ഗൾഫ് നാടുകളിൽ ചൂടേറിക്കൊണ്ടിരിക്കയാണ്. മേയ്, ജൂൺ മാസങ്ങളിൽ പതിയെപ്പതിയെ ശക്തിപ്പെടുന്ന ചൂട് സെപ്റ്റംബർ വരെ തുടരും. എന്നാൽ ഗൾഫിന്റെ മരുഭൂമി ചുട്ടുപൊള്ളുമ്പോൾ ഒരിടത്ത് മാത്രം ശരത്കാല കുളിർ കാറ്റ് വീശിയടിക്കും. മഴനൂലുകൾ ദിവസങ്ങളോളം അവിടെ പെയ്തിറങ്ങും. ആസ്വാദ്യകരമായ തണുപ്പ് എങ്ങും നിറയും. ഭൂമി പച്ചപ്പണിയും, അരുവികൾ നിറഞ്ഞൊഴുകും. അത് പ്രകൃതി ദോഫാർ എന്ന ഒമാൻ പ്രദേശത്തിന് നൽകിയ വരദാനമാണ്. സലാലയടക്കമുള്ള പട്ടണങ്ങളടങ്ങിയ ഇവിടേക്ക് മറ്റു അറബ് രാജ്യങ്ങളിൽ നിന്നും 'ഖരീഫ്' എന്ന പേരിലറിയപ്പെടുന്ന മൺസൂൺ കാലത്ത് സന്ദർശകരുടെ ഒഴുക്കാണ്. കഴിഞ്ഞ രണ്ടുവർഷം കോവിഡിന്റെ നിയന്ത്രണങ്ങൾ കാരണമായി സീസണിൽ സന്ദർശനം ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി നടത്തുന്നത്.
ഖരീഫിനോടനുബന്ധിച്ച മഴക്കാല സീസൺ സാധരാണഗതിയിൽ ജൂണിൽ ആരംഭിച്ച് സെപ്റ്റംബർ വരെയുണ്ടാകാറുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഓരോ സീസണിലും എത്താറുള്ളത്. ദോഫാർ ഗവർണറേറ്റിന്റെ വിവിധ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. 2019ൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 7.5ലക്ഷം സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയിരുന്നത്. ഖരീഫ് സീസണിനോടനുബന്ധിച്ച ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന സലാല ടൂറിസം ഫെസ്റ്റിവെലിന്റെ ആഘോഷ പരിപാടികൾ ഈ വർഷം വിവിധ ഇടങ്ങളിലാണ് നടക്കുക.
ഇത്തീനിലെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നിരുന്ന പരിപാടികൾ, പാർക്കുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷവും മുടങ്ങി കിടന്നിരുന്ന ഫെസ്റ്റിവെല്ലാണ് വികേന്ദ്രീകൃത സ്വഭാവത്തിൽ ഈ വർഷം നടത്തുന്നത്. കോവിഡിന്റെ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉള്ളതിനാൽ ഈ വർഷം സലാലയിലേക്കും മറ്റും കൂടുതൽ രാജ്യത്ത് നിന്നും പുറത്തു നിന്നുമായി കൂടുതൽ ആളുകൾ എത്തുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. നല്ല ഭക്ഷ്യവിഭവങ്ങൾ ലഭ്യമാണെന്നതും ഖരീഫ് സീസണിൽ ദോഫാറിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്.
പ്രധാന ആകർഷണ കേന്ദ്രങ്ങൾ വാദി ദർബാത്
ദോഫാറിലെ ഏറ്റവും മനോഹരമായ വാദികളിൽ ഒന്നാണ് വാദി ദർബാത്. ഖരീഫ് സമയത്ത് ഇവിടം ഹരിതാഭമായി മാറും. മനോഹരമായ ഒരു വലിയ തടാകം, വെളുത്ത മൂടൽമഞ്ഞ് നിറഞ്ഞ പച്ച മലകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ഇവിടെയുണ്ട്. തടാകത്തിലൂടെ സന്ദർശകർക്ക് ബോട്ട് യാത്രക്ക് സൗകര്യമുണ്ട്.
അൽ മുഗ്സൈൽ ബീച്ച്
സലാലയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്നവർ കാണേണ്ട സ്ഥലമാണ് അൽ മുഗ്സൈലിലെ ബീച്ച്. സലാലയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നാണിത്. പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ ബീച്ച്. നീലക്കടലും വെളുത്ത മണലും നിറഞ്ഞ ഈ നീണ്ട ബീച്ചിന് ഇരുവശങ്ങളിലും പർവതങ്ങളുണ്ട്.
സലാലയിലെ നീരുറവകൾ
മലനിരകളിലും പരിസരങ്ങളിലുമായി 360ലധികം പ്രകൃതിദത്ത നീരുറവകൾ ദോഫാറിനുണ്ട്. ഇവയിൽ ഏറ്റവും മനോഹരവും ജനപ്രിയവുമായവ ഐൻ അർസാത്, ഐൻ സഹ്ൽനൂത്, ഐൻ ഹംറാൻ, ഐൻ ഹർസീസ് ഇവയാണ് കൂട്ടത്തിൽ പ്രധാനപ്പെട്ടത്.
യു.എ.ഇയിൽനിന്ന് യാത്ര എങ്ങനെ
യു.എ.ഇയിൽ നിന്ന് കരമാർഗവും വിമാനമാർഗവും സലാലയിലേക്ക് യാത്ര ചെയ്യാം. ദുബൈയിൽ നിന്ന് രണ്ട് മണിക്കൂറോളം സമയം മാത്രമാണ് വിമാനയാത്രക്ക് ആവശ്യമായുള്ളത്. എന്നാൽ വഴിയിലെ കാഴ്ചകൾ കൂടി ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റോഡ് വഴിയാണ് ഉത്തമം. ദുബൈയിൽ നിന്ന് സലാലയിലേക്ക് 1,281കി.മീറ്ററാണ് റോഡ് ദൂരം. സാധാരണ 12മണിക്കൂർ നേരമാണ് യാത്രക്ക് വേണ്ടി വരിക. ദുബൈയിൽ നിന്ന് റോഡ് മാർഗം ഏറ്റവും വേഗതയേറിയ മാർഗം റൂട്ട്-31 വഴിയാണ്. ദുബൈ-അൽ ഐൻ റോഡി(E66)ലൂടെയാണ് ഈ യാത്ര. ഒമാൻ വിസ ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷിച്ചാൽ മതിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.