ഇല്ലായ്മയില്‍നിന്ന് സൃഷ്ടിക്കുന്ന ഉണ്‍മയാണ്  സാഹിത്യം -സുഭാഷ് ചന്ദ്രന്‍

അബൂദബി: ഇല്ലായ്മയില്‍നിന്ന് സൃഷ്ടിക്കുന്നതാണ് സാഹിത്യമെന്ന് പ്രശസ്ത സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. അത്തരം സൃഷ്ടികള്‍ക്ക് സൃഷ്ടികര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ അംഗീകാരം ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യാം. സത്യവും നുണയും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലമാണ് കഥ എന്ന നിര്‍വചനം തനിക്ക് ഇഷ്ടപ്പെട്ടതാണ്. അനുഭവങ്ങളില്‍നിന്ന് കഥകള്‍ രൂപപ്പെടുത്താറുണ്ടെങ്കിലും എല്ലാ അനുഭവങ്ങളും ഇങ്ങനെ രൂപപ്പെടുത്താനാവില്ല. കൊള്ളലും തള്ളലുമടങ്ങിയ സ്വകാര്യ നരകം എഴുത്തുകാരന്‍െറ ജീവിതത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സോഷ്യല്‍ സെന്‍ററും (കെ.എസ്.സി) ശക്തി തിയറ്റേഴ്സും ചേര്‍ന്ന് കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒ.എന്‍.വി-അഴീക്കോട് അനുസ്മരണ പരിപാടിയുടെ രണ്ടാം ദിനത്തില്‍ കെ.എസ്.സിയില്‍ നടന്ന കഥാകാരന്മാരോടൊപ്പം എന്ന പരിപാടിയില്‍  ‘കഥയുടെ പ്രകൃതങ്ങള്‍’ വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സുഭാഷ് ചന്ദ്രന്‍. വെള്ളിയാഴ്ച ഉച്ചക്ക് നടന്ന കഥാകാരന്മാരോടൊപ്പം പരിപാടി വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. ജീവിതാനുഭവങ്ങളാണ് കഥയായി മാറുന്നതെന്ന് വൈശാഖന്‍ പറഞ്ഞു. ഇ.പി. രാജഗോപാലന്‍ ആമുഖ പ്രഭാഷണം നടത്തി. എം. നന്ദകുമാര്‍, അഷ്റഫ് പെങ്ങാട്ടയില്‍, സലിം അയിനത്തേ്, പി. മണികണ്ഠന്‍, ഷാജഹാന്‍ മാടമ്പാട്ട്, കെ.എം.അബ്ബാസ്, മുരളി മീങ്ങോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഇ.പി. രാജഗോപാലന്‍, പി. ഭാസ്കരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. 
വെള്ളിയാഴ്ച രാവിലെ നടന്ന കവിത ക്യാമ്പ് മുന്‍ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ മുഖ്യാതിഥിയായിരുന്നു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ എരുമേലി പരമേശ്വരന്‍ പിള്ള അനുസ്മരണം നടത്തി. ‘കവിതയുടെ ജീവന്‍’ വിഷയത്തില്‍ സാഹിത്യ നിരൂപകന്‍ ഇ.പി. രാജഗോപാലന്‍ പ്രഭാഷണം നടത്തി. സോഫിയ ജമാല്‍, കമറുദ്ദീന്‍ ആമയം, ടി.എ. ശശി, സര്‍ജു ചാത്തന്നൂര്‍, അബൂബക്കര്‍ അല്‍ഐന്‍ എന്നിവര്‍ പങ്കെടുത്തു. 
ശനിയാഴ്ച രാത്രി എട്ടിന് അബൂദബി മലയാളി സമാജത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍, മുഖ്യാതിഥിയായിരിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍, ഇ.പി. രാജഗോപാലന്‍, നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

News Summary - literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.