വനിത അന്തേവാസികൾക്ക് കുടുംബങ്ങളെ ബന്ധപ്പെടാനുള്ള മൊബൈൽ കാർഡുകൾ
വിതരണം ചെയ്യുന്നു
ദുബൈ: ചെറിയ പെരുന്നാൾ ദിനത്തിൽ അൽ അവീറിലെ തടവുകാരുടെ കേന്ദ്രങ്ങളിൽ കാരുണ്യത്തിന്‍റെ സ്പർശമായി ദുബൈ ജി.ഡി.ആർ.എഫ്.എ. ഈദ് ദിനത്തിൽ പ്രിയപ്പെട്ടവരെ കൺകുളിർക്കെ കാണാനും സംസാരിക്കാനും അന്തേവാസികൾക്ക് ജി.ഡി.ആർ.എഫ്.എ അവസരമൊരുക്കി. ‘ഈദ് ഹോസ്പിറ്റാലിറ്റി’ എന്ന പേരിൽ നടപ്പിലാക്കിയ പദ്ധതിയിലൂടെ വിവിധ രാജ്യക്കാരായ നിരവധി പേർക്കാണ് കുടുംബങ്ങളുമായി വീഡിയോ കോളിൽ സംസാരിക്കാൻ സൗകര്യം ലഭിച്ചത്.
പെരുന്നാൾ പോലെയുള്ള ആഘോഷവേളകളിൽ കുടുംബത്തിന്‍റെ സാന്നിധ്യം ഏറ്റവും കൂടുതൽ കൊതിക്കുന്നവരാണ് തടവുകാർ. അവരുടെ മാനസികാവസ്ഥ മനസിലാക്കിയാണ് ജി.ഡി.ആർ.എഫ്.എ പ്രത്യേക വീഡിയോ കോൾ സൗകര്യം ഏർപ്പെടുത്തിയത്.
നേരിൽ കാണുന്ന പ്രതീതിയിൽ പ്രിയപ്പെട്ടവരോട് ഈദ് ആശംസകൾ പങ്കുവെക്കാൻ ഇതിലൂടെ കഴിഞ്ഞു. കൂടാതെ, നാട്ടിലേക്ക് വിളിക്കാൻ സൗജന്യ മൊബൈൽ ഫോൺ കാർഡുകളും വിതരണം ചെയ്തു. പ്രിയപ്പെട്ടവരിൽ നിന്ന് അകലെയാണെന്നുള്ള വിഷമം മറന്ന് ഹൃദയങ്ങൾ തമ്മിൽ അടുത്ത വൈകാരിക നിമിഷങ്ങൾക്കാണ് ഈദ് ദിനം സാക്ഷ്യം വഹിച്ചത്.
സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരിലേക്കും കാരുണ്യവും സ്നേഹവും എത്തിക്കാനുള്ള ദുബൈ ഭരണകൂടത്തിന്‍റെ പ്രതിബദ്ധതയുടെ നേർക്കാഴ്ചയാവുകയാണ് ഈ ഇടപെടൽ. ആഘോഷദിനങ്ങളിൽ ആരും ഒറ്റപ്പെടാൻ പാടില്ലെന്ന മാനവിക സന്ദേശം ഉയർത്തിപ്പിടിക്കുന്ന നീക്കം, ദുബൈയുടെ മനുഷ്യപ്പറ്റും കരുതലും കൂടുതൽ പ്രകടമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.