‘ജബൽ ദീം’ കാർഷിക ഉൽപന്നങ്ങൾ

‘ജബൽ ദീം’ കാർഷിക ഉൽപന്നങ്ങൾ പുറത്തിറക്കി കൽബ മുനിസിപ്പാലിറ്റി

ഷാർജ: ‘ജബൽ ദീം’ കാർഷിക ഉൽപന്നങ്ങൾ കൽബയിലെ അൽ ജുബൈൽ മാർക്കറ്റിൽ ആദ്യമായി വിപണിയിലെത്തിച്ചതായി കൽബ മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സഈദ് അൽ മസ്റൂയി അറിയിച്ചു. ഷാർജ ഇനിഷ്യേറ്റീവ്സ് ഇംപ്ലിമെന്‍റേഷൻ അതോറിറ്റിയുമായി (മുബാദര) സഹകരിച്ചാണ്​ കൽബ മുനിസിപ്പാലിറ്റി ഇത്​ യാഥാർഥ്യമാക്കിയത്​.

ജബൽ ദീമിൽ ഒലീവ്, മുന്തിരി എന്നിവ കൃഷി ചെയ്യുന്നതിനും എമിറേറ്റിലെ കാർഷിക മേഖലയുടെ പുരോഗതിക്ക്​ ദീർഘവീക്ഷണത്തോടെ നൽകിയ നേതൃത്വത്തിനും ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയോട് അദ്ദേഹം നന്ദി പറഞ്ഞു. അദ്ദേഹത്തിന്‍റെ അചഞ്ചല പിന്തുണയുടെ ഫലമാണ്​ ഈ നേട്ടമെന്നും കൂട്ടിച്ചേർത്തു.

ഉയർന്ന ഗുണനിലവാരമുള്ള പ്രാദേശിക ഉൽപന്നങ്ങൾ വാങ്ങാൻ സ്വദേശികളും സന്ദർശകരും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം വിപണിയിലെത്തിയതായി അൽ മസ്റൂയി പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 850 മീറ്റർ ഉയരത്തിൽ, കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയിൽ വിളവെടുത്ത മുന്തിരിയും ഒലീവ് അച്ചാറുമാണ് ഒന്നാം ഘട്ടത്തിൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്. മികച്ച ഗുണനിലവാരവും ഉയർന്ന പോഷകഗുണവുമുള്ളവയാണ് ഇവ.

ഈ ഉൽപന്നങ്ങൾ പ്രാദേശിക റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ എത്തിക്കാൻ സഹായിച്ച ഷാർജ ഇനിഷ്യേറ്റിവ്സ് ഇംപ്ലിമെന്‍റേഷൻ അതോറിറ്റി (മുബാദര) ചെയർമാൻ ഡോ. എഞ്ചിനീയർ സലാ ബിൻ ബുട്ടി അൽ മുഹൈരിയുടെ പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു. വരും ദിവസങ്ങളിൽ ഒലീവ് ഓയിൽ, ആപ്പിൾ തുടങ്ങിയ കൂടുതൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ പദ്ധതിയുണ്ടെന്നും അൽ മസ്റൂയി വെളിപ്പെടുത്തി.

Tags:    
News Summary - Kalba Municipality launches ‘Jabal Deem’ agricultural products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.