ഒാൺലൈനിൽ വിൽക്കുന്ന 90 ശതമാനം മരുന്നുകളും വ്യാജം -ആരോഗ്യ മന്ത്രാലയം

അബൂദബി: ഒാൺലൈൻ വഴി ഒൗഷധങ്ങൾ വാങ്ങുന്നതിനെതിരെ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ വിൽപന നടത്തുന്ന 90 ശതമാനം മരുന്നുകളും വ്യാജവും ജീവന് ഭീഷണിയുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതായും അധികൃതർ അറിയിച്ചു. സാമൂഹിക മാധ്യമങ്ങൾ വഴിയും ഇ-മാർക്കറ്റിങ് വഴിയും ഇത്തരം ഒൗഷധങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 

ഒാരോ വർഷവും ആയിരക്കണക്കിന് രോഗികളുടെ മരണത്തിന് കാരണമാകുന്ന വ്യാജ ഒൗഷധക്കച്ചവടത്തെ സംഘടിത കുറ്റകൃത്യമായാണ് ലോകാരോഗ്യ സംഘടന കാണുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ നയ-ലൈസൻസ് മേഖല അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ ആൽ അമീരി പറഞ്ഞു. മിക്ക വ്യാജ മരുന്നുകളും വിവിധ രാജ്യങ്ങളിൽനിന്ന് കള്ളക്കടത്ത് നടത്തി പല രോഗങ്ങളുടെയും ചികിത്സക്ക് അനുയോജ്യമാണെന്ന് കള്ളപ്രചാരണം നടത്തിയാണ് ഒാൺലൈനിൽ വിൽക്കുന്നത്. പ്രമേഹം, അമിത രക്തസമ്മർദം, പൊണ്ണത്തടി തുടങ്ങിയവക്കുള്ള മരുന്നുകളാണെന്നാണ് പ്രചാരണം. ഇൗ രോഗങ്ങളുടെ മരുന്നുകൾക്കുള്ള വർധിച്ച ആവശ്യകത തട്ടിപ്പുകാർക്ക് സഹായകമാകുന്നു. 

തട്ടിപ്പ് മരുന്നുകൾ വഴി വലിയ ലാഭമാണ് ഇതുമായി ബന്ധപ്പെട്ടവർ ഉണ്ടാക്കുന്നത്. ശരിയായ ധാരണയില്ലാത്തതിനാലാണ് ജനങ്ങൾ അവ വാങ്ങുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പദാർഥങ്ങൾ ചേർത്താണ് വ്യാജ മരുന്നുകൾ ഉണ്ടാക്കുന്നത്. ശരിയായ മരുന്നുകളിലും ആരോഗ്യ പരിചരണ സമ്പ്രദായങ്ങളിലുള്ള വിശ്വാസ്യത ഇല്ലാതാക്കുക കൂടി ചെയ്യുന്നുണ്ട് ഇൗ മരുന്നുകൾ. അന്താരാഷ്ട്ര സമ്മേളനങ്ങൾ സംഘടിപ്പിച്ചും മറ്റും വ്യാജ മരുന്നുകൾ ഇല്ലാതാക്കാനുള്ള പല പ്രവർത്തനങ്ങളും മന്ത്രലയം നടത്തുന്നുണ്ടെന്നും ഡോ. അമീൻ ഹുസൈൻ ആൽ അമീരി കൂട്ടിച്ചേർത്തു.

News Summary - online medical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.