പരീക്ഷണ ഓട്ടം നടത്തുന്ന ആർ.ടി.എയുടെ സ്മാർട്ട് വെഹിക്ൾ
മെട്രോ, ട്രാം റെയിൽ പാതയുടെ സുരക്ഷ പരിശോധനക്ക് സ്മാർട്ട് വാഹനം
ദുബൈ: എമിറേറ്റിലെ മെട്രോ, ട്രാമുകൾ കടന്നുപോകുന്ന റെയിൽ ശൃംഖലകളുടെ സുരക്ഷ പരിശോധന കാര്യക്ഷമമാക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുറത്തിറക്കിയ സ്മാർട്ട് വാഹനത്തിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു.
റെയിൽപാതകളുടെ പരിസരത്തെ നിയമലംഘനങ്ങൾ, തൂണുകളുടെ തകരാറുകൾ, അനധികൃത പ്രവർത്തനങ്ങൾ എന്നിവ അധിവേഗം കണ്ടെത്താൻ കഴിയുന്ന നൂതനമായ ഇന്റലിജൻസ് സംവിധാനങ്ങളും കാമറകളും ഘടിപ്പിച്ച വാഹനമാണ് പുറത്തിറക്കിയത്. സ്മാർട്ട് സർവിസസ് ഡിപ്പാർട്മെന്റുമായി സഹകരിച്ചാണ് നൂതനമായ പരിശോധന വാഹനം പുറത്തിറക്കിയതെന്ന് ആർ.ടി.എയുടെ റെയിൽ റൈറ്റ് ഓഫ് വേ ഡയറക്ടർ അബ്ദുറഹ്മാൻ അൽ ജനഹി പറഞ്ഞു. ദുബൈയിലെ റെയിവേ അടിസ്ഥാന സൗകര്യങ്ങൾ സുരക്ഷിതമാക്കുന്നതിന് ഇത്തരം സംവിധാനങ്ങൾ സഹായകമാവുമെന്നാണ് വിലയിരുത്തൽ.
റെയിൽവേ പരിശോധനകളുടെ കാര്യക്ഷമത വർധിപ്പിക്കുക മാത്രമല്ല, തകരാറുകൾ അതിവേഗത്തിൽ തിരിച്ചറിയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതുവഴി റെയിൽ സർവിസുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. റെയിൽ ശൃംഖലയുടെ പുരോഗതി നിലനിർത്താൻ നിർമിത ബുദ്ധിയും വാഹനം ഉപയോഗിക്കും. പരിശോധന നടത്തുന്ന മേഖലകളുടെ പൂർണമായ കവറേജ് കൈവരിക്കുക, റിപ്പോർട്ടുകൾ തയാറാക്കുന്നതിന്റെ വേഗം ഇരട്ടിയാക്കുക, ഔട്ട്പുട്ടുകളുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നിവയാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്. പരിശോധന പ്രക്രിയയിലെ മാനുഷിക പിഴവുകൾ കുറക്കാനും മികച്ച തീരുമാനങ്ങൾ എടുക്കുന്നതിന് ശക്തമായ പിന്തുണ നൽകാനും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.