ഗ്ലോബൽ വില്ലേജിലെ ‘ക്ലോസർ ടു യൂ’ സംരംഭത്തിന്റെ പ്ലാറ്റ്ഫോം ലഫ്: ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി സന്ദർശിക്കുന്നു
ദുബൈ: പൊതുജനങ്ങളുമായി നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഗ്ലോബൽ വില്ലേജിൽ നടപ്പിലാക്കിയ ‘ക്ലോസർ ടു യൂ’ സംരംഭം ശ്രദ്ധേയമാകുന്നു. ജനുവരി അഞ്ചിന് ആരംഭിച്ച സംരംഭം ഫെബ്രുവരി അഞ്ചുവരെ തുടരും.
സംരംഭത്തിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിൽ ഒരുക്കിയ പ്രത്യേക പ്ലാറ്റ്ഫോം ജി.ഡി.ആർ.എഫ്.എയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ ഉപമേധാവി മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗ്ലോബൽ വില്ലേജിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ദുബായ് ഹോൾഡിങ് എന്റർടെയിൻമെന്റിന്റെ സീനിയർ വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) സൈന ഡാഗറും സന്ദർശനത്തിൽ പങ്കെടുത്തു.
ഗ്ലോബൽ വില്ലേജിലെ ‘ക്ലോസർ ടു യൂ’ പ്ലാറ്റ്ഫോമിന് സന്ദർശകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരിട്ട് സേവനങ്ങൾ ലഭ്യമാക്കുകയും പ്രത്യേക ടീമുകളുമായി സംവദിക്കാനും സംശയങ്ങൾ ഉന്നയിക്കാനും പൊതുജനങ്ങൾക്ക് അവസരം ഒരുക്കുകയും ചെയ്യുന്ന ഈ സംരംഭം സമൂഹ ശ്രദ്ധ നേടുകയാണ്.
പ്രത്യേകിച്ച് ഗോൾഡൻ വിസ സേവനങ്ങൾക്കും സ്മാർട്ട് കൊറിഡോർ - റെഡ് കാർപെറ്റ് സേവനങ്ങൾക്കും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ സേവന വിഭാഗങ്ങളിലൂടെ കൃത്യമായ വിവരങ്ങളും വ്യക്തമായ മറുപടികളും തുറന്ന, സൗഹൃദപരമായ അന്തരീക്ഷത്തിൽ ലഭ്യമാകുന്നത് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് സഹായകമായി. ഇതുവഴി പൊതുജന വിശ്വാസം കൂടുതൽ ശക്തിപ്പെടുകയും ജി.ഡി.ആർ.എഫ്.എയുടെ ‘കസ്റ്റമർ ഫസ്റ്റ്’ സമീപനം കൂടുതൽ ഉറപ്പുവരുത്തപ്പെടുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.