ദുബൈ: ഉപഭോക്താക്കൾക്ക് സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകൾ സൗകര്യപ്രദമായ രീതിയിൽ ഘഡുക്കളായി അടക്കാൻ സൗകര്യമൊരുക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി(ഐ.സി.പി). ‘ദ അതോറിറ്റി അറ്റ് യുവർ സർവീസ്’ എന്ന പേരിലാണ് പുതിയ സംവിധാനം ആരംഭിച്ചിട്ടുള്ളത്.
ജൈടെക്സ് ഗ്ലോബൽ 2025ന്‍റെ ഭാഗമയാണ് പദ്ധതി പ്രഖ്യാപിച്ചത്. യു.എ.ഇയുടെ സാമൂഹിക വർഷാചരണത്തിന്‍റെ ഭാഗമയാണ് താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതും സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കുന്നതുമായ പദ്ധതി ആവിഷ്കരിച്ചത്. സംരംഭത്തിന്‍റെ ആദ്യഘട്ടത്തിൽ 10ബാങ്കുകൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
ബാങ്കുകളുടെ ക്രഡിറ്ററ് കാർഡ് ഉപയോഗിച്ച് 500 ദിർഹമോ അതിൽ കൂടുതലോ ഉള്ള ഫീസുകൾ മൂന്നുമുതൽ 12വരെ ഘഡുക്കളായി അടക്കാവുന്നതാണ്. ഈ സേവനത്തിന് പലിശ ഈടാക്കുകയുമില്ല. ഫസ്റ്ററ് അബൂദബി ബാങ്ക്, അബൂദബി ഇസ്ലാമിക് ബാങ്ക്, അബൂദബി കൊമേഴ്ഷ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി, കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് ദുബൈ, ഷാർജ ഇസ്ലാമിക് ബാങ്ക്, മഷ്രിഖ് ബാങ്ക്, റാക് ബാങ്ക്, കൊമേഴ്ഷ്യൽ ഇന്‍റർനാഷണൽ ബാങ്ക് എന്നിവയാണ് പദ്ധതിയുടെ ഭാഗമായ ബാങ്കുകൾ.
സാങ്കേതിക മുന്നേറ്റത്തിന് അനുസരിച്ച് പുതിയ സാമ്പത്തിക ഇടപാട് രീതികൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു. ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറക്കാനും കാര്യക്ഷമമായ രീതിയിൽ ചിലവുകൾ നടത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് സേവനം ലഭിക്കുന്നതിന് ബാങ്കുകളുടെ കാൾ സെന്‍ററുകളുമായി ബന്ധപ്പെട്ടും മറ്റു സേവന ചാനലുകൾ വഴിയും ആവശ്യപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.