ദുബൈ: ഒാരോ ദിവസവും കഴിയുന്തോറും യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്നവരുടെ ദുരിതം കൂടുന്നു. പ്രതീക്ഷയോടെ നോക്കിനിന്ന ഇന്ത്യൻ എംബസിയും കോൺസുലേറ്റും കൈയൊഴിഞ്ഞതോടെ തങ്ങൾക്ക് താങ്ങാവാൻ തങ്ങൾ മാത്രമേയുള്ളൂ എന്ന മനോനിലയിലാണവർ. ഇൻകാസ് പോലുള്ള പ്രവാസി സംഘടനകൾ സഹായഹസ്തം നീട്ടിയിട്ടുണ്ടെങ്കിലും അതൊന്നും മതിയാവില്ല ഇവരുടെ ദുരിതങ്ങൾക്ക് അറുതിവരുത്താൻ.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരങ്ങളാണ് യു.എ.ഇയിലുള്ളത്. ഇതിൽ പകുതിയും മലയാളികളാണ്. ചില പ്രാദേശിക കൂട്ടായ്മകളും സ്ഥാപനങ്ങളും അവരുടേതായ രീതിയിൽ സഹായം െചയ്യുന്നുണ്ട്. ഭക്ഷണം എത്തിച്ചും താമസ സൗകര്യങ്ങളൊരുക്കിയും ഇവർ ഒപ്പംനിൽക്കുന്നത് പലർക്കും ആശ്വാസമാണ്. ട്രാവൽ ഏജൻസികൾ നൽകിയ പാക്കേജ് കാലാവധി ഇന്നും നാളെയുമായി തീരുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഇവിടെ തങ്ങണമെങ്കിൽ ദിവസവും നല്ലൊരു തുക ചെലവാകും. വിസ കാലാവധി കഴിയുന്നവരും ആശങ്കയിലാണ്. വിസ പുതുക്കണമെങ്കിൽ ഏകദേശം 1000 ദിർഹം മുടക്കണം. അതേസമയം, 300 ദിർഹം മുടക്കിയാൽ നാട്ടിലേക്ക് മടങ്ങാം. എന്നാൽ, സൗദിയിലേക്കും കുവൈത്തിലേക്കും ഉടൻ മടങ്ങിയെത്തിയില്ലെങ്കിൽ ജോലി പോകുന്ന അവസ്ഥയിലുള്ളവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാൻ കഴിയില്ല. അതിനാലാണ് ഇവർ ദുരിതങ്ങൾ സഹിച്ചും ഇവിടെ തങ്ങുന്നത്. പലർക്കും യു.എ.ഇ സിം കാർഡ് ഇല്ലാത്തതിനാൽ ഹോട്ടലുകളിലെ വൈഫൈ വഴിയുള്ള വാട്സ്ആപ് ചാറ്റിങ് മാത്രമാണ് ആശ്രയം. ഇവർക്കായി അഞ്ചോളം വാട്സ്ആപ് ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്. എങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനെത്തത്തണമെന്ന ചർച്ചകളാണ് ഗ്രൂപ്പുകളിൽ നടക്കുന്നത്. ഒമാൻ, ബഹ്റൈൻ വഴിയുള്ള യാത്രക്കാണ് ശ്രമം. അവിടെ എത്തിയാലും 14 ദിവസം ക്വാറൻറീൻ നിർബന്ധമാണ്. പലരും ഇതിനകം ഒമാനിലും ബഹ്റൈനിലും എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.