മനാമ; ഇവിടത്തെ മഞ്ഞാണ് മഞ്ഞ്

ഷാര്‍ജ: ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകള്‍ക്കിടയില്‍ മലയാളനാടിനെ ഓര്‍മപ്പെടുത്തുന്നൊരു മലയോരമേഖലയുണ്ട് അജ്മാന്. പപ്പായയും ചെറുനാരങ്ങയും ചെറുതേനും സുലഭമായി ലഭിക്കുന്ന മനാമ. ചെറു പട്ടണമെങ്കിലും കാര്‍ഷിക പ്രാധാന്യം മൂലം അജ്മാന്‍െറ ‘ഉദരം’ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ദൈദ്-മസാഫി റോഡിലെ മനാമ റൗണ്ടെബൗട്ടില്‍ നിന്ന് റാസല്‍ഖൈമ ഭാഗത്തേക്ക് പോകുമ്പോഴാണ് മനാമയുടെ തുടക്കം. കുറച്ച് പിന്നിടുമ്പോള്‍ പഴയ ജീപ്പുകളെ തലയിലേറ്റി നില്‍ക്കുന്നൊരു മലകാണാം. ചെങ്കല്ലുപുതച്ച മലയില്‍ നാലു പഴയ ജീപ്പുകള്‍. യു.എ.ഇയുടെ ദേശീയ പതാകയിലെ നാലു നിറങ്ങളിലുള്ള ജീപ്പുകളാണവ. ദേശീയ ദിനാഘോഷ വേളയില്‍ ആരോ പ്രതിഷ്ഠിച്ചതാവാം. മഞ്ഞ് വരുമ്പോള്‍ ഇതില്‍ വസിക്കുന്ന തുന്നാരം കിളികള്‍ക്ക് ആഘോഷം. മരങ്ങളും പുല്‍മേടുകളും നിറഞ്ഞ് നില്‍ക്കുന്ന കേരളത്തിലെ മലകള്‍ മനസിലത്തെും ഇതു കാണുമ്പോള്‍. എന്നാല്‍ ഇഴജന്തുക്കളുടെ സാന്നിധമുണ്ട്. മനാമയോട് ചേര്‍ന്ന് കിടക്കുന്ന ഫുജൈറയുടെ ഭാഗത്തിന്‍െറ പേരു തന്നെ തൗബാന്‍ (പാമ്പ്) എന്നാണ്. മലമുകളിലെങ്ങും കുറുക്കന്‍മാരുടെ വാസമുണ്ട്. കോടമഞ്ഞ് ശക്തമാകുന്ന സമയത്ത് പാതവിളക്കുകളും ആകെയുള്ള രണ്ട് സിഗ്നലുകളും മഞ്ഞില്‍ മറയും. ഇലന്ത,ഗാഫ് മരങ്ങളും നിറഞ്ഞ മേഖലയും മനാമയിലുണ്ട്. റോഡില്‍ നിന്ന് മനാമയുടെ അകത്തേക്ക് കടന്നാല്‍ കാര്‍ഷിക-ക്ഷീര മേഖലയാണ്. കച്ചവടക്കാരിലധികവും മലയാളികള്‍. മലയിലെങ്ങും പണ്ട് കാലത്തെ ഗുഹകള്‍ കാണാം. നഗരസഭ കാര്യാലയവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.ടുഷ്യല്‍ സ്റ്റേറ്റുകളുടെ കാലത്ത് തന്നെ മനാമ പ്രസിദ്ധമായിരുന്നു. 1964 കാലങ്ങളില്‍ ബ്രിട്ടന്‍ പുറത്തിറക്കിയ സ്റ്റാമ്പുകളില്‍ ഈ മലയോര മേഖല സ്ഥാനം പിടിച്ചിട്ടുണ്ട്. ഒന്‍പത് തരം സ്റ്റാമ്പുകളാണ് മനാമയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയത്. ഈയടുത്ത കാലത്ത് മനാമയുടെ പേര് ഒൗദ്യോഗികമായി മാറിയിട്ടുണ്ട്. യമനില്‍ സൈനീക സേവനത്തിനിടയില്‍ വീരമൃത്യു വരിച്ച യു.എ.ഇ. സൈനികരുടെ ഓര്‍മക്ക് ‘മാര്‍ടിയേഴ്സ് സ്ട്രീറ്റ്’ (രക്തസാക്ഷിത്തെരുവ്) എന്നപേരാണ് ഇപ്പോള്‍ രേഖകളില്‍. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് ആല്‍ നുഐമിയുടെ നിര്‍ദേശ പ്രകാരം അജ്മാന്‍ നഗരസഭ, ആസൂത്രണ വകുപ്പ് എന്നിവ ചേര്‍ന്നാണ് പേരുമാറ്റം നടപ്പാക്കിയത്. മനാമയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ഭരണാധികാരി ഉത്തരവിട്ടിട്ടുണ്ട്. അധികം ഉയരമില്ലാത്ത കെട്ടിടങ്ങളുടെ ഒറ്റപ്പെട്ട് നില്‍ക്കുന്ന കടകളുമാണ് മനാമയുടെ അകത്തേക്ക് പോകുംതോറും കാണാനാകുക. റോഡിലേക്ക് ആടും കോഴിയും യഥേഷ്ടം ഇറങ്ങി വരും. കഴുതകള്‍ അങ്ങിങ്ങ് ആലോചിച്ച് നില്‍ക്കുന്നത് കാണാം. മഴ പെയ്യാന്‍ കാത്ത് നില്‍ക്കുന്ന തോടുകളുമുണ്ട് മനാമയില്‍.

News Summary - manama tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.