വൈകുന്നേരങ്ങൾ മനസിനെ ശാന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പ്രകൃതിയുടെ കൺകുളിർമ്മയേകുന്ന കാഴ്ച്ചകളും വിനോദങ്ങളുമൊക്കെയായി കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ഷാർജയിലൊരിടം അന്വേഷിച്ച് നടക്കാറാണ് പതിവ്. രാത്രിയുടെ മനോഹാര്യത ആവോളം ആസ്വദിക്കാനും കുടുംബത്തോടൊപ്പം ഇത്തിരി നേരം കഥ പറഞ്ഞിരിക്കാനും ഒപ്പം നിരവധി കലാസാംസ്കാരിക പരിപാടികളമൊക്കെയായി മനസ്സ് നിറക്കുന്നയൊരിടമുണ്ട് ഷാർജയിൽ. സാംസ്കാരിക പരിപാടികളിൽ മുൻപന്തിയിലുള്ള ഷാർജയിലെ പ്രധാന ആകർഷണമായ അൽ ഖസ്ബ.
ഷാർജയിലെ ഏറ്റവും മനോഹരമായ വാട്ടർഫ്രണ്ട് കമ്മ്യൂണിറ്റികളിൽ ഒന്നായ അൽ ഖസ്ബയിൽ രസകരമായ നിരവധി പ്രവർത്തനങ്ങൾക്കൊപ്പം മനസ്സ് നിറക്കാൻ നിരവധി പരിപാടികളുമുണ്ട്. ചിത്രങ്ങളെയും പെയിൻറിങ്ങുകളെയും ഇഷ്ടപ്പെടുന്നവർക്ക് കലാകേന്ദ്രങ്ങളും ഭക്ഷണ പ്രിയർക്കായി വ്യത്യസ്ഥ കഫെകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങളും ഇവന്‍റുകളും ഒഴിവുസമയം ചിലവഴിക്കാനുള്ള വിനോദങ്ങളുമൊക്കെയായി ആളുകളെ ആകർഷിക്കുന്ന അൽ ഖസ്ബയിലേക്ക് വൈകുന്നേരങ്ങളിൽ നിരവധി പേരാണ് എത്താറുള്ളത്.
അൽ ഖസ്ബ തിയേറ്റർ, ആർട്ട് സെന്‍ററുകൾ തുടങ്ങിയ നിരവധി സർഗ്ഗാത്മക വേദികൾ കൂടി ഇവിടെയുണ്ട്. കമ്മ്യൂനിറ്റിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന മറായ ആർട്ട് സെന്‍റർ കലയെ ഇഷ്ടപ്പെടുന്നവർക്കുള്ള പ്രധാന ആകർഷണങ്ങളിലൊന്നാണ്. മിഡിൽ ഈസ്റ്റേൺ, അന്തർദേശീയ കലാകാരന്മാർ അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത ക്രിയേറ്റീവ് ഇടമാണ് അൽ ഖസ്ബയിലെ മറായ ആർട്ട് സെന്‍റർ. വീഡിയോ ആർക്കൈവ്, മൾട്ടി മീഡിയ സൗകര്യങ്ങൾ, ആർട്ട് ലൈബ്രറി എന്നിവയടങ്ങുന്നതാണ് മറയ ആർട്ട് സെൻറ്റർ.
പൂന്തോട്ടങ്ങൾ, ഫൗണ്ടെയ്നുകൾ തുടങ്ങി വാട്ടർഫ്രണ്ടിന്‍റെ മനോഹാര്യത ആസ്വദിച്ച് കുടുംബവുമായിരുന്ന് കുശലം പറയാനുള്ള ഇടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത മിഡിൽ ഈസ്റ്റേൺ മുതൽ ഇറ്റാലിയൻ വിഭവങ്ങൾ വരെ വൈവിധ്യമാർന്ന പാചകരീതികൾ തയ്യാറാക്കുന്ന റെസ്റ്റോറൻറുകളും സ്റ്റാർബക്സ്, കാരിബൗ കോഫി, ഡങ്കിൻ ഡോനട്ട്സ്, ലണ്ടൻ ഡയറി തുടങ്ങി നിരവധി കഫേകളും ഐസ്‌ക്രീം പാർലറുകളും അൽ ഖസ്ബയിലുണ്ട്. പല രാജ്യങ്ങളുടെയും രുചിക്കൂട്ടുകൾ സമ്മേളിക്കുന്നൊരിടം കൂടിയാണ് അൽ ഖസ്ബ. വ്യത്യസ്ഥ രാജ്യങ്ങളിലെ രുചികൾ പരിചയപ്പെടുത്താൻ നിരവധി റസ്റ്റാറൻറുകളും ഇവിടെയുണ്ട്. കൂടാതെ, യു.എ.ഇയിലെ കനാലുകളിൽ നിന്നുള്ള പുതിയ മത്സ്യങ്ങളെ അവതരിപ്പിക്കുന്ന ഫിഷ് കോർണറും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
സാംസ്കാരിക കച്ചേരികളും ചലച്ചിത്ര പ്രദർശനങ്ങളും നടത്തുന്ന അക്കോസ്റ്റിക് ഓഡിറ്റോറിയമായ മസ്റ അൽ ഖസ്ബയിലെ തിയേറ്ററുകളിൽ യക്ഷിക്കഥകളുടെ മനോഹരമായ അഡാപ്റ്റേഷനുകളടങ്ങിയ കഥകൾ പ്രദർശിപ്പിക്കാറുണ്ട്. കുട്ടികളെ ചരിത്രവും സംഗീതവും പുരാതന കഥകളും പഠിപ്പിക്കുന്ന വേൾഡ് ഓഫ് സ്റ്റോറീസും തിയറ്ററിലുണ്ട്. ചുരുക്കത്തിൽ പലതരം ആകർഷണങ്ങളൊത്ത് കൂടുന്ന ആകർഷണങ്ങളുടെ വലിയൊരിടം തന്നെയാണ് അൽ ഖസ്ബ വാട്ടർഫ്രണ്ട് കമ്മ്യൂനിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.