ഇന്ത്യ-പാക്​ മത്സരം​​: സെൽഫി സ്റ്റിക്ക് മുതൽ പടക്കങ്ങൾ വരെ ​സ്​റ്റേഡിയത്തിൽ വേണ്ട

ദുബൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യകപ്പ്​ ക്രിക്കറ്റിലെ ഞായറാഴ്ചത്തെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന്​ മുന്നോടിയായി സുരക്ഷ ​മുന്നൊരുക്കം പൂർത്തിയാക്കിയതായി ദുബൈ ഈവന്‍റ്​സ്​ സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു.

മൽസരങ്ങൾ ഏറ്റവും സുരക്ഷിതമായി നടത്താൻ പൊലീസ്​ പൂർണമായും സജ്ജമാണെന്ന്​ അറിയിച്ച അധികൃതർ, സ്​റ്റേഡിയത്തിലെ സുരക്ഷ ലംഘനങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ആരാധകർക്ക്​ സ്​റ്റേഡിയത്തിലേക്ക്​ കൊണ്ടുവരാൻ നിരോധമുള്ള വസ്തുക്കളുടെ പട്ടികയും പൊലീസ്​ പുറത്തിറക്കിയിട്ടുണ്ട്​.

മത്സരത്തിന്​ മൂന്ന്​ മണിക്കൂർ മുമ്പ്​ തന്നെ സ്​റ്റേഡിയത്തിലേക്ക്​ പ്രവേശനം നൽകുമെന്നും അംഗീകൃത ടിക്കറ്റുള്ളവർക്ക്​ മാത്രമാണ്​ പ്രവേശനം അനുവദിക്കൂവെന്നും അധികൃതർ വ്യക്​തമാക്കി. മത്സരം ആരംഭിക്കുന്നത്​ വൈകുന്നേരം 6.30നാണ്​. ഇതനുസരിച്ച്​ 3.30 മുതൽ സ്​റ്റേഡിയത്തിലേക്ക്​ പ്രവശേനം ലഭിക്കും.

സ്​റ്റേഡിയത്തിൽ നിയമപരമല്ലാതെ പ്രവേശിക്കുന്നവർക്കും പടക്കം അടക്കമുള്ള നിരോധിത ഉൽപന്നങ്ങൾ കൊണ്ടുവരുന്നവർക്കും ശക്​തമായ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്ന്​ ദുബൈ പൊലീസ്​ അസി. കമാൻഡർ ഇൻ ചീഫ്​ ഫോർ ഓപറേഷൻസ്​ മേജർ ജനറൽ സൈഫ്​ മഹ്​ർ അൽ മസ്​റൂയി പറഞ്ഞു.

ഇത്തരക്കാർക്ക്​ ഫെഡറൽ നിയമമനുസരിച്ച്​ മൂന്നുമാസം വരെ തടവും 5,000 ദിർഹത്തിൽ കുറയാത്ത, 30,000 ദിർഹം വരെ പിഴയും ചുമത്തും. അതോടൊപ്പം അക്രമം പ്രവർത്തിക്കുകയോ കാഴ്ചക്കാർക്ക്​ നേരെയോ മൈതാനത്തേക്കോ വസ്തുക്കൾ എറിയുകയോ ചെയ്യുക, അധിക്ഷേപകരമോ വംശീയമോ ആയ പ്രയോഗങ്ങൾ നടത്തുക എന്നിവക്കും തടവും 10,000 ദിർഹം മുതൽ 30,000 ദിർഹം വരെ പിഴയും ചുമത്തും.

റി​മോട്ട്​ നിയന്ത്രിത ഉപകരണങ്ങൾ, മൃഗങ്ങൾ, നിയമവിരുദ്ധവും വിഷമയവുമായ പദാർഥങ്ങൾ, പവർ ബാങ്ക്​, പടക്കങ്ങൾ, ലേസർ പോയിന്‍റുകൾ, ഗ്ലാസ്​ വസ്തുക്കൾ, സെൽഫി സ്റ്റിക്ക്​, മോണോപോഡ്​സ്​, കുടകൾ, മൂർച്ചയുള്ള ഉപകരണങ്ങൾ, പുകവലി, പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും, കൊടികളും ബാനറുകളും എന്നിവയാണ്​ സറ്റേഡിയത്തിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ. അലക്ഷ്യമായി പാർക്കിങ്​ ഒഴിവാക്കണമെന്നും റീ എൻട്രി അനുവദിക്കില്ലെന്നും അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - India-Pakistan match: From selfie sticks to firecrackers, no items allowed in stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.