തൈമൂര്‍ താരിഖും ഭാര്യ ശ്രീജയും
സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പാക് മരുമകന് കേരളത്തില്‍
അജ്മാന്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേരാന്‍ കേരളത്തിന്റെ പാക് മരുമകനും. ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ തന്റെ ഭാര്യയുടെ നാടായ കോട്ടയം പുതുപ്പള്ളിയിലേക്ക് യാത്രയായിരിക്കുകയാണ് പാകിസ്താന് സ്വദേശി തൈമൂര്‍ താരിഖ്.
ആഗസ്റ്റ് 15ന് നാട്ടിലെത്തുന്ന തൈമൂര്‍ പുതുപ്പള്ളിയില്‍ തന്റെ പിതാവിന്റെ പേരില്‍ പണി കഴിപ്പിച്ച വീട്ടില്‍ കുടുംബത്തോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കും. കേരളത്തിലെ പച്ചപ്പിനെയും ജനങ്ങളെയും ഏറെ സ്നേഹിക്കുന്ന ഇദ്ദേഹം പുതുതായി ലഭിച്ച വിസിറ്റ് വിസയിലാണ് രണ്ടാഴ്ചത്തേക്ക് കേരളത്തിലേക്ക് എത്തുന്നത്.
ഈയിടെ വയനാടുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്റെ സഹായം, മുമ്പുണ്ടായ പ്രളയത്തിലെന്നപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൈമൂർ കൈമാറിയിരുന്നു.
ഇന്ത്യ എന്നും തന്റെ ഇഷ്ടപ്പെട്ട രാജ്യമാണെന്നും അതുകൊണ്ടാണ് ജീവിതസഖിയെ കേരളത്തില്‍നിന്ന് കണ്ടെത്തിയതെന്നും പ്രിയതമയുടെ കൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നതുതന്നെ വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും തൈമൂര്‍ താരിഖ് പ്രതികരിച്ചു. യു.എ.ഇയിലെ അജ്മാനിലാണ് തൈമൂര്‍ താരിഖ് ഭാര്യ പുതുപ്പള്ളി സ്വദേശിനി ശ്രീജയോടൊപ്പം താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.