ഷാര്‍ജ: യു.എ.ഇയുടെ കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയില്‍ കനത്ത നാശനഷ്ടങ്ങളും ഗതാഗത തടസ്സവുമുണ്ടായി. ഇടിയും മിന്നലും കാറ്റും മഴക്ക് അകമ്പടിയായി. നിര്‍മാണ മേഖലയില്‍ സ്ഥാപിച്ച വേലികളും ബോർഡുകളും മറ്റും പലയിടത്തും നിലംപൊത്തി. പ്രധാന- ഉള്‍നാടന്‍ റോഡുകളില്‍ വെള്ളം കയറിയതിനാൽ ഗതാഗതം മുടങ്ങി.
നിരവധി പരസ്യബോര്‍ഡുകളും ഫുജൈറയിലെ നിരവധി കാര്‍ പാര്‍ക്കുകളുടെ കുടകളും തകര്‍ന്നു. ഇടിമിന്നലും കനത്ത മഴയും കാരണം ഫുജൈറയിലെ പ്രശസ്തമായ വിപണികളിലൊന്നായ അഹ്ലി സൂക്കിലെ കടകള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായി. ശനിയാഴ്ച പുലര്‍ച്ച രണ്ടുമണിയോടെ ഫുജൈറയില്‍ പെയ്യാന്‍ തുടങ്ങിയ കനത്ത മഴ ഏറെ നേരം നീണ്ടു. പര്‍വതപ്രദേശങ്ങളിലെ തോടുകളിലും അണക്കെട്ടുകളിലും ഒഴുക്ക് കൂടിയിട്ടുണ്ട്. ഫുജൈറ ഫ്രീ സോണിലും പാര്‍പ്പിട പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു.
ചെറിയ അപകടങ്ങളൊഴികെ ആളപായമോ വലിയ ട്രാഫിക് അപകടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് ഫുജൈറ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് ബിന്‍ ഗാനേം വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പ് ഫുജൈറ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ഇടിമിന്നല്‍ മൂലമുണ്ടായ അവശിഷ്ടങ്ങളും റോഡുകളിലെ വെള്ളക്കെട്ടും നീക്കി. അതേസമയം, വാദി ഷീസ് മുതലായ ഷാര്‍ജ പ്രദേശങ്ങളില്‍ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. ഒരു കാരണവശാലും തോടുകളിലും മറ്റും ഇറങ്ങരുതെന്നാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്. മലയാളി വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുമ്പ് മരിച്ച പ്രദേശം കൂടിയാണ് വാദി ഷീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.