കാതോർക്കാം കളിയാരവങ്ങൾക്ക്​

2022ലെ ലോകകപ്പ് ഫുട്ബാൾ മാമാങ്കം ഖത്തറിലായിരിക്കും നടക്കുകയെന്ന് പ്രഖ്യാപനമുണ്ടായത് മുതൽ ഏറെ ആഹ്ലാദത്തിലായിരുന്നു സൗദി, യു.എ.ഇ, ബഹ്​റൈൻ, കുവൈത്ത്​, ഒമാൻ ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളും വിദേശികളുമായ ഫുട്ബാൾ പ്രേമികൾ. അതിനിടയിലാണ്​ ഉപരോധമുടലെടുത്തത്​. തൊട്ടയൽനാടായ ഖത്തറിൽ ലോകകപ്പ് ഫുട്ബാൾ നടക്കു​േമ്പാൾ നേരിൽകാണാൻ കഴിയില്ലെന്ന സങ്കടത്തിൽ മൂന്നര വർഷമായി കഴിഞ്ഞുകൂടിയിരുന്ന ഫുട്ബാൾ പ്രേമികളിപ്പോൾ ഇരട്ടി ആഹ്ലാദത്തിലാണ്​. ഇഷ്​ടതാരങ്ങളുടെയും ടീമുകളുടെയും മത്സരം നേരിൽ കാണാൻ അവർ ഒരുങ്ങിക്കഴിഞ്ഞു. കളിമുറ്റമുണരാൻ കാത്തിരിക്കുകയാണ്​ അവർ. നഷ്​ടപ്പെട്ടെന്നു കരുതിയ വലിയ ജീവിതസ്വപ്നത്തിന് വീണ്ടും ചിറകുമുളച്ചതി​െൻറ ആവേശമുണ്ട്​ കളിക്കമ്പക്കാരുടെ വാക്കുകളിൽ. ഫുട്ബാൾ പ്രേമികളായ സൗദി പ്രവാസികൾക്ക് സൗദിയും ഖത്തറും തമ്മിൽ പഴയ സൗഹൃദം വീണ്ടും തിരിച്ചുവന്നുവെന്ന വാർത്ത സന്തോഷ മധുരമാണ് നൽകുന്നതെന്ന് ജിദ്ദയിലെ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജനറൽ സെക്രട്ടറി ഷബീറലി ലാവ പറഞ്ഞു. കളി കാണാൻ ഖത്തറിലേക്ക് പോകുന്ന ആയിരങ്ങളോടൊപ്പം ജിദ്ദയിൽനിന്ന്​ നിരവധി സിഫ് കുടുംബങ്ങളുമുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഫുട്​ബാളി​െൻറ ലോക മാമാങ്കം ഖത്തറിൽ നടക്കുമ്പോൾ ജി.സി.സി രാജ്യങ്ങളിലെ പ്രവാസി മലയാളികൾ അത്യാവേശത്തിലാണെന്നും റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സൈഫു കരുളായി പറഞ്ഞു. നേരിട്ട് പോകാൻ കഴിയാത്തവർ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഒരുമിച്ചുകൂടി വലിയ സ്‌ക്രീനുകളിൽ പരമാവധി മത്സരങ്ങൾ ആവേശത്തോടെ കാണും. ശരിക്കും ഒരു ജി.സി.സി കാർണിവൽ ആയി ഖത്തർ ലോകകപ്പ്​ മാറും എന്നുതന്നെയാണ്​ പ്രതീക്ഷ. വിവിധ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സൗഹൃദ മത്സരങ്ങളും പ്രവചന മത്സരവുമൊക്കെയായി ആവേശത്തിന്​ തിരികൊളുത്തും.

