ഇഫ്താര്‍ സമയമറിയിച്ച് ഇത്തവണയും പീരങ്കികള്‍ മുഴങ്ങും

ഷാര്‍ജ: ഇഫ്താര്‍ സമയമറിയിച്ച് ഷാര്‍ജയിലെ പ്രധാന ഭാഗങ്ങളില്‍ നിന്ന് ഇത്തവണയും പീരങ്കികള്‍ മുഴങ്ങും. ഗതാകാല സ്മൃതികളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതോപ്പം സാങ്കേതിക വിദ്യയുടെ കുതിച്ച് കയറ്റത്തിന് മുമ്പ് ദേശപെരുമ കാത്ത് പോന്നിരുന്ന ആചാരങ്ങളെ നില നിറുത്തുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 

യു.എ.ഇയുടെ ജനനത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഷാര്‍ജയിലാണ് പീരങ്കി ഉപയോഗിച്ചുള്ള ഇഫ്താര്‍ സമയമറിയിക്കല്‍ നിലവില്‍ വന്നത്. 1803 മുതല്‍ 1866 വരെ ഷാര്‍ജ ഭരിച്ചിരുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ സാഖര്‍ ആല്‍ ഖാസിമിയുടെ ഭരണ കാലത്തായിരുന്നു ഇത്. ജനങ്ങള്‍ക്ക് ഇന്നത്തെ പോലെ ബാങ്ക് വിളി കേള്‍ക്കാനുള്ള സൗകര്യം അന്നില്ലായിരുന്നു. പള്ളികളും എണ്ണത്തില്‍ കുറവായിരുന്നു. നോമ്പ് തുറ സമയമറിയിക്കാന്‍ ഇതല്ലാതെ മറ്റ് വഴിയില്ലായിരുന്നു. അന്ന് ഷാര്‍ജയുടെ പ്രധാന വരുമാനം മുത്ത് വാരലും മത്സ്യബന്ധനവുമായിരുന്നു. ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരെ കൃത്യമായി ഇഫ്താര്‍ സമയമറിയിക്കാന്‍ ഭരണാധികാരികളുടെ മനസ്സില്‍ തെളിഞ്ഞ ആശയമായിരുന്നു ഇതെന്നും പറയപ്പെടുന്നു.

ഒമാന്‍ വരെ വ്യാപിച്ച് കിടക്കുന്ന ഷാര്‍ജയുടെ പല ഭാഗങ്ങളിലും ഇത്തരം പീരങ്കികള്‍ ഇഫ്താര്‍ സമയമറിയിക്കാന്‍ വെക്കുക പതിവായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഇന്നും അത് മുടങ്ങാതെ പിന്തുടരുകയാണ് ഷാര്‍ജക്കാര്‍. ഇപ്പോള്‍ എമിറേറ്റി​​​െൻറ 12 പ്രധാന ഭാഗങ്ങളിലാണ് പീരങ്കികള്‍ സ്ഥാപിക്കുന്നത്. അല്‍ ഫലാജ് ഭാഗത്തെ കള്‍ചര്‍ പാലസ് റൗണ്ടെബൗട്ട്, ജറീന ഭാഗത്തെ അല്‍ സാരി മസ്ജിദ്, ബുഹൈറ കോര്‍ണിഷിലെ അല്‍ നൂര്‍ മസ്ജിദ്, തലാ പള്ളി, മിര്‍ഖാബ് ഭാഗത്തെ ബറാ ബിന്‍ അസീബ് മസ്ജിദ്, അല്‍ ബാദിയ ഈദ് ഗാഹ് പരിസരം, അല്‍ഖാനിലെ അല്‍ ഹുദ പള്ളി, ഖോര്‍ഫുക്കാന്‍ കോര്‍ണിഷിലെ അല്‍ ബുഹാരി മസ്ജിദ്, കല്‍ബയിലെ താരിഫ് മസ്ജിദ്, ഹിസന്‍ ദിബ്ബയിലെ ശൈഖ് റാശിദ് ബിന്‍ അഹ്മദ് ആല്‍ ഖാസിമി പള്ളി, ദൈദിലെ പൊലീസ് സ്റ്റേഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് പീരങ്കി സ്ഥാപിക്കുന്നത്. പൊലീസുകാരുടെ മേല്‍നോട്ടത്തിലാണ് പീരങ്കി പൊട്ടിക്കുന്നത്. 

പൊട്ടിക്കുന്നത് കാണാനത്തെുന്നവര്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ നല്‍കിയാണ് പൊലീസുകാര്‍ സല്‍ക്കരിക്കുക. 1912 മുതല്‍ 1958 വരെ ദുബൈ ഭരിച്ചിരുന്ന ശൈഖ് സായിദ് ആല്‍ മക്തൂമിന്‍െറ കാലത്താണ് ദുബൈയില്‍ നോമ്പ് തുറ സമയമറിയിക്കാന്‍ പീരങ്കി ശബ്ദിച്ച് തുടങ്ങിയത്. 1960ല്‍ ഈ ദൗത്യം ദുബൈ പൊലീസ് ഏറ്റെടുത്തു. ഇന്നും പൊലീസാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

Tags:    
News Summary - iftar announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.