അബൂദബി: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ സ്മരണ പ്രതിഫലിപ്പിച്ചും യു.എ.ഇ പൈതൃക സംസ്കാരം വിളംബരം ചെയ്തും ചൊവ്വാഴ്ച വൈകീട്ട് അൽ വത്ബ സായിദ് പൈതൃകോത്സവ നഗരിയിൽ നടന്ന ‘മാർച്ച് ഓഫ് യൂനിയനി’ൽ പതിനായിരങ്ങൾ അണിനിരന്നു.
പുരാതന ഇമറാത്തി സമൂഹത്തിെൻറ ജീവിതം വിവരിക്കുന്ന തത്സമയ പ്രകടനങ്ങൾ ഉൾപ്പെടെ ഉത്സവനഗരിയിലെ പാരമ്പര്യത്തനിമയുടെ വഴിയടയാളങ്ങൾ അഭിമാനത്തോടെയാണ് ഓരോ ഗോത്രവർഗങ്ങളും അവതരിപ്പിച്ചത്. യു.എ.ഇ 48ാം ദേശീയ ദിനാഘോഷങ്ങളുമായി സമന്വയിപ്പിച്ചായിരുന്നു സായിദ് ഫെസ്റ്റിവൽ നഗരിയിൽ രാജ്യത്തെ ഗോത്രവർഗങ്ങളുടെ നേതൃത്വത്തിലെ സ്പിരിറ്റ് ഓഫ് യൂനിയൻ ആഘോഷം.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡൻറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, അൽഐൻ റീജ്യൻ റൂളേഴ്സ് പ്രതിനിധി ശൈഖ് താഹനൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ, അൽ ഗർബിയ റൂളേഴ്സ് പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ പ്രസിഡൻറിെൻറ ഉപദേഷ്ടാവും കാമൽ റേസിങ് ഫെഡറേഷൻ പ്രസിഡൻറും സായിദ് ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ആൽ നഹ്യാൻ എന്നിവർ മാർച്ച് വീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും എത്തിയിരുന്നു.
ഫർസാൻ വ്യോമാഭ്യാസ പ്രകടനം, അശ്വാഭ്യാസ പ്രകടനം, കുതിരപ്പന്തയം, ഫാൽക്കൺ പ്രകടനം, കരിമരുന്നു പ്രയോഗം എന്നിവയും അകമ്പടിയായി.
ഇമറാത്തി ഭക്ഷണങ്ങളും കലാസാംസ്കാരിക പരിപാടികളുമായി നടക്കുന്ന സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ ജനുവരി 26 വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.