ ചർച്ചകൾ, അഡിഹെക്സ് പങ്കാളികൾക്കുള്ള പഠനങ്ങൾ എന്നിവയും ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ പ്രദർശന നഗരിയിൽ നടക്കുന്നു. കുതിര സവാരി, വേട്ടയാടൽ, സഫാരി യാത്രകൾക്കുള്ള ക്യാമ്പിങ് ഉപകരണങ്ങൾ, വേട്ടയാടൽ ആയുധങ്ങൾ, സാംസ്കാരിക പൈതൃക പ്രദർശനം, ബാഹ്യ വിനോദങ്ങൾക്കായുള്ള വാഹനങ്ങൾ, വെറ്ററിനറി ഉപകരണം ഉൾപ്പെടെ 11 വൈവിധ്യ മേഖലകളിലായാണ് പ്രദർശനം.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനാണ് 2003ൽ അഡിഹെക്സ് ആരംഭിച്ചത്. കഴിഞ്ഞ ദശകത്തിൽ 15 ലക്ഷത്തിലധികം സന്ദർശകരെ അറേബ്യൻ പാരമ്പര്യത്തിെൻറ ഓർമകൾ പകരുന്ന വേട്ട പ്രദർശനം ആകർഷിച്ചു. വേട്ട ആയുധങ്ങൾ വാങ്ങാൻ ഇമറാത്തികളെ അനുവദിച്ചതും യു.എ.ഇയിലെ തോക്ക് നിയമങ്ങളിലെ മാറ്റവുംകാരണം 2019ൽ വേട്ട ഉപകരണങ്ങൾ വാങ്ങാനെത്തിയ സ്വദേശികളുടെ എണ്ണം വർധിച്ചിരുന്നു. 21 വയസ്സിനു മുകളിലുള്ള ഇമാറാത്തികൾക്ക് യു.എ.ഇയിൽ വേട്ട തോക്കുകൾ സ്വന്തമാക്കാൻ അനുവദിച്ചതും ഒട്ടേറെ യുവാക്കളെ വേട്ട തോക്കുകൾ സ്വന്തമാക്കാൻ ആകർഷിച്ചു. എല്ലാ രാജ്യക്കാരെയും ആയുധങ്ങൾ വാങ്ങാൻ അനുവദിച്ചിരുെന്നങ്കിലും വാങ്ങുന്നവർക്ക് അവരുടെ നാട്ടിൽ തോക്ക് ലൈസൻസ് ഉണ്ടായിരിക്കണമെന്നും നിഷ്കർഷിച്ചു. അവിടെയുള്ള പൊലീസ് അധികൃതരിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണമായിരുന്നു. ഈ വർഷവും വേട്ട ആയുധങ്ങളുടെയും തോക്കുകളുടെയും വിൽപന വർധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തോക്കുകളുടെ പവിലിയനിൽ തിരക്ക്
അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് പ്രദർശന നഗരിയിൽ ലോകപ്രശസ്ത ബ്രാൻഡുകളിലുള്ള 220 ഇനം റൈഫിളുകൾ, ആയുധങ്ങൾ, വേട്ട പിസ്റ്റളുകൾ എന്നിവയുടെ വലിയ പവിലിയനുമായി ബൈനൂന നാഷനൽ മിലിറ്ററി എക്യുപ്മെൻറ്സ് ആൻഡ് ഫിഷിങ് പങ്കെടുക്കുന്നു. കമ്പനി നൽകുന്ന റൈഫിളുകളും വേട്ട ഉപകരണങ്ങളും പ്രദർശിപ്പിക്കുന്നതായി ബൈനൂന സി.ഇ.ഒ സയീദ് അൽ ഗഫ്ലി പറഞ്ഞു. ലൈസൻസുകളും അംഗീകാരങ്ങളും ഉപയോഗിച്ച് തോക്കുകളുടെ വിൽപനയും വാങ്ങലും അനുവദനീയമാണ്. ബൈനൂന കമ്പനിയുടെ പവിലിയനിൽ വേട്ടയാടാനുള്ള ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും നൽകുന്നതിന് അന്താരാഷ്്രട കമ്പനികളുമായി ഒട്ടേറെ കരാറുകളിൽ ഏർപ്പെടും. ഏറ്റവും പുതിയ ആയുധങ്ങൾ വാങ്ങുന്നത് ഉൾപ്പെടെ വേട്ടയാടൽ മേഖലയിലെ സാങ്കേതികവിദ്യയും ആയുധങ്ങളും രാജ്യത്തെ വിവിധ എമിറേറ്റുകളിലും ഗൾഫ് മേഖലയിലും കമ്പനി കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.