ഷാര്‍ജ: കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാന്‍ നിജപ്പെടുത്തിയ ഇടങ്ങളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരെ കണ്ടത്തെുന്നതിനുള്ള പരിശോധന ഷാര്‍ജയില്‍ തുടരുന്നു. പലഭാഗത്തും കുടുംബങ്ങളോടൊപ്പം ബാച്ചിലര്‍മാര്‍ താമസിക്കുന്നത് കണ്ടെത്തുകയും അവരോട് മറ്റിടങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ പലരും പിഴയും അനുബന്ധ നടപടികളും ഭയന്ന് അനുവദനീയമായ ഇടങ്ങളിലേക്ക് മാറാന്‍ തുടങ്ങി. വ്യവസായ മേഖലയില്‍ നിരവധി കെട്ടിടങ്ങള്‍ ഉള്ളതിനാല്‍ താമസ സൗകര്യത്തിന് അലയേണ്ട ആവശ്യം ബാച്ചിലര്‍മാര്‍ക്കില്ല.
നടപ്പ് വര്‍ഷം ആദ്യത്തെ ആറുമാസം 6395 മുന്നറിയിപ്പുകളാണ് നഗരസഭ ഇത് വഴി നല്‍കിയത്. ഭവനനിയമങ്ങള്‍ ലംഘിച്ച് താമസിക്കുകയായിരുന്ന 1296 അപ്പാര്ട്ട്മെൻറുകളിലെ ജലവൈദ്യുത ബന്ധം അധികൃതര്‍ വിച്ഛേദിച്ചിരുന്നു. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഷാര്‍ജ നഗരസഭയിലെ ഓപ്പറേഷന്‍ ആന്‍ഡ് മുനിസിപ്പല്‍ പരിശോധന വിഭാഗം തലവന്‍ ഖലീഫ ആല്‍ സുവൈദി പറഞ്ഞു. വൈകുന്നേരങ്ങളിലാണ് പരിശോധനകള്‍ പ്രധാനമായും നടക്കുന്നത്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. വീഴ്ച്ച കണ്ടെത്തിയാല്‍ ചുരുങ്ങിയ പിഴ 500 ദിര്‍ഹമാണ്. വീണ്ടും ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുടുംബം താമസിക്കേണ്ട ഇടത്ത് 15, 20 ബാച്ചിലര്‍മാരാണ് താമസിക്കുന്നത്. ജൂലൈയില്‍ അല്‍ നഹ്ദയില്‍ നടത്തിയ പരിശോധനയില്‍ ഒരു അപ്പാര്‍ട്ട്മെൻറില്‍ 40 പേര്‍ താമസിക്കുന്നത് കണ്ടെത്തിയിരുന്നു. കുടുംബങ്ങള്‍ക്ക് മാത്രമായി വേര്‍തിരിച്ച താമസ മേഖലകളില്‍ തൊഴിലാളികള്‍ താമസിക്കാന്‍ അനുവാദമില്ല. എന്നാല്‍ എക്സിക്യൂട്ടിവ് ബാച്ചിലര്‍മാര്‍ക്ക് ഇത്തരം ഇടങ്ങളില്‍ താമസിക്കാവുന്നതാണ്. സാധാരണ തൊഴിലാളികള്‍ വ്യവസായ മേഖലകളിലാണ് താമസിക്കേണ്ടത്. ചില കുടുംബങ്ങള്‍ രേഖകള്‍ സമര്‍പ്പിച്ച് അപ്പാര്‍ട്ട്മെൻറുകള്‍ വാടകക്ക് എടുക്കുകയും പിന്നിട് കെട്ടിട ഉടമ അറിയാതെ ബാച്ചിലര്‍മാരെ താമസിപ്പിക്കുകയും ചെയ്യുന്നതായി അധികൃതര്‍ പറഞ്ഞു. തട്ടി കൂട്ടി വേര്‍ തിരിച്ച മുറികളില്‍ യാതൊരു ബന്ധവുമില്ലാത്ത സ്ത്രീയും പുരുഷനും താമസിക്കുന്നതും കണ്ടെത്തിയിരുന്നു. ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ 993 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ ഏത് സമയത്തും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.