ഒമാന്‍ യാത്ര സുഗമമാവും

അബൂദബി: ഒമാന്‍ അതിര്‍ത്തിയിലെ ഖതം അല്‍ ശിക്ലയില്‍ വാഹനങ്ങള്‍ വേഗത്തില്‍ സ്കാന്‍ ചെയ്യുന്ന സംവിധാനം സ്ഥാപിച്ചതായി അബൂദബി കസ്റ്റംസ്  അറിയിച്ചു. ഇസഡ് പോര്‍ട്ടല്‍ എന്നറിയപ്പെടുന്ന സ്കാനര്‍ വഴി കാറുകള്‍ അടിമുടി പരിശോധിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 120 കാറുകള്‍ വരെ സ്കാന്‍ ചെയ്യാനാവും. സ്കാനറിലെ എക്സ് റേ സാങ്കേതികവിദ്യ ലോഹങ്ങള്‍, സ്ഫോടക വസ്തുക്കള്‍, ആയുധങ്ങള്‍, മയക്കുമരുന്ന്, ആല്‍ക്കഹോള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ അതിവേഗം പിടിച്ചെടുക്കും. 
അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതോടൊപ്പം യാത്രാനടപടികള്‍ വേഗത്തിലാക്കാനും ബുധനാഴ്ച പ്രവര്‍ത്തനമാരംഭിച്ച സംവിധാനം ഉപകരിക്കുമെന്ന് അബൂദബി കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ആല്‍ ഹമേലി പറഞ്ഞു. 
യാത്രക്കാര്‍ക്കോ ഭക്ഷണവസ്തുക്കള്‍ക്കോ ഒരു ദോഷവുമില്ലാത്ത വിധം വാഹനത്തിനകത്തെ എല്ലാ വസ്തുക്കളും തിരിച്ചറിയാന്‍ ഇസഡ് പോര്‍ട്ടലിന് സാധിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതേ സംവിധാനം സൗദി അറേബ്യന്‍ അതിര്‍ത്തിയായ ഗുവൈഫാതില്‍ ഉള്‍പ്പെടെ അബൂദബി എമിറേറ്റിലെ മറ്റു കസ്റ്റംസ് കേന്ദ്രങ്ങളില്‍ നേരത്തെ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  അല്‍ഐന്‍ നഗരത്തില്‍നിന്ന് 15 കിലോമീറ്റര്‍ വടക്കു കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഖതം അല്‍ ശിക്ല കടന്നാണ് ഒമാന്‍ നഗരമായ ബുറൈമിയിലേക്ക് പോവുക. 
ഒമാനിലേക്ക് പോകാനും തിരിച്ചുവരാവനും യു.എ.ഇ താമസ വിസയുള്ള വിദേശികള്‍ ധാരാളമായി ഉപയോഗിക്കുന്ന വഴിയാണിത്. 
ബുറൈമിയില്‍ കെട്ടിട വാടക താരതമ്യേന കുറവായതിനാല്‍ അല്‍ഐനില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ താമസിക്കുന്നത് ബുറൈമിയിലാണ്. ഇവരുടെ മക്കള്‍ അല്‍ഐനിലെ സ്കൂളുകളിലേക്ക് നിത്യേന യാത്ര ചെയ്തത്തെുന്നു. 
യു.എ.ഇ  താമാസ വിസ ഇല്ലാത്തവര്‍ക്കും നികുതിയടച്ച് ഇതുവഴി ഒമാനിലേക്ക് പോകാന്‍ അനുമതിയുണ്ട്. 
ഒമാനിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അല്‍ മദീഫ് കസ്റ്റംസ് കേന്ദ്രത്തിലെ ചെക്കിങ് പോയിന്‍റുകളില്‍ ഈയിടെ പുതിയ പാതകള്‍ നിര്‍മിച്ചിരുന്നു.
ദിവസേന 4,500ഓളം വിനോദ സഞ്ചാര വാഹനങ്ങള്‍ എത്തുന്നതിനാല്‍ അല്‍ മദീഫില്‍ രണ്ട് പാതകള്‍ മാത്രമുണ്ടായിരുന്ന സമയത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് പാതകളുടെ എണ്ണം നാലായി വര്‍ധിപ്പിച്ചത്. ഇതോടെ വാഹന പരിശോധനയും രജിസ്ട്രേഷനും സുഗമമാവുകയും ചെയ്തു. അല്‍ മദീഫിനും ഖതം അല്‍ ശിക്ലക്കും പുറമെ അല്‍ശഎനിലെ അല്‍ ഹിലിയിലും അതിര്‍ത്തി ചെക് പോസ്റ്റ് ഉണ്ട്.


 

Tags:    
News Summary - oman travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.