സൗദി ഖത്തർ മഞ്ഞുരുക്കം സൗദിയിലെ പ്രവാസി കാൽപന്ത് സ്നേഹികൾക്ക് പുത്തൻ ആവേശമാണ് നൽകുന്നതെന്നും ഖത്തറിലെ മുന്നൊരുക്കങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയും മറ്റും കാണുമ്പോൾ മനസ്സിനകത്ത് വല്ലാത്തൊരു പിരിമുറുക്കവും നിരാശയുമായിരുന്നു ഉണ്ടായിരുന്നതെന്നും സൗദി ഇന്ത്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (സിഫ്കോ) ജനറൽ സെക്രട്ടറി മുജീബ് ഉപ്പട പറഞ്ഞു. യു.എ.ഇയിലെയും ബഹ്​റൈനിലെയും പ്രവാസി ഫുട്ബാൾ കൂട്ടായ്മകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ചൂടേറിയ ചർച്ചകൾ പൊടിപൊടിക്കുകയാണ്. കുവൈത്തിലെയും ഒമാനിലെയും ഫുട്​ബാൾ പ്രേമികൾ സ്​റ്റേഡിയത്തിലെത്താൻ നേരത്തേതന്നെ മനസ്സുറപ്പിച്ചിട്ടുണ്ട്​. മികച്ച മു​െന്നാരുക്കങ്ങളാണ് ഖത്തറിൽ കണ്ടുവരുന്നത്. ഖത്തർ ലോകകപ്പിനെ പൂർണമായി പിന്തുണക്കുമെന്ന് അൽ ഉല കരാറിൽ എല്ലാ ജി.സി.സി രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്​. ഖത്തർ ലോകകപ്പിനെ സംബന്ധിച്ചിടത്തോളം ദുബൈ വ്യേമയാന ഹബ് ഏറെ പ്രധാനമാണ്. ലോകകപ്പി​െൻറ വളൻറിയർമാരാകാൻ ഏറ്റവും കൂടുതൽ അപേക്ഷകൾ കിട്ടിയത് ഇന്ത്യയിൽനിന്നാണ്. ഇതിൽ കൂടുതലും മലയാളികളും.

മലയാളക്കരയിൽ ഏറ്റവും വലിയ ആരാധകരുള്ള ബ്രസീൽ, അർജൻറിന, ജർമനി, ഇറ്റലി, ഫ്രാൻസ് എന്നിവയുടെയും ഏഷ്യൻ രാജ്യങ്ങളുടെയും മത്സരം കാണാനായിരിക്കും ഏറെയും പ്രവാസി കാണികൾ ഉണ്ടാവുക. മെസ്സിയും റൊണാൾഡോയും സുവാരസും ഉൾപ്പെടെ നിരവധി ഇതിഹാസ താരങ്ങളുടെ അവസാന ലോകകപ്പ്​ ആയേക്കും ഒരുപക്ഷേ ഇത്തവണത്തേത്​. ഇഷ്​ടതാരങ്ങളെ നേരിൽ കാണാനും കളിയാരവത്തിൽ ലയിച്ചുചേരാനും കഴിയുന്നത് പ്രവാസി ഫുട്​ബാൾ ആരാധകരുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരേടായി മാറുമെന്നുറപ്പ്.

ലോകകപ്പിന്​ മുന്നോടിയായി വിവിധ രാജ്യങ്ങളിൽ കായിക ക്ലബുകളും വിപുലീകരണ പാതയിലാണ്​. യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിദേശികൾക്ക്​ തങ്ങളുടെ ടീമിൽ ഇടം നൽകും വിധത്തിൽ നിയമനിർമാണം തന്നെ നടത്തിയിട്ടുണ്ട്​. അവരുടെ ദേശീയ ടീമിലിപ്പോൾ മലയാളികൾ തിളങ്ങുകയും ചെയ്യുന്നു. ക്ലബുകളിലും കായിക അനുബന്ധ വ്യവസായങ്ങളിലും നിരവധി മലയാളികളാണ്​ ജോലി ചെയ്യുന്നത്​. ഇനിയുമൊ​ട്ടേറെ അവസരങ്ങൾ കിക്കോഫിനൊരുങ്ങി നിൽക്കുന്നുമുണ്ട്​.

(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.