അറബ് പുരുഷന്മാരുടെ പരമ്പരാഗത വേഷമാണ് കന്തൂറ. കാലമെത്ര മാറിയാലും ഫാഷൻ എത്ര വന്നാലും കന്തൂറ വിട്ടൊരു കളി അവർക്കില്ല. കാറുകളെയും ബൈക്കുകളെയും 'ഫ്രീക്കന്മാരാക്കി' ദുബൈ വീഥികളിൽ അണിനിരത്തിയപ്പോഴും ഈ ശീലം മാറ്റമില്ലാതെ നിന്നു. വാഹനം എത്ര മോഡേൺ ആണെങ്കിലും ഓടിക്കുന്നയാൾ കന്തൂറ ധരിക്കണമെന്ന നിബന്ധനയോടെ നടന്ന റാലിയുടെ പേരും മറ്റൊന്നല്ല-കന്തൂറ റാലി. നൂറിലധികം സൂപ്പർ കാറുകളുകളും ബൈക്കുകളുമാണ് കന്തൂറ റാലിയിലൂടെ ദുബൈയിലെ വാഹനപ്രേമികളെ ഞെട്ടിച്ചത്.
ദുബൈ ഓട്ടോഡ്രോമിൽ നിന്നാരംഭിച്ച റാലിയിൽ അണിനിരന്നത് ചില്ലറക്കാരല്ല. ഹമ്മർ, മിനി കൂപ്പർ, പോർഷെ, മാസെറാറ്റി, മസ്റ്റാങ് എന്നിവയൊക്കെ റാലിയിൽ പങ്കെടുത്തു. പൂർണമയാും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഹമ്മർ ആയിരുന്നു റാലിയിലെ താരം. ഫ്യൂച്ചർ മ്യൂസിയം, മെയ്ദാൻ പാലം തുടങ്ങി ദുബൈയിലെ ഐക്കണുകളൊക്കെ സന്ദർശിച്ച് സിലിക്കൺ ഒയാസിസിലെ ഡിജിറ്റൽ പാർക്കിലാണ് റാലി അവസാനിച്ചത്. അവിടെ 200ഓളം മോഡിഫൈ ചെയ്ത സൂപ്പർ കാറുകളും കഥകളുറങ്ങുന്ന ക്ലാസിക് കാറുകളും പ്രദർശിപ്പിച്ചിരുന്നു.
'ജോക്കർ' സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് യു.എ.ഇ സ്വദേശിയായ വലീദ് ഡിസൈൻ ചെയ്ത ഡോഡ്ജ് കാർ ഏറെ പേരെ ആകർഷിച്ചു. ലൈറ്റ് അടിക്കുമ്പോൾ ജോക്കറിന്‍റെ കണ്ണുകൾ തിളങ്ങുന്ന രീതിയിലാണ് വലീദ് കാർ ഒരുക്കിയത്. ബെസ്റ്റ് എയർബ്രഷ് കാർ അവാർഡും മോഡിഫൈഡ് സലൂൺ കാറ്റഗറിയിൽ ഒന്നാം സ്ഥാനവും ഈ കാർ നേടുകയും ചെയ്തു. യു.എ.ഇ സ്വദേശിയായ അബ്ദുല്ല മൂന്ന് വർഷമെടുത്ത് ഡിസൈൻ ചെയ്ത 'അവതാർ' കാറും ശ്രദ്ധ നേടി. ദുബൈ പൊലീസിന്‍റെ സൂപ്പർ കാറുകളും റാലിയിൽ അണിനിരന്നു. 25,000 ദിർഹത്തിന്‍റെ സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